'കള്ളാ'...; കോടതി പരിസരത്ത് ആന്റണി രാജുവിനെ തടഞ്ഞ് യൂത്ത് കോൺഗ്രസ്, കരിങ്കൊടി പ്രതിഷേധം

#മാതൃഭൂമി ന്യൂസ്

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട  ഇടത് എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിനെതിരെ പ്രതിഷേധവുമായി  പ്രതിപക്ഷ സംഘടനകൾ. കോടതിക്ക് മുന്നിൽവെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആന്റണി രാജുവിന്റെ വാഹനം തടയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

നെടുമങ്ങാട് കോടതിക്ക് മുന്നിലെത്തിയ പ്രവർത്തകർ കള്ളാ എന്ന് വിളിച്ച് മുദ്രാവാക്യം മുഴക്കി. വടിയിൽ അടിവസ്ത്രം ഉയർത്തിക്കാട്ടിയും കരിങ്കൊടി ഉയർത്തിയും പ്രതിഷേധിച്ച പ്രവർത്തകർ കൂവിവിളിച്ചു. കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ പ്രദേശം സംഘർഷഭരിതമായി. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസും പ്രവർത്തകരും തമ്മിൽ വലിയ രീതിയിലുള്ള സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നതിനിടയിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. അരമണിക്കൂറോളം എടുത്താണ് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.

മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സെക്രട്ടറിയേറ്റിൽ മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകർ ആന്റണി രാജുവിന്റെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. കള്ളന്മാരുടെ കൂടാരമായി ഇടതുപക്ഷം മാറി. ഇങ്ങനെ പോയാൽ പൂജപ്പുര സെൻട്രൽ ജയിലിൽ ക്യാബിനറ്റ് നടത്തേണ്ടിവരുമെന്ന് നേമം ഷജീർ പറ‍ഞ്ഞു.

Content Highlights: Former Minister Antony Raju convicted in the Todimuttal case. Opposition protests intensify with Youth Congress blocking vehicle and clashing with police.