മുട്ടിൽ നിർത്തി, കാലിൽ ചവിട്ടി, ചൂരലിന് പലവട്ടം അധ്യാപകൻ അടിച്ചെന്ന് കുട്ടി; അന്വേഷണം തുടങ്ങി പോലീസ്

കുമളി (ഇടുക്കി): അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. അധ്യാപകനെ വിദ്യാർഥി കളിയാക്കിയെന്ന് സഹപാഠി ചെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു മർദനമെന്നാണ് പരാതി.
മുട്ടിൽ നിർത്തിച്ച ശേഷം കാലിൽ ചവിട്ടിയെന്നും ചൂരൽ കൊണ്ട് പലതവണ അടിച്ചെന്നും കുട്ടി പറയുന്നു. വിദ്യാർഥി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പോലീസ് അന്വേഷണം തുടങ്ങി. എന്നാൽ ചൂരലു കൊണ്ട് അടിച്ചെന്നും മറ്റ് ഒരു രീതിയിലും മർദിച്ചിട്ടില്ല എന്നുമാണ് അധ്യാപകന്റെ വിശദീകരണം. സംഭവം അന്വേഷിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. തമിഴ് മീഡിയത്തിൽ പഠിക്കുന്ന കുട്ടിയെ അധ്യാപകൻ ശിവകുമാർ മർദ്ദിച്ചെന്നാണ് പരാതി. വടി ഒടിയുന്നതു വരെ തന്നെ അടിച്ചെന്ന് കുട്ടി പറഞ്ഞു. വീട്ടിലെത്തിയ മകൻ വേദനിച്ചു കരയുകയായിരുന്നുവെന്നും കണ്ടപ്പോൾ വലിയ വിഷമമായെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ഉടനെ കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി. ഡോക്ടർ ഉടനെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു.
എന്നാൽ അധ്യാപകൻ പറയുന്നത്, ക്ലാസ്സിൽ ഓടിനടന്ന കുട്ടിയോട് അടങ്ങിയിരിക്കാനും പുസ്തകം വായിക്കാനും ആവശ്യപ്പെട്ടപ്പോൾ കുട്ടി തന്നെ കളിയാക്കി കൊണ്ട് പുറത്തേക്ക് ഓടി എന്നാണ്. തിരിച്ചുവിളിച്ചു കൊണ്ടുവന്ന് മുട്ടിന് താഴെ രണ്ടടി കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് അധ്യാപകൻ പറഞ്ഞു. ക്ലാസ്സിലുണ്ടായിരുന്ന കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പി.ടി.എ. കമ്മിറ്റി അംഗങ്ങൾ വെള്ളിയാഴ്ച സ്കൂളിൽ എത്തും.
Content Highlights: 7th-grade student allegedly assaulted by teacher Sivakumar at Anakara Government School., Student claims physical abuse with a cane and kicking; teacher admits to minor disciplinary action., Vandanmedu police have launched an official investigation into the incident., School PTA committee to conduct an inquiry with students on Friday., Student received medical treatment at Vandanmedu government hospital.