കണ്ണില്ലെങ്കിലും നാട് സമ്മാനിച്ച വീട് അവർ ഹൃദയം കൊണ്ട് കണ്ടു

അങ്ങാടിപ്പുറം: “സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ച എല്ലാവരെയും ഞങ്ങൾ കാണുന്നുണ്ട്. ഞങ്ങൾക്ക് സ്നേഹത്തണലൊരുക്കിയ എല്ലാവരോടും തീർത്താൽതീരാത്ത നന്ദിയും സ്നേഹവുമുണ്ട്”. ചെരയ്ക്കാപറമ്പിലെ കെ.കെ. സുരേന്ദ്രനും ഭാര്യ കോമളവല്ലിയും വീടിന്റെ താക്കോൽദാനച്ചടങ്ങിൽ പങ്കെടുത്തവരോട് സന്തോഷം പങ്കുവെച്ച് പറഞ്ഞതാണിത്.
കാഴ്ചപരിമിതിയുള്ളവരാണ് ഈ ദമ്പതിമാർ. മക്കളില്ലാത്ത ഇവർ 25 വർഷമായി പീച്ചാണിപ്പറമ്പിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. പെൻഷനും ആശ്രയപദ്ധതി വഴിയുള്ള സഹായവുമാണ് ജീവിതമാർഗം.
രണ്ടുവർഷം മുൻപ് തിരൂർക്കാട് കോൽക്കാട്ടിൽ ആച്ചുമയുടെ കുടുംബം ചെരയ്ക്കാപറമ്പിൽ മൂന്നുസെന്റ് സ്ഥലം നൽകിയതോടെ ഇവരുടെ വീടെന്ന സ്വപ്നത്തിന് ചിറകു മുളച്ചു. പഞ്ചായത്തിന്റെ ലൈഫ് മിഷൻ പദ്ധതിയിലൂടെ നാലുലക്ഷം രൂപയും അനുവദിച്ചു.
എന്നാൽ വീടുവെക്കാനുള്ള സ്ഥലത്തേക്ക് 200 മീറ്ററോളം ദൂരത്ത് റോഡില്ലായിരുന്നു. ഇവരുടെ പ്രശ്നം അറിഞ്ഞപ്പോൾ വാർഡംഗം ഷബീർ കറുമുക്കിലിന്റെ നേതൃത്വത്തിൽ തിരൂർക്കാട് സേവനക്ലബ്ബിലെ യുവാക്കൾ മുന്നിട്ടിറങ്ങി.
ക്ലബ്ബിലെ നാൽപ്പതോളം യുവാക്കൾ തലച്ചുമടായി കല്ലുകൾ എത്തിച്ചു. പിന്നീട് വീട് നിർമാണത്തിന് തുടക്കമായി. ലൈഫ് മിഷനും നാട്ടുകാരും പഞ്ചായത്തും കൈകോർത്തപ്പോൾ ഈ ദമ്പതിമാരുടെ ഇരുളടഞ്ഞ ജീവിതത്തിലേക്ക് വെളിച്ചമായി വീടെത്തി.
പഞ്ചായത്ത് പ്രസിഡന്റ് സഈദ കോഴിപ്പാട്ടിൽ വീടിന്റെ താക്കോൽ കൈമാറി. പാലുകാച്ചൽ ചടങ്ങും നടന്നു. കേരള ബ്ലൈന്റ് ഫെഡറേഷൻ അംഗങ്ങളുടെ ഭജനയും ഗാനമേളയുമായിരുന്നു പ്രധാന പരിപാടി.
ജില്ലാപഞ്ചായത്തംഗം ഷഹറാബാനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, പഞ്ചായത്തംഗങ്ങളായ തുമ്പലക്കാടൻ ബഷീർ, വാക്കാട്ടിൽ സുനിൽബാബു, വീട് നിർമാണം ഏറ്റെടുത്ത തോണിക്കര സാദ്ദിഖലി, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് ജില്ലാ പ്രസിഡന്റ് ഗഫൂർ, വൈസ് പ്രസിഡന്റ് ഇബ്രാഹിം, താലൂക്ക് കമ്മിറ്റി സെക്രട്ടറി ബാലകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights: