കപ്പ തിന്നാൻവന്ന കാട്ടുപന്നിയെ കപ്പകൂട്ടി തിന്നുന്നതാണ് അതിജീവനം - മാർ ജോസഫ് പാംപ്ലാനി

#ന്യൂസ് ഡെസ്ക്
മാർ ജോസഫ് പാംപ്ലാനി | ഫോട്ടോ: മാതൃഭൂമി
മാർ ജോസഫ് പാംപ്ലാനി | ഫോട്ടോ: മാതൃഭൂമി

കണ്ണൂർ: ക്രൈസ്തവസമുദായം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നവർക്ക് മാത്രമേ വോട്ടുള്ളൂവെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ആവശ്യങ്ങൾ രാഷ്ട്രീയപാർട്ടികളുടെ പ്രകടനപത്രികയിൽ ഉണ്ടായിരിക്കണം. അത് നടപ്പാക്കാനുള്ള ആർജവുമുണ്ടായിരിക്കണം. കത്തോലിക്ക കോൺഗ്രസിന്റെ ജന്മവാർഷിക റാലിയിൽ മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

കേരളത്തിൽ 64 ശതമാനം കർഷകരാണ്. ഇവരുടെ കാര്യം ആരും കാര്യമായി സംസാരിക്കുന്നില്ല. സർക്കാർ ശമ്പളം വാങ്ങുന്നത് 4.8 ശതമാനം ജനവിഭാഗമാണ്. ഇവർക്ക് ശമ്പളം കൊടുക്കാനാണ് സർക്കാർ വരുമാനത്തിൻ്റെ വലിയഭാഗവും ചെലവഴിക്കുന്നത്. സർക്കാരിനോട് പറയാനുള്ളത് ഒന്നുമാത്രം. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ഇനി ഒരു സർക്കാരിന്റെ ആവശ്യമില്ല. 60 വയസ്സ് കഴിഞ്ഞ എല്ലാ കർഷകർക്കും 5000 രൂപ പെൻഷൻ നൽകാൻ തയ്യാറാകുന്ന മുന്നണികൾക്കായിരിക്കും ക്രൈസ്തവർ വോട്ട് ചെയ്യുക. പെൻഷൻ നൽകാനുള്ള സാഹചര്യവും പരിശോധിക്കും. ആദിവാസികളെ സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ, മലയോര കർഷകരെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ സത്യപ്രതിജ്ഞാലംഘനമാണ് നടത്തുന്നത്.

വനഭൂമിയിൽ വളരുന്നവയാണ് വന്യമൃഗങ്ങൾ. എന്നാൽ നമ്മുടെ പറമ്പിൽ എത്തുന്ന മൃഗങ്ങളെ വന്യമൃഗങ്ങളായി പരിഗണിക്കാൻ ഇനിമുതൽ സന്നദ്ധരല്ല. അവരെ സ്വന്തം വളർത്തുമൃഗങ്ങളായി കണക്കാക്കും. കപ്പ തിന്നാൻവന്ന കാട്ടുപന്നിയെ കപ്പകൂട്ടി തിന്നുന്നതാണ് അതിജീവനം. വന്യജീവിസംരക്ഷണ നിയമം ഭേദഗതി ചെയ്യാതെ സർക്കാരിൻ്റെ ആത്മാർഥത വിശ്വസിക്കില്ല. നമ്മുടെ മക്കൾക്കുള്ള ജോലി നമ്മൾ കണ്ടെത്തണം. സായിപ്പിന്റെ അടുക്കളയിൽ ജോലിയെടുക്കുന്നത് അവസാനിപ്പിക്കണം. വിദേശത്തേക്ക് അയക്കുന്ന പണം കൊണ്ട് സംരംഭങ്ങൾ തുടങ്ങി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നേരത്തേ നഗരത്തിൽ പതിനായിരങ്ങൾ അണിനിരന്ന റാലിയും നടന്നു.

Content Highlights: Requirement of farmer pension of 5000 rupees for voters support, Call to treat wild animals entering farms as domestic animals, Urging youth to focus on entrepreneurship over foreign employment, Demand for amendment to the Wildlife Protection Act