ബാബാ, അങ്ങ് ഞങ്ങളെ മനുഷ്യരാക്കി.....

അംബേദ്കര്‍ ആരാധനയില്‍നിന്ന് അംബേദ്കറുടെ എഴുത്തുകളെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഒരിടത്തേക്ക് എത്താന്‍വേണ്ടി നാം ഇനിയുമെത്ര കാത്തിരിക്കണം....
ലോകത്തിലെ വിജ്ഞാനോത്പാദനചരിത്രത്തില്‍ ഉടനീളം മനുഷ്യാവസ്ഥ എന്താണെന്നുള്ള ചോദ്യം തത്ത്വചിന്തകര്‍ അന്വേഷിച്ചിട്ടുണ്ട്. മനുഷ്യനായിരിക്കുക എന്നതിന്റെ അര്‍ഥം എന്താണ്? മറ്റൊരുവിധത്തില്‍ ചോദിച്ചാല്‍ മനുഷ്യത്വത്തിന്റെ മുന്‍വ്യവസ്ഥകള്‍ എന്തൊക്കെയാണ്? മനുഷ്യരാകാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതയെന്താണ്?
ആരാണ് മനുഷ്യന്‍
ഒരു മനുഷ്യ ശരീരമാണോ, സംസ്‌കാരമാണോ അതോ മൂല്യനിബദ്ധതയാണോ മനുഷ്യനെ മനുഷ്യനാക്കുന്നത്. പൗലോ ഫ്രെയര്‍ തന്റെ 'മര്‍ദിതരുടെ ബോധനശാസ്ത്രം' (Pedagogy of the Oppressed) എന്ന കൃതിയില്‍ നമ്മള്‍ മനുഷ്യത്വരഹിതം അല്ലെങ്കില്‍ ഡി ഹ്യൂമന്‍ (മനുഷ്യര്‍ പോലുമല്ലാത്ത അവസ്ഥ) എന്ന പദം തെറ്റായി ഉപയോഗിക്കുന്നു എന്ന് വാദിക്കുന്നു. പലപ്പോഴും നമ്മള്‍ ഈ പദങ്ങള്‍ ഉപയോഗിക്കുന്നത് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരെയോ, തൊഴിലാളികളെയോ അവരുടെ തൊഴില്‍ അഥവാ ജീവിതസാഹചര്യങ്ങളെയോ പരാമര്‍ശിക്കാനാണ്.
അതുകൊണ്ടാണ് പലപ്പോഴും മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവസ്ഥയെങ്കിലും മര്‍ദിതവിഭാഗത്തിലുള്ളവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കണമെന്നുള്ള വാദം ഗാന്ധിജിയുടെയും നെഹ്രുവിന്റെയും മറ്റും എഴുത്തുകളില്‍ നാം കാണുന്നത്. മനുഷ്യത്വത്തിന് താഴെയുള്ള (subhuman) അവസ്ഥകളില്‍ ജീവിക്കുന്നത് അടിച്ചമര്‍ത്തപ്പെട്ട ജനതയല്ല, മറിച്ച് മനുഷ്യനായിരിക്കാനുള്ള കേവലയോഗ്യതകള്‍ ഇല്ലാത്തതിനാല്‍ മനുഷ്യത്വത്തിന് താഴെയുള്ള അവസ്ഥകളില്‍ ജീവിക്കുന്നത് അടിച്ചമര്‍ത്തുന്നവരാണ് എന്ന് ഫ്രെയര്‍ വാദിക്കുന്നു.
അധ്വാനത്തിന്റെ ചൂഷണവും വ്യവസ്ഥാപിതമായ അക്രമത്തിന്റെ ഘടനകളെ നിരന്തരം പുനര്‍നിര്‍മിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ വരേണ്യവര്‍ഗ ചൂഷകര്‍ ഏകതാനമായ ദിനചര്യയുടെയും ഏകമാന ചിന്തയുടെയും ജീവിതം നയിക്കുന്നവരാണ്. അതായത് അവര്‍ വ്യവസ്ഥയെ പുനര്‍നിര്‍മിക്കുന്ന യന്ത്രങ്ങളെപ്പോലെ ജീവിക്കുന്നു; തികച്ചും യാന്ത്രികമായി. അതിനാല്‍ വരേണ്യവര്‍ഗമാണ് മനുഷ്യരല്ലാത്തത്.
