ഇടഞ്ഞ് അൻവർ; ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ അതൃപ്തി, മത്സരിക്കാൻ സാധ്യത

#മാതൃഭൂമി ന്യൂസ്
പി.വി അൻവർ
പി.വി അൻവർ

നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ അതൃപ്തി പരസ്യമാക്കി അൻവർ. യുഡിഎഫ് ഏത് സ്ഥാനാർത്ഥിയെ നിർത്തിയാലും പരിഗണിക്കും, പിന്തുണക്കും എന്നായിരുന്നു ആദ്യം അൻവർ പറഞ്ഞിരുന്നത്. എന്നാൽ തിങ്കളാഴ്ച വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥി ആയിരുന്നു വേണ്ടതെന്ന് അൻവർ പറഞ്ഞു. 

ആര്യാടൻ ഷൗക്കത്തിനെ നിർത്തിയാൽ മുസ്ലിം സംഘടനകളുടെ ഉൾപ്പെടെ പിന്തുണ ഉണ്ടാവില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു എന്നതുൾപ്പെടെയുള്ള കാര്യങ്ങളും അൻവറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. അൻവറിന്റെ ലക്ഷ്യം ആത്യന്തികമായി യുഡിഎഫ് പ്രവേശനമാണ്. ഈ അവസരത്തിൽ തന്നെ ഒരു സമ്മർദ്ദ തന്ത്രം ചെലുത്തിക്കൊണ്ട് ലക്ഷ്യത്തിലേക്ക് എത്താനണ് അൻവറിന്റെ ശ്രമം. 

ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അൻവർ ഒറ്റയ്ക്ക് മത്സരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കോൺഗ്രസ് ഒരു സമവായ സ്ഥാനാർത്ഥിയെ പരിഗണിക്കുന്ന ഘട്ടത്തിൽ അൻവർ കൂടി ഇങ്ങനെ ഇടഞ്ഞുനിൽക്കുന്നത് കോൺഗ്രസിനെ സംബന്ധിച്ച് ആശങ്കയും വെല്ലുവിളിയും ഉണ്ടാക്കുന്നതാണ്.

അതേസമയം, അൻവറിന്റെ ക്രിസ്ത്യൻ സ്ഥാനാർഥി പരാമർശത്തിൽ പ്രതികരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പിൽ അൻവറിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നും സ്ഥാനാർഥി ആരായാലും യുഡിഎഫ് സജ്ജമാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ അതിന്റെതായ ചില കാര്യങ്ങളുണ്ട്. അതുകഴിഞ്ഞ് യുഡിഎഫ് ഐക്യമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.  ആ സ്ഥാനാർത്ഥിക്ക് വേണ്ടി സദാ സജ്ജമായി നിലമ്പൂർ ഒരുങ്ങിയിരിക്കും. അദ്ദേഹം  പറഞ്ഞു.

Content Highlights: Anvar expresses discontent over Aryadan Shoukat`s candidature, threatening to contest independently