‘എന്റെ ഡാഡായ്ക്ക് എന്റെ കരൾമതി’; മകന്റെ കരളിന്റെ പാതി ലഭിച്ചിട്ടും ആൽബിനോ മടങ്ങി, അവനോട് യാത്രപറയാതെ

#ആഷിക് കൃഷ്ണൻ
ആൽബിനോ ഫ്രാൻസിസ് ഡിക്രൂസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ ആർച്ചറി താരങ്ങൾക്കൊപ്പം. പുറകിൽ മകൻ ബ്രയാൻ
ആൽബിനോ ഫ്രാൻസിസ് ഡിക്രൂസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ ആർച്ചറി താരങ്ങൾക്കൊപ്പം. പുറകിൽ മകൻ ബ്രയാൻ

കോഴിക്കോട്: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് തന്റെ കരൾ പകുത്ത് അച്ഛന് നൽകിയെങ്കിലും ആ ആയുസ്സ് കാക്കാൻ അത് മതിയായില്ല. പ്രിയപ്പെട്ടവരെല്ലാം നീറിനിന്ന അച്ഛന്റെ അന്ത്യയാത്ര പകുതി കരളുമായി ആശുപത്രിയിലുള്ള ആ മകൻമാത്രം അറിഞ്ഞില്ല.

സംസ്ഥാന ആർച്ചറി ടീമിന്റെ മുൻമാനേജറും പ്രശസ്ത ആർച്ചറി പരിശീലകനുമായ ആൽബിനോ ഫ്രാൻസിസ് ഡിക്രൂസിന്റെ (52) വേർപാടാണ് കുടുംബത്തെയും നൂറുകണക്കിന് ശിഷ്യരെയും പ്രിയപ്പെട്ടവരെയും ദുഃഖത്തിലാഴ്ത്തിയത്.

ഏഴുവർഷംമുൻപ്‌ ഭക്ഷ്യവിഷബാധയെത്തുടർന്നാണ് ആൽബിനോയ്ക്ക് കരൾരോഗം പിടിപെടുന്നത്. കരൾ മാറ്റിവെക്കാൻ വിദഗ്ധർ നിർദേശിച്ചതുമുതൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. ഇതിനിടെയാണ് ‘എന്റെ ഡാഡായ്ക്ക് എന്റെ കരൾ മതി’ എന്ന ഉറച്ച സ്വരവുമായി മൂത്തമകൻ ബ്രയാൻ ഡിലോൺ ഡിക്രൂസ് എത്തിയത്. അവന് പ്രായപൂർത്തിയാവാത്തതിനാൽ ഇതിനെ കുടുംബം ആദ്യഘട്ടത്തിൽ എതിർത്തു.

എന്നാൽ, മുൻപ്‌ ഒരു പതിനേഴുകാരി അച്ഛന് കരൾ നൽകാൻ ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് വാങ്ങിച്ചെടുത്ത വാർത്ത ഇന്റർനെറ്റിൽ തിരഞ്ഞു കണ്ടുപിടിച്ച ബ്രയാൻ കോടതിയെ സമീപിക്കാനൊരുങ്ങി. തുടർന്ന് ആൽബിനോ ഉൾപ്പെടെയുള്ളവർ ഇടപ്പെട്ട് കരൾ ദാനംചെയ്യാനുള്ള പ്രായമാകുന്നതു(18)വരെ കാത്തുനിൽക്കാൻ തീരുമാനിച്ചു.

സെയ്ൻറ് ജോസഫ്സ് സ്കൂളിൽ പ്ളസ്ടു പൂർത്തിയാക്കിയ ബ്രയാൻ തുടർപഠനത്തിന് ചേരാതെ പതിനെട്ട് പൂർത്തിയാകാൻ ഒരുവർഷത്തിലേറെ കാത്തിരുന്നു. കഴിഞ്ഞ നവംബർ ഒന്നിന് 18 വയസ്സ് പൂർത്തിയായ ബ്രയാൻ അന്നുമുതൽ കരൾദാനവുമായി ബന്ധപ്പെട്ട അനുമതിരേഖകൾ നേടിയെടുക്കാനുള്ള ഓട്ടത്തിലായിരുന്നു. ശസ്ത്രക്രിയയുടെ തീയതി തീരുമാനിച്ചപ്പോഴേക്കും നഴ്സുമാരുടെ സമരം ശക്തമായി ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. ഒടുവിൽ, ഈ മാസം 20-നാണ് രാവിലെ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ബ്രയാന്റെ കരളിന്റെ ഭാഗമെടുത്ത് ആൽബിനോയ്ക്ക് നൽകിയത്. എന്നാൽ, വെള്ളിയാഴ്ച ഉച്ചയോടെ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം മരണത്തിനു കീഴടങ്ങി.

ശസ്‌ത്രക്രിയക്കുശേഷം ആശുപത്രിയിലെ തൊട്ടടുത്ത മുറിയിൽ പ്രവേശിപ്പിച്ചിരുന്ന ബ്രയാനെമാത്രം മരണവിവരമറിയിച്ചില്ല. എന്നാൽ, അവസാന നോക്ക് അവന് കാണാനുള്ള അവസരം നിഷേധിക്കരുതെന്ന ബന്ധുക്കളുടെ നിർബന്ധത്തെത്തുടർന്ന് ആൽബിനോ സെഡേഷനിലാണെന്നു പറഞ്ഞ് അദ്ദേഹം കിടന്ന കട്ടിൽ ബ്രയാന്റെ കട്ടിലിനടുത്തെത്തിച്ച് കാണിച്ചു. ഈ സമയം, ഡാഡാ എന്നുവിളിച്ച് ഉറക്കെ കരഞ്ഞ ബ്രയാനെ ആശ്വസിപ്പിച്ച് ബന്ധുക്കൾ മൃതദേഹം വീട്ടിലേക്കു മാറ്റുകയായിരുന്നു.

ആർച്ചറിയിൽ ജില്ലാടീമിന്റെ മുഖ്യപരിശീലകനായിരുന്ന ആൽബിനോ കോഴിക്കോട് സെയ്ന്റ് ജോസഫ്‌സ് ബോയ്‌സ് ഹയർസെക്കൻഡറി സ്കൂളിലെയും സെയ്ന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ‌സ്കൂളിലെയും പരിശീലകനാണ്.

ഫിനിക്സ് ആർച്ചറി ക്ലബ്ബും നടത്തിയിരുന്നു. മകൻ ബ്രയാനും ആർച്ചറി താരമാണ്. ലയോള സ്കൂളിൽ പത്തിൽ പഠിക്കുമ്പോൾ ഐ.സി.എസ്.ഇ. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ബ്രയാൻ നാലാംസ്ഥാനം നേടിയിട്ടുണ്ട്.

Content Highlights: Renowned archery coach Albino Francis Decruz died following a liver transplant surgery., His 18-year-old son, Brian, donated a portion of his liver to save his father., The surgery took place on the 20th of the current month after long delays., Albino Francis Decruz was a prominent coach at St. Joseph's schools and Phoenix Archery Club., The son, Brian, is also a talented archer who achieved national-level recognition.