നേവി സംഘവും സൈന്യത്തിന്റെ എന്‍ജിനിയറിങ് ഗ്രൂപ്പും വയനാട്ടിലേക്ക്; ഡോഗ് സ്‌ക്വാഡും എത്തും

കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ എൻജിനിയറിങ് ഗ്രൂപ്പ് എത്തുന്നു. മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പ് (MEG) ബെംഗളൂരുവിൽ നിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗം നടപ്പാക്കും.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിൻ്റെ കേരള - കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു
പോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.
ചൂരല്‍മല കേന്ദ്രീകരിച്ചാണ് പ്രധാനമായി രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ അഗ്നിരക്ഷാസേന ശ്രമം നടത്തുന്നു. ഫോണ്‍ സിഗ്നല്‍ കുറവായ വനപ്രദേശമായതുകൊണ്ടുതന്നെ രക്ഷാദൗത്യത്തിന് പോയവരുടെ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.
നേവി സംഘം എത്തും
രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവികസേനാസംഘം എത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് ലഭിക്കുക. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.
എൻ.ഡി.ആർ. എഫ്, ഫയർ ഫോഴ്സ്. പോലീസ് എന്നിവരുടെ സംഘം ദുരന്തസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. 101-ഓളം പേരെ രക്ഷിച്ചു. ഇതിൽ ആറു പേർ ഐ.സി.യുവിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. ബത്തേരി സെൻ്റ്. മേരീസ് എസ്. കെ.എം. ജെ സ്കൂൾ , എസ്.കെ.എജെ സ്കൂൾ കൽപ്പറ്റ എന്നിവിടങ്ങളിൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ഇരു ക്യാമ്പുകളിലും മെഡിക്കൽ സഘത്തെ വിന്യസിച്ചിട്ടുണ്ട്.
Content Highlights: army personel deployed for rescue operations in mundakkai and chooralmala landslide issue