പുതിയസ്ഥാനം ദൈവം നല്‍കിയ സമ്മാനം; ഭരണത്തിലിരിക്കുന്നവരെ പുകഴ്ത്തി ചീത്തയാക്കരുത് - ആർച്ച് ബിഷപ്പ്

കോഴിക്കോട്: വിസ്മയങ്ങളൊരുക്കുന്ന ദൈവം നൽകിയ സമ്മാനമായാണ് പുതിയസ്ഥാനലബ്ധിയെ കാണുന്നതെന്ന് ആർച്ച് ബിഷപ്പ് ഡോക്ടർ വർഗീസ് ചക്കാലക്കൽ. ദൈവം നൽകിയ സമ്മാനമാണിതെന്നും അനേകരുടെ പ്രാർഥനയും സ്നേഹവും തനിക്കുകിട്ടുന്നതായും ജാതി-മത-വർണ-വർഗ-ലിംഗ ഭേദമെന്യേ ആരെയും മാറ്റിനിർത്താതെയുള്ള പ്രവർത്തനമായിരിക്കും അതിരൂപതാധ്യക്ഷനെന്നനിലയിൽ സ്വീകരിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.
അധികം പുകഴ്ത്തി ഭരണകർത്താക്കളുൾപ്പെടെയുള്ളവരെ ചീത്തയാക്കരുതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. "എല്ലാവരും ഭരണത്തിലിരിക്കുന്നവരെ ഒത്തിരി പുകഴ്ത്തും. അതിന്റെ ഫലമായി അവർ ഒന്നും ചെയ്യാതെ വരും. ആവശ്യത്തിന് പുകഴ്ത്തുകയും കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും വേണം.
വിമർശിക്കാതിരിക്കുമ്പോൾ കാര്യങ്ങൾ അവർ അറിയില്ല. അധികാരത്തിലിരിക്കുന്നവർ പല കാര്യങ്ങളും അറിയാതെ പോകും". അധികാരത്തിലിരിക്കുന്നവരെ കാര്യങ്ങൾ അറിയിക്കേണ്ട കടമ ജനങ്ങൾക്കാണെന്നും വിമർശനത്തിന് ആരും അതീതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Archbishop Varghese Chakkalakkal views his new position as a gift from God