'തട്ടംപരാമര്‍ശം പാര്‍ട്ടി നയമല്ലെന്ന് MV ഗോവിന്ദന്‍ പറഞ്ഞു;അതിനാലാണ് ജലീലിന്റെ കുറിപ്പ് പങ്കുവച്ചത്'

ആലപ്പുഴ: സി.പി.എം. സംസ്ഥാന സമിതിയംഗം അഡ്വ. കെ. അനില്‍കുമാറിന്റെ വിവാദ തട്ടം പരാമര്‍ശം പാര്‍ട്ടി നയമല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞതായി എ.എം. ആരിഫ് എം.പി. ആ പശ്ചാത്തലത്തിലാണ് കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പാര്‍ട്ടിയുടെ നയത്തില്‍നിന്നുകൊണ്ടുള്ള പ്രതികരണമാണ് ജലീലിന്റേതെന്നും ആരിഫ് എം.പി. പറഞ്ഞു.
തട്ട പരാമര്‍ശം സംബന്ധിച്ച വീഡിയോ എം.വി. ഗോവിന്ദന്‍ മാഷിന് അയച്ചുകൊടുത്തു. അനില്‍ കുമാര്‍ അത്തരത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി നയമല്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ പശ്ചാത്തലത്തിലാണ് കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പാര്‍ട്ടിയുടെ നയത്തില്‍നിന്നുകൊണ്ടാണ് ജലീല്‍ പ്രതികരിച്ചിരിക്കുന്നത്. വസ്ത്രധാരണ വിഷയത്തില്‍ പാര്‍ട്ടി ഇന്നുവരെ ഇടപെട്ടിട്ടില്ല. പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത് പോലും തലപ്പാവ് ധരിച്ചിരുന്നു. പഞ്ചാബിന്റെ ഒരു ആചാര രീതിയാണത്. അത് അംഗീകരിച്ചുപോകുന്ന പ്രസ്ഥാനമാണ് സി.പി.എമ്മെന്നും ആരിഫ് പറഞ്ഞു.
ഹിജാബ് വിവാദം വന്നപ്പോള്‍ അതിനുവേണ്ടി നിലകൊണ്ട പാര്‍ട്ടിയാണ് സി.പി.എം. ഹിജാബ് നിര്‍ബന്ധമാക്കാനോ ധരിക്കണമെന്ന് ആഗ്രഹിക്കുന്നവരെ തടയാനോ പാടില്ല. മതപരമായ കാര്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് കുറെക്കൂടി പഠിക്കാന്‍ അനില്‍കുമാര്‍ ശ്രദ്ധിക്കണം. അബദ്ധങ്ങള്‍ പറയുന്നത് പാര്‍ട്ടിയുടെ അഭിപ്രായമായി വ്യാഖ്യാനിക്കരുതെന്നും ആരിഫ് വ്യക്തമാക്കി.
മതവിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അതിനെതിരേ സി.പി.എം. ഇന്നുവരെ നിഷേധാത്മകമായ നിലപാട് എടുത്തിട്ടില്ല. മലപ്പുറത്തും കണ്ണൂരുമെല്ലാമുള്ള പാര്‍ട്ടി പരിപാടികളില്‍ തട്ടമിട്ടവരാണ് കൂടുതലെന്നും ആരിഫ് പറഞ്ഞു.
തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഭാഗമായാണെന്ന് നേരത്തേ സി.പി.എം. നേതാവ് അഡ്വ. കെ. അനില്‍കുമാര്‍ പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ഒരു മുസ്‌ലിം പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് മുന്‍മന്ത്രിയും എം.എല്‍.എ.യുമായ കെ.ടി. ജലീല്‍ ഇതിനു മറുപടി നല്‍കി. വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും. വിദ്യാഭ്യാസമുള്ള, തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്തെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിരുന്നു.
ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് എ.എം. ആരിഫ് എം.പി. ഉള്‍പ്പെടെ പങ്കുവെച്ചത് ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. അതേത്തുടര്‍ന്നാണ് ആരിഫിന്റെ പ്രതികരണം.
Content Highlights: am arif mp responding in hijab controversy