5000 ലിറ്റര്‍ സംഭരണശേഷി, സദാസമയവും മലിനജലം; ടാങ്കിൽ മരിച്ചനിലയില്‍ കണ്ടെത്തിയത് മൂന്ന് തൊഴിലാളികളെ

അരീക്കോട് കളപ്പാറയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കോഴിമാലിന്യ സംസ്‌കരണപ്ലാന്റിനകത്തെ സംഭരണി(കറുപ്പുനിറത്തിലുള്ളത്, ഇടത്ത്) 
മരിച്ച ഹിതേഷിന്റെ സഹോദരന്‍ ബിറ്റപന്‍ ദുഃഖം സഹിക്കാനാകാതെ വിതുമ്പുന്നു(വലത്ത്) ഇന്‍സെറ്റില്‍ മരിച്ച വികാസ്‌കുമാര്‍, ഹിതേഷ് സരണിയ, സമദ് അലി
അരീക്കോട് കളപ്പാറയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കോഴിമാലിന്യ സംസ്‌കരണപ്ലാന്റിനകത്തെ സംഭരണി(കറുപ്പുനിറത്തിലുള്ളത്, ഇടത്ത്) മരിച്ച ഹിതേഷിന്റെ സഹോദരന്‍ ബിറ്റപന്‍ ദുഃഖം സഹിക്കാനാകാതെ വിതുമ്പുന്നു(വലത്ത്) ഇന്‍സെറ്റില്‍ മരിച്ച വികാസ്‌കുമാര്‍, ഹിതേഷ് സരണിയ, സമദ് അലി

മഞ്ചേരി(മലപ്പുറം): അരീക്കോട് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വടക്കുംമുറി കളപ്പാറയില്‍ കോഴിമാലിന്യസംസ്‌കരണകേന്ദ്രത്തിലെ മലിനജലസംഭരണിയില്‍ മൂന്ന് അതിഥിത്തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് അസം സ്വദേശികളും ബിഹാറുകാരനുമാണ് മരിച്ചത്. സംഭരണിയിലെ വിഷവാതകം ശ്വസിച്ചതോ ഓക്സിജന്‍ കിട്ടാതായതോ ആകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബുധനാഴ്ച രാവിലെ 10.30-നാണ് മൂവരെയും മരിച്ച നിലയില്‍ തൊഴിലാളികള്‍ കണ്ടെത്തിയത്. അസമിലെ ബക്സുവില്‍ പടപ്പാറ തമുല്‍പുര്‍ കമല കാന്തയുടെ മകന്‍ ഹിതേഷ് സരണിയ (46), ഗോയല്‍പുര റൗക്കോവ സൊബറുദ്ദീന്റെ മകന്‍ സമദ് അലി (20), ബിഹാര്‍ സ്വദേശി സീതാമര്‍ഹി മഹേസ്യയിലെ രാം ദയാല്‍ കപൂറിന്റെ മകനും കമ്പനിയിലെ മെക്കാനിക്കുമായ വികാസ് കുമാര്‍ (29) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അഞ്ചുമാസം മുന്‍പ് കളപ്പാറയില്‍ പ്രവര്‍ത്തനം തുടങ്ങിയ അനുഗ്രഹ ഹാച്ചറി ആന്‍ഡ് പൗള്‍ട്രി ഫാമിനു കീഴിലുള്ള കോഴിമാലിന്യസംസ്‌കരണപ്ലാന്റിലാണ് സംഭവം. മൃഗങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കുമുള്ള പ്രോട്ടീന്‍ ഭക്ഷണമാണ് പ്ലാന്റില്‍ നിര്‍മിക്കുന്നത്.

ബുധനാഴ്ച രാവിലെ തൊഴിലാളികളെ കാണാതായപ്പോള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഇവരുടെ മൊബൈല്‍ ഫോണുകളും നിശ്ചലമായിരുന്നു. തുടര്‍ന്ന് മറ്റു തൊഴിലാളികള്‍ പ്ലാന്റിനകത്തും പുറത്തും നടത്തിയ തിരച്ചിലിനൊടുവിലാണ് മലിനജലടാങ്കില്‍ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. മറ്റൊരു തൊഴിലാളി പ്ലാസ്റ്റിക് സംഭരണിയുടെ ഒരു ഭാഗം കട്ടറുകൊണ്ട് മുറിച്ചുമാറ്റിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

കളപ്പാറയില്‍ മൂന്നേക്കറില്‍ സ്ഥിതിചെയ്യുന്ന യൂണിറ്റില്‍ 13 തൊഴിലാളികളാണുള്ളത്. മാനേജരും അസിസ്റ്റന്റ് മാനേജരും ഉള്‍പ്പെടെ എല്ലാവരും ഇതരസംസ്ഥാനങ്ങളിലുള്ളവരാണ്.

വികാസ് ഒരു വര്‍ഷം മുന്‍പാണ് വിവാഹിതനായത്. ഭാര്യയുമൊന്നിച്ച് ഇവിടെത്തന്നെയായിരുന്നു താമസം. ഗര്‍ഭിണിയായ ഭാര്യയെ ഏതാനും ദിവസം മുന്‍പ് നാട്ടില്‍ കൊണ്ടാക്കിയതാണ്. വികാസിന്റെ സഹോദരനും ഇതേ കമ്പനിയിലുണ്ട്.

