വീണയും തോറ്റു; ആറന്മുളയിൽ അബിൻ വർക്കിയുടെ തേരോട്ടം

#ന്യൂസ് ഡെസ്‌ക്
വീണ ജോര്‍ജ്, അബിന്‍ വര്‍ക്കി
വീണ ജോര്‍ജ്, അബിന്‍ വര്‍ക്കി

ആറന്മുള: സിസ്റ്റം തകർന്നാൽ പിന്നെ മന്ത്രിക്കും രക്ഷയില്ല. ആറന്മുളയിൽ മന്ത്രി വീണാ ജോർജിനും യുഡിഎഫ് കൊടുങ്കാറ്റിൽ അടിപതറി. 17,000 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് വീണാ ജോർജിനെ തോൽപ്പിച്ച് അബിൻ വർക്കി ആറന്മുള യുഡിഎഫിനായി തിരിച്ചുപിടിച്ചു. പ്രീ-പോൾ സർവേയിലും എക്സിറ്റ് പോളിലും വന്ന കണക്കുകൾകൊണ്ട് സംസ്ഥാന ശ്രദ്ധയാകർഷിച്ച മണ്ഡലത്തിലാണ് അബിൻ വർക്കിയുടെ തേരോട്ടം. കേരളം ഒന്നടങ്കം അലയടിച്ച ഭരണ വിരുദ്ധ വികാരത്തിൽ ജില്ലയിലെ ഏക മന്ത്രിയായ വീണാ ജോർജിന് നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന തോൽവിയാണ്. ശക്തമായ ത്രികോണ മത്സരവും ഫോട്ടോ ഫിനിഷുമെല്ലാം പ്രവചിക്കപ്പെട്ട മണ്ഡലത്തിൽ പക്ഷേ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് നേടാൻ വീണയ്ക്ക് സാധിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

തുടർച്ചയായി രണ്ടുപ്രാവശ്യം കൈവിട്ട തങ്ങളുടെ പഴയ ശക്തി കേന്ദ്രം എങ്ങനെയും തിരിച്ചുപിടിക്കാൻ ഉറപ്പിച്ചാണ് കോൺഗ്രസ് ഇത്തവണ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അബിൻ വർക്കിയെ കളത്തിലിറക്കിയത്. വീണയെ തീർത്തും നിഷ്പ്രഭമാക്കിയാണ് അബിൻ ഇത്തവണ ആറന്മുളയിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തുന്നത്. കഴിഞ്ഞ രണ്ടുതവണ തങ്ങൾക്ക് നഷ്ടമായെന്ന് കണക്കുകൂട്ടുന്ന ഓർത്തഡോക്‌സ് വോട്ടുകൾ ഇത്തവണ തിരികെപ്പിടിക്കാൻ അബിനെ കളത്തിലിറക്കിയതിലൂടെ കോൺഗ്രസിന് സാധിച്ചത് നേട്ടമായി.

പഴയ ആറന്മുള മണ്ഡലത്തിൽ 1957 മുതൽ 2006 വരെ നടന്ന തിരഞ്ഞെടുപ്പുകളിൽ നാല് പ്രാവശ്യം മാത്രമേ മണ്ഡലം എൽഡിഎഫിന് അനുകൂല നിലപാട് എടുത്തിട്ടുള്ളൂ. 1996-ലും 2006-ലും യുഡിഎഫിലെ പടലപ്പിണക്കം എൽഡിഎഫിന് ഗുണകരമാകുകയായിരുന്നു. മണ്ഡല പുനർനിർണയ ശേഷം നടന്ന 2011-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചെങ്കിലും പിന്നീട് കഥ മാറുകയായിരുന്നു. 2016-ൽ അപ്രതീക്ഷിത നീക്കത്തിലൂടെ മാധ്യമപ്രവർത്തകയായിരുന്ന വീണാ ജോർജിനെ എൽഡിഎഫ് കളത്തിലിറക്കി 7646 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുത്തു. 2021-ലെ എൽഡിഎഫിന്റെ വിജയം ഇടത് ക്യാമ്പുകളെപ്പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 19,003 വോട്ടുകൾക്ക് വീണാ ജോർജ് ജയിച്ചുകയറി സിപിഎമ്മിന്റെ ജില്ലയിലെ ആദ്യ വനിതാമന്ത്രിയായി.

കഴിഞ്ഞതവണ ഓർത്തഡോക്‌സ് വിഭാഗത്തിലെ പരമ്പരാഗത കോൺഗ്രസ് വോട്ടുകളിൽ കുറച്ച് വീണയ്ക്ക് കിട്ടിയിരുന്നു. എന്നാൽ, ഇക്കുറി അത് അബിനിലൂടെ തിരികെപ്പിടിക്കാൻ കോൺഗ്രസിനായി. ഒപ്പം വിജയവും.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സർക്കാരിന് ഏറ്റവും പഴികേൾക്കേണ്ടിവന്ന വകുപ്പിനെ നയിച്ചയാൾ എന്നതും ഏറ്റവും ഒടുവിൽ കണ്ണൂരിലുണ്ടായ കരിങ്കൊടിസമരവുമൊക്കെ വീണയ്ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഇത്തവണ മന്ത്രിമാർക്ക് ഒന്നടങ്കം നേരിട്ട തിരിച്ചടി വീണയേയും ബാധിച്ചു.

2016-ൽ 64,523 വോട്ടുകളും 2021-ൽ 74,950 വോട്ടുകളും നേടാൻ സാധിച്ച വീണയ്ക്ക് ഇത്തവണ വലിയ ഇടിവാണ് സംഭവിച്ചത്. മുപ്പതിനായിരത്തിലേറെ വോട്ടുകളാണ് ഇത്തവണ വീണയ്ക്ക് കുറഞ്ഞത്.

Content Highlights: Abin Varkey won the Aranmula constituency with a 17,000-vote margin., Anti-incumbency sentiment significantly impacted Minister Veena George's performance., Congress successfully reclaimed traditional Orthodox votes in the region., Veena George saw a decline of over 30,000 votes compared to the 2021 election.