അംബേദ്കറുടെ നിരീക്ഷണം
ഫ്രെയര്‍ ഈ ആശയം മുന്നോട്ടുെവക്കുന്നതിന് അര ശതാബ്ദം മുന്‍പുതന്നെ അംബേദ്കര്‍ മനുഷ്യനായിരിക്കാനുള്ള അടിസ്ഥാന യോഗ്യത സമത്വമാണെന്ന് വാദിച്ചിട്ടുണ്ട്. മനുഷ്യനാവുക എന്നാല്‍, എല്ലാവരെയും തുല്യരായി കാണുക എന്നതാണ്. അംബേദ്കറുടെ എല്ലാ രചനകളിലെയും പോരാട്ടങ്ങളിലെയും പ്രബലമായ ചിന്ത ദളിതരെ മനുഷ്യരോ തുല്യരോ ആക്കുക എന്നതല്ല, മറിച്ച് സവര്‍ണര്‍ മനുഷ്യരല്ല എന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു. ഗാന്ധിജി തൊട്ടുകൂടായ്മയ്‌ക്കെതിരേ പ്രചാരണം നടത്തുമ്പോള്‍ സവര്‍ണരെ അവരുടെ ധാര്‍മികതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുമായിരുന്നു. എന്നാല്‍, അംബേദ്കര്‍ ജാതി ആചരിക്കുന്ന ആരിലും ധാര്‍മികത ഇല്ല എന്ന് അടിവരയിട്ടു പറഞ്ഞു.
സവര്‍ണര്‍ക്ക് സ്വന്തം വൃത്തികേടുകള്‍ മനസ്സിലാക്കാന്‍ അംബേദ്കര്‍ കൃതികള്‍ ഇന്നും ഒരു കണ്ണാടി സമാനമായി നില്‍ക്കുന്നു. ഗാന്ധിജിയുടെ അയിത്തോച്ചാടനത്തോടുള്ള സമീപനം മൂന്നുപ്രശ്‌നങ്ങളിലേക്ക് നയിച്ചു. ഒന്ന്, അയിത്തോച്ചാടനം സവര്‍ണരുടെ ആത്മീയ ശുദ്ധിക്കുവേണ്ടിയുള്ള യത്‌നമായി ചിത്രീകരിച്ചതുകൊണ്ട് സവര്‍ണരെ ഉന്നതസ്ഥാനത്ത് നിര്‍ത്തി എന്നുമാത്രമല്ല അവരുടെ നീണ്ട ജാതി അതിക്രമങ്ങളുടെ ചരിത്രത്തെ ചോദ്യംചെയ്യാന്‍ അവരെ പ്രേരിപ്പിക്കാതെയുമിരുന്നു.
രണ്ട്, അയിത്തോച്ചാടനം സമം ജാതിരാഹിത്യം എന്ന തെറ്റായ ധാരണ സവര്‍ണരില്‍ രൂഢമൂലമാക്കി. അതുകൊണ്ടുതന്നെ ഇന്നും പല സവര്‍ണരും വിശ്വസിക്കുന്നത് തൊട്ടുകൂടായ്മ ആചരിച്ചില്ലെങ്കില്‍ അവര്‍ ജാതി ആചരിക്കാത്തവരായി മാറും എന്നാണ്. മൂന്ന്, സവര്‍ണരെ അവര്‍ണരുടെ രക്ഷകരാക്കി ചിത്രീകരിക്കുന്നതുവഴി ജാതിയെക്കുറിച്ചുള്ള പൂര്‍ണമായ തെറ്റിദ്ധാരണയിലേക്ക് ഒരു വലിയ ജനവിഭാഗത്തെത്തന്നെ നയിച്ചു. ജാതിയിലെ വിവേചനപരമായ പ്രവണതകള്‍മാത്രമാണ് മാറേണ്ടതെന്ന് ഗാന്ധിജി ശക്തമായി വിശ്വസിച്ചു. ഇതിനെല്ലാം വിപരീതമായി അംബേദ്കര്‍ ജാതിയുടെതന്നെ ഉന്മൂലനാശം മാത്രമേ ഇന്ത്യയില്‍ സമത്വം സ്ഥാപിക്കുന്നതിന് കാരണമാകൂ എന്ന് സംശയരഹിതമായി വാദിച്ചു.
