കൊല്ലത്ത് അമിത് ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം; അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു

കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തെ തുടർന്ന് ഇദ്ദേഹത്തെയടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയ്ക്ക് ആശ്രാമം മൈതാനത്ത് ഹെലികോപ്ടർ മാർഗമാണ് അമിത് ഷാ എത്തിയത്. കുണ്ടറ മുളവനയിലെ പവിത്രം കൺെവൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാകർഷക വർഷാചരണവുമായി ബന്ധപ്പെട്ട് 'സഹകരണത്തിലൂടെ സമൃദ്ധി' (സഹ്കാർ സേ സമൃദ്ധി) പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
ജില്ലയിലെ സഹകരണ മേഖലയിലെ സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭത്തിന്റെ ഉദ്ഘാടനം അമിത് ഷാ നിർവഹിക്കും. പിന്നീട് അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനായി മഠത്തിലേക്ക് തിരിക്കും.
കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം നഗരത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി മടങ്ങിപ്പോകുന്നതുവരെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം തുടരും.
Content Highlights: Union Home Minister Amit Shah faced a black flag protest by Youth Congress in Kollam., Police detained five Youth Congress members, including state vice president Binu Chulliyil., Amit Shah attended the 'Sahakar Se Samruddhi' event and inaugurated a women's cooperative initiative., Traffic restrictions were imposed across Kollam city and connecting roads.