‘യഥാർഥ മുഖം തിരിച്ചറിയാനാണ് പ്രയാസം, ഇനിയും എത്ര കഥകൾ’; ഷാഫിക്കെതിരേ ഉണ്ണിത്താന്റെ മകൻ

#ന്യൂസ് ഡെസ്ക്
അമൽ ഉണ്ണിത്താൻ പങ്കുവെച്ച ചിത്രം
അമൽ ഉണ്ണിത്താൻ പങ്കുവെച്ച ചിത്രം

ഷാഫി പറമ്പിലിനെതിരേ പരസ്യ പോസ്റ്റുമായി രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ. കേട്ടതും കേൾക്കാത്തതുമായ പല കഥകളും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തിൽ ശത്രുക്കളെ തിരിച്ചറിയാൻ എളുപ്പമാണ്. പക്ഷേ കൂടെനിന്നവരുടെ യഥാർത്ഥ മുഖം തിരിച്ചറിയാനാണ് പ്രയാസം. ആട്ടിൻതോലിട്ട ചെന്നായ എന്നൊക്കെ പറയുന്നത് വെറുതെയല്ലല്ലോ! ഇനിയും എത്ര കഥകൾ പുറത്തുവരാനുണ്ടോ, സത്യങ്ങൾ ഇനിയും മറഞ്ഞിരിക്കരുത്. കാലം പല ചോദ്യങ്ങൾക്കും ഉത്തരം നൽകട്ടെയെന്ന് അമൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഷാഫി പറമ്പിലിന്റെ ചിത്രത്തിനൊപ്പം ബാഹുബലി സിനിമയിലെ രംഗം എഐ സഹായത്തോടെ നിർമിച്ച് പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നിൽനിന്നും കുത്തുന്നതായിട്ടാണ് പോസ്റ്റിലെ ചിത്രം.

കേട്ടതും കേൾക്കാത്തതുമായ പല കഥകളും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു! രാഷ്ട്രീയത്തിൽ ശത്രുക്കളെ തിരിച്ചറിയാൻ എളുപ്പമാണ്. പക്ഷേ, കൂടെനിന്നവരുടെ യഥാർഥ മുഖം തിരിച്ചറിയാനാണ് പ്രയാസം! ആട്ടിൻതോലിട്ട ചെന്നായ എന്നൊക്കെ പറയുന്നത് വെറുതെയല്ലല്ലോ! ഇനിയും എത്ര കഥകൾ പുറത്തുവരാനുണ്ടോ? കാലം പല ചോദ്യങ്ങൾക്കും ഉത്തരം നൽകട്ടെ. സത്യങ്ങൾ ഇനിയും മറഞ്ഞിരിക്കരുത്!- പോസ്റ്റിൽ പറയുന്നു

കഴിഞ്ഞദിവസം രാജ്‌മോഹൻ ഉണ്ണിത്താൻ ഷാഫി പറമ്പിലിനെതിരേ നിശ്ശിത വിമർശവുമായി രംഗത്തുവന്നിരുന്നു. തനിക്കെതിരേയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫി ആണെന്ന ആരോപണത്തോടെയായിരുന്നു ഷാഫിക്കും രാഹുലിനുമെതിരേ അദ്ദേഹം കടുത്ത ആക്രമണം നടത്തിയത്. ഷാഫി പറമ്പിൽ 'എ' ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും ഷാഫി എ പക്ഷത്താണെന്ന് വിശ്വസിക്കാൻ മൗഢ്യമില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു.

കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ കൈവിട്ടതോടെ അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും സംഭവത്തിൽ ഇടപെടുകയും ഉണ്ണിത്താനെ ഫോണിൽ വിളിച്ച് സംയമനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പരസ്യപ്രതികരണം വേണ്ടെന്ന് ഷാഫിയോടും ആവശ്യപ്പെട്ടു. എന്നാൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ വീണ്ടും ഫെയ്‌സ്ബുക്കിലൂടെ പ്രതികരണം നടത്തുകയായിരുന്നു. പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ അത് പിൻവലിക്കുകയും ചെയ്തു.

Content Highlights: Amal Unnithan posted a controversial Facebook post against Shafi Parambil, which was later deleted., The post featured an AI-generated image from Baahubali depicting a betrayal., Rajmohan Unnithan had previously accused Shafi Parambil of cyber attacks., KPCC President Sunny Joseph and AICC General Secretary Deepa Dasmunshi intervened to calm tensions.