ജാതി എന്ന ശ്രേണീകൃത അസമത്വം
അയിത്തം എന്നത് ജാതിയുടെ ഒരു ഭാഗം മാത്രമാണെന്നും ജാതി എന്നത് വ്യവസ്ഥാപിതമായ ശ്രേണീകൃത അസമത്വം ആണെന്നും അംബേദ്കര്‍ തെളിയിച്ചു. ധര്‍മത്തിന്റെ കണ്ണിലൂടെയല്ല ജാതി ഉന്മൂലനം ഒരു രാഷ്ട്രീയപദ്ധതിയും പോരാട്ടവുമായാണ് അംബേദ്കര്‍ കണ്ടത്. ഇരുപത്തൊന്ന് പ്രാവശ്യത്തോളം നിരാഹാര സത്യാഗ്രഹം കിടന്നെങ്കിലും ദളിതര്‍ക്ക് കിണറുകളും ക്ഷേത്രങ്ങളും പൊതുവിടങ്ങളും തുറന്നുകൊടുക്കാന്‍ സവര്‍ണഹിന്ദുക്കളെ പ്രേരിപ്പിക്കുന്നതിനായി ഗാന്ധിജി ഒരിക്കലും സത്യാഗ്രഹമെന്ന ആയുധം ഉപയോഗിച്ചിട്ടില്ല എന്ന് അംബേദ്കര്‍ തന്റെ 'അസ്പൃശ്യര്‍ എന്തുപറയുന്നു' എന്ന കൃതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
തെറ്റായ ആഖ്യാനങ്ങള്‍
അംബേദ്കര്‍ സ്വന്തം ജനതയെ സമത്വത്തിലേക്ക് നയിക്കുകയും ഗാന്ധിജി ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്തു എന്ന തരത്തിലാണ് ഭൂരിഭാഗം ആഖ്യാനങ്ങളും ഇന്ത്യന്‍ ആധുനിക ചരിത്രത്തെ മനസ്സിലാക്കുന്നത്. അംബേദ്കറുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പങ്കോ ഇന്ത്യന്‍ ജനതയെ സമത്വമെന്ന ആശയത്തിലേക്ക് നയിക്കാനുള്ള ശ്രമങ്ങളോ ഇന്നും പഠനവിഷയമായിട്ടില്ല. പാഠപുസ്തകങ്ങളില്‍നിന്നും യാഥാസ്ഥിതിക അക്കാദമിക ചരിത്രരചനകളില്‍നിന്നും അംബേദ്കറെ ഇന്നും മാറ്റിനിര്‍ത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇത്. ഇതിനാല്‍ ഇന്ത്യന്‍ ചരിത്രത്തിന്റെതന്നെ വലിയ ഒരേടാണ് ഇന്നും പര്യവേക്ഷണം ചെയ്യപ്പെടാതിരിക്കുന്നത്.
അംബേദ്കര്‍ എന്ന മഹാരഥന്റെ പ്രതിഭയെയും ദീര്‍ഘവീക്ഷണ പാടവത്തെയും പലപ്പോഴും തമസ്‌കരിച്ച് അദ്ദേഹത്തെ ഒരു ദളിത് വിമോചകനായി മാത്രം ചിത്രീകരിക്കാനുള്ള പ്രവണത പല ചിന്തകരിലും പ്രത്യേകിച്ച് ചരിത്രകാരരിലും കണ്ടുവരുന്നതാണ്. മഹാത്മാ അയ്യങ്കാളിയെ പുലയരാജാവ് എന്നുമാത്രമായി വിശേഷിപ്പിക്കുന്നതും ഇതേ ചിന്താഗതിയുടെ മറ്റൊരു വശമാണ്. കഴിഞ്ഞ ഒരു ദശകത്തില്‍ വന്ന രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളും പ്രത്യേകിച്ച് ദളിത്ബഹുജന്‍ രാഷ്ട്രീയ മുന്നേറ്റങ്ങളും കാരണം പലയിടങ്ങളിലും അംബേദ്കറെ അംഗീകരിക്കേണ്ടിവരുന്നതുകൊണ്ടുതന്നെ അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ പുതിയതന്ത്രങ്ങള്‍ ഉയര്‍ന്നുവരുന്നതായി കാണപ്പെടുന്നു. ഇതില്‍ ഒരു തന്ത്രം അംബേദ്കറെ ജാതിയോടോ ജാതി പ്രശ്‌നങ്ങളോടോ മാത്രം ചേര്‍ത്ത് ഉദ്ധരിക്കുന്ന പ്രവണതയാണ്.