ശുദ്ധീകരണപ്ലാന്റിന്റെ ഭാഗമായുള്ള 5000 ലിറ്റര്‍ സംഭരണശേഷിയുള്ളതും ഉയരത്തില്‍ സ്ഥാപിച്ചതുമായ പ്ലാസ്റ്റിക് സംഭരണിയില്‍ മൂവരും ഒന്നിച്ച് മരിച്ചതിന്റെ കാരണം തേടുകയാണ് പോലീസ്. ടാങ്കില്‍ സദാസമയവും മലിനജലം നിറഞ്ഞിരിക്കും. എന്നാല്‍ സംഭവസമയം ഒന്നരയടി വെള്ളമേ ഉണ്ടായിരുന്നുള്ളൂ. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ആദ്യം രണ്ടുപേര്‍ ടാങ്കിനടുത്തേക്ക് പോകുന്നതും ഒരാള്‍ മടങ്ങിവന്ന് വീണ്ടും പോകുന്നതുമായി ദൃശ്യങ്ങളുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാവൂ.

മൂന്നുപേര്‍ സംഭരണിയില്‍ ചലനമില്ലാതെ...
അരീക്കോട്: ''ഞാന്‍ സംഭരണിയിലേക്കു നോക്കിയപ്പോള്‍ മൂന്നുപേരും ചലനമില്ലാതെ കിടക്കുന്നതാണു കണ്ടത്. ഉടനെ സംഭരണിയിലേക്കു ചാടി സമദ് അലിയെ പുറത്തെത്തിച്ചു. അതിനുള്ളില്‍ എനിക്ക് ശ്വാസംകിട്ടുന്നുണ്ടായില്ല. കട്ടറുപയോഗിച്ച് പൊളിച്ചാണ് വികാസ് കുമാറിനെയും ഹിതേഷ് ശരണിയയെയും എനിക്ക് പുറത്തേക്കെത്തിക്കാനായത്. അപ്പോള്‍ അവര്‍ക്ക് ശ്വാസമില്ലായിരുന്നു''-കോഴിമാലിന്യ സംസ്‌കരണശാലയിലെ സംഭരണിയില്‍ മരിച്ച മൂന്നുപേരേയും പുറത്തെത്തിച്ച ബുബുല്‍ സരണിയ 'മാതൃഭൂമി'യോടാണ് ഇക്കാര്യം പറഞ്ഞത്.

മരിച്ച വികാസ്‌കുമാറിന്റെ സഹോദരന്‍ ധീരജാണ് വികാസിനെ കാണുന്നില്ലെന്ന് ബുബുലിനോട് പറഞ്ഞത്. ധീരജിന്റെ ഫോണ്‍ വികാസിന്റെ കൈയിലായിരുന്നു. ഉറക്കെ വിളിക്കുന്നുണ്ടെങ്കിലും മറുപടിയുണ്ടായില്ല. മലിനജലസംഭരണിക്കു പുറത്ത് ചെരിപ്പ് കണ്ടാണ് വികാസ് അതിനുള്ളിലാണെന്നു മനസ്സിലായത്. സംഭരണിയില്‍ ബുബുല്‍ നോക്കിയപ്പോള്‍ മൂന്നുപേര്‍ ഉള്ളിലുണ്ടെന്നു കണ്ടെത്തി.

വികാസും ഹിതേഷും 10.09-ന് ഷെഡ്ഡിലേക്കു കയറുന്നത് സിസിടിവിയിലുണ്ട്. 10.33-നാണ് സമദ് അലി കയറുന്നത്. എന്താണു സംഭവിച്ചതെന്ന് ബുബുലിനും അറിയില്ല. സംഭരണിയിലെ വെള്ളം പരിശോധിക്കുന്നതിനിടയില്‍ മൊബൈല്‍ഫോണ്‍ വീഴുകയും അതെടുക്കാന്‍ ഇറങ്ങിയപ്പോള്‍ സംഭവിച്ചതോ ആകാം അപകടം. ധീരജിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. അസം സ്വദേശിയാണ് ബുബുല്‍.

കൂടെ പണിയെടുത്ത മൂന്നു പ്രിയപ്പെട്ടവര്‍ ഒരു പകലില്‍ വിടപറഞ്ഞതിന്റെ സങ്കടത്തിലാണ് കേന്ദ്രത്തിലെ തൊഴിലാളികള്‍. 'രാത്രി ജോലിചെയ്ത് ക്ഷീണിച്ചു കിടക്കുകയായിരുന്നു ഞങ്ങള്‍. അതുകൊണ്ട് സമീപത്തെ ഷെഡ്ഡില്‍ ഞങ്ങളുടെ പ്രിയപ്പെട്ട മൂന്നുപേര്‍ ജീവനുവേണ്ടി പിടഞ്ഞത് തിരിച്ചറിഞ്ഞില്ല' -തൊഴിലാളിയായ മനോജ് സരണിയ പറഞ്ഞു. മരിച്ച ഹിതേഷിന്റെ അര്‍ധസഹോദരന്‍ ബിറ്റപന്‍ ദുഃഖം സഹിക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു. അവനെ സമാധാനിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞില്ല.

Content Highlights: Three migrant workers, two from Assam and one from Bihar, were found dead in a wastewater tank