സ്വയം വിമർശനം ഈ പാർട്ടിക്കേ കഴിയൂ; യോഗി, വെള്ളാപ്പള്ളി... വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ഷംസീർ

#സ്വന്തം ലേഖകന്‍
എ.എന്‍.ഷംസീര്‍
എ.എന്‍.ഷംസീര്‍

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ വീഴ്ചകൾ ഒന്നൊന്നായി ഏറ്റുപറഞ്ഞ് മുൻ സ്പീക്കർ എ.എൻ ഷംസീർ. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടി നടത്തിയ സ്വയംവിമർശനത്തെ കുറിച്ച് കാളികാവിൽ സംസാരിക്കുകയായിരുന്നു ഷംസീർ.

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളി. വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ ശക്തമായി ആക്ഷേപിച്ചപ്പോൾ അതിനെ പാർട്ടി പ്രതിരോധിച്ചു. പക്ഷെ പ്രതിരോധ പ്രസ്താവനയിൽ ഒരു ഊക്കുണ്ടായിരുന്നില്ലന്നും ഷംസീർ പറഞ്ഞു. മലപ്പുറം കാളികാവിൽ കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിലാണ് ഷംസീർ ഇങ്ങനെ പറഞ്ഞത്.

അയപ്പ സംഗമം ഞങ്ങളുടേതല്ല, പക്ഷെ സർക്കാർ നടത്തിയാതണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. പക്ഷെ അയ്യപ്പസംഗമത്തിൽ ഒരു കാരണവശാലും യോഗി ആദിത്യനാഥിന്റെ പ്രസ്താവന വായിക്കാൻ പാടില്ലായിരുന്നുവെന്നും പാർട്ടി സ്വയം വിമർശനം നടത്തിയിട്ടുണ്ടെന്നും ഷംസീർ വ്യക്തമാക്കി.

ഇങ്ങനെ വിമർശനം നടത്താൻ കുഞ്ഞാലിയുടെ പാർട്ടിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുകയെന്നും ഷംസീർ ചോദിച്ചു. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി. സ്വയം വിമർനം നടത്തി.

ഞങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരാ. രാഷ്ട്രീയത്തിൽ ജനങ്ങളാണ് യജമാനന്മാർ. ജനങ്ങളാണ് സഖാക്കളെ നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നുവെന്ന് പറയുന്നത്. ആ തെറ്റ് ഉൾക്കൊണ്ട് തിരിത്തും, തിരിച്ച് വരുമെന്നും ഷംസീർ പറഞ്ഞു.

യുഡിഎഫിന് ഇപ്പോ മധുവിധു കാലമാണ്. ഞങ്ങൾ ഒന്നും മിണ്ടില്ല. മൂന്ന് പേരല്ലേ മുഖ്യമന്ത്രിക്കായി മത്സരിച്ചത്. അവസാനം ചെന്നിത്തലയെ തൂഫാനാക്കി വിട്ടു. ആദ്ദേഹം അതുംകൊണ്ട് പോയെന്നും ഷംസീർ വ്യക്തമാക്കി.

Content Highlights: AN Shamseer acknowledges specific failures in candidate selection in Payyannur and Taliparamba., Critique of the party's weak response to Vellappally Natesan's remarks., Admission that reading Aditya Nath's statement at the Ayyappa Sangamam was a mistake., Commitment to correcting political errors and reconnecting with the public.