അതുമാത്രമല്ല അദ്ദേഹം
ഇന്ത്യന്‍ രൂപയുടെ മൂല്യം തൊട്ട് വിഭജനം, സ്ത്രീ മുന്നേറ്റം, വിദ്യാഭ്യാസം തുടങ്ങി തൊഴില്‍നിയമങ്ങളെക്കുറിച്ചുവരെ അക്ഷരാര്‍ഥത്തില്‍ത്തന്നെ നൂറുകണക്കിന് വിഷയങ്ങളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അംബേദ്കറിനെ ഇന്നും ജാതിയെ മനസ്സിലാക്കാന്‍ മാത്രം ഉപയോഗിക്കുന്നതുതന്നെ ഈ തന്ത്രത്തിന് വ്യക്തമായ തെളിവാണ്. ഇന്ത്യന്‍ ഫിനാന്‍സ് കമ്മിഷന്‍ സ്ഥാപിച്ചതിനുപിന്നിലും ഇന്ത്യയിലെ തൊഴില്‍ നിയമങ്ങളും നയവും രൂപവത്കരിച്ചതിനുപിന്നിലും ഒരേ ജോലിക്ക് ഒരേ വേതനം എന്ന ആശയത്തിനുപിന്നിലും ദിവസജോലി എട്ട് മണിക്കൂറായി ക്രമപ്പെടുത്തിയതിനു പിന്നിലും എന്തിന് തൊഴില്‍ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവാവധി നല്‍കുന്നതിനുപിന്നിലും അംബേദ്കറുടെ നിശിതമായ ശ്രമങ്ങള്‍ ഇന്നും പൊതുജന ചര്‍ച്ചയിലോ അക്കാദമികമേഖലയിലോ ഭാഗമാകുന്നില്ല.
ഇന്ത്യക്ക് ഒരു റിസര്‍വ് ബാങ്ക് ഉണ്ടാകേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് സൗത്ത് ബോറോ കമ്മിറ്റിയെ ബോധ്യപ്പെടുത്തിയതിനു പിന്നിലുള്ള അംബേദ്കറുടെ പരിശ്രമവും റിസര്‍വ്ബാങ്കിന്റെ സ്ഥാപനത്തിന് പിന്നിലുള്ള അദ്ദേഹത്തിന്റെ ഇന്ത്യന്‍ രൂപയുടെ പ്രശ്‌നം(The Problem of the Indian Rupee) എന്ന കൃതിയുടെ സ്വാധീനവും ഇന്നും പലര്‍ക്കും അറിയില്ല. എന്നാല്‍, ഇതേ സൗത്ത് ബോറോ കമ്മിറ്റിയില്‍ അദ്ദേഹം ദളിത് ജനതയ്ക്ക് പ്രത്യേക വോട്ടവകാശവ്യവസ്ഥ (Separate Electorate) ആവശ്യപ്പെട്ടത് വലിയ കുറ്റകൃത്യം പോലെ ഭൂരിഭാഗം ചരിത്ര പാഠപുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം ജീവിതത്തിലൂടെയും എഴുത്തുകളിലൂടെയും പാര്‍ലമെന്റിലെയും ഭരണഘടനാ സമിതിയിലെയും പങ്കാളിത്തത്തിലൂടെയും വിദ്യാഭ്യാസത്തിന്റെ മൂല്യവും പ്രാധാന്യവും അംബേദ്കര്‍ വരച്ചു കാട്ടിയതിനെക്കുറിച്ച് ഇന്നും ആരും ഒരക്ഷരംപോലും എഴുതിയിട്ടില്ല. ഏറ്റവും ഗണ്യമായി, അദ്ദേഹം സര്‍വത്രിക വോട്ടവകാശത്തിനായി ഭരണഘടനാ സമിതിയില്‍ നടത്തിയ ബൃഹദ് പോരാട്ടത്തെക്കുറിച്ച് ചരിത്രത്തില്‍നിന്നോ രാഷ്ട്രീയതത്ത്വചിന്താമേഖലയില്‍ നിന്നോ ഇന്നും ഒരു ഗഹനമായ പഠനം രൂപവത്കരിക്കപ്പെട്ടിട്ടില്ല.
ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലത്തില്‍ ഒരു യഥാര്‍ഥവിപ്ലവം സൃഷ്ടിച്ചത് പുരുഷനും സ്ത്രീക്കും ദളിതനും ആദിവാസിക്കും എല്ലാം ഒരു വോട്ട് എന്ന സര്‍വത്രിക അവകാശത്തിനായുള്ള അംബേദ്കറുടെ ദൃഢമായ വാദമായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ല് ഇന്നും അതുതന്നെയാണ്. അംബേദ്കര്‍ ആരാധനയില്‍നിന്ന് അംബേദ്കറുടെ എഴുത്തുകളെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഒരിടത്തേക്ക് എത്താന്‍വേണ്ടി നാം ഇനിയുമെത്ര കാത്തിരിക്കണം.
(കണ്ണൂര്‍ സര്‍വകലാശാല ചരിത്രവിഭാഗം മേധാവിയായ ലേഖിക ചരിത്രകാരിയും എഴുത്തുകാരിയുമാണ് )
Content Highlights: ambedkar jayanti 2025 ambedkars movments to end caste system in india