'മുഖ്യമന്ത്രിയെ കണ്ടപ്പോൾ ഞാൻ ചിരിച്ചു, അത് ഞാൻ പഠിച്ച രാഷ്ട്രീയം'; അലോഷ്യസ് സേവ്യർ

#ന്യൂസ് ഡെസ്ക്
അലോഷ്യസ് സേവ്യർ, വി.ഡി. സതീശൻ | Photo: മാതൃഭൂമി
അലോഷ്യസ് സേവ്യർ, വി.ഡി. സതീശൻ | Photo: മാതൃഭൂമി

തേവര: മുഖ്യമന്ത്രിയുടെ അവഗണനയിൽ പ്രതികരിച്ച് കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. ഇതൊരു രാഷ്ട്രീയ പരിപാടി അല്ലെന്നും അതുകൊണ്ടുതന്നെ ഇതിൽ രാഷ്ട്രീയ പരാമർശങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നത് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. 10 വർഷക്കാലം കേരളത്തിലെ ക്യാമ്പസുകളിലും തെരുവോരങ്ങളിലും സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ പോരടിച്ച് ഇടതുപക്ഷ സർക്കാരിനെതിരെ വലിയ പോരാട്ടം നടത്തിയാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. സാധാരണക്കാരായ കെ.എസ്.യു. പ്രവർത്തകരുടെ ചോരയും നീരും വിയർപ്പുമാണ് ഈ യുഡിഎഫ് സർക്കാർ. എന്നാൽ ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ചെറിയ വീഴ്ച ഉണ്ടായി. കെ.എസ്.യു. പ്രവർത്തകരെ കായികമായി അക്രമിച്ച ഒരു കൂട്ടത്തിന്റെ പ്രിതിനിധി പ്ലീഡർ സ്ഥാനത്തേക്ക് എത്തിയപ്പോൾ അത് തിരുത്തണമെന്ന് ചൂണ്ടിക്കാട്ടുകയാണ് കെ.എസ്.യു. ചെയ്തത്. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ തന്റെ പ്രവർത്തകരുടെ വികാരത്തെ ഉൾക്കൊള്ളുകയെന്നതാണ് താൻ പഠിച്ച രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

തേവര കോളേജ് തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തിയ ആത്മവിദ്യാലയമാണെന്ന് അലോഷ്യസ് വികാരാധീനനായി ഓർമ്മിച്ചു. ഇടുക്കിയിലെ മലയോര ജില്ലയിൽ നിന്നും പഠനത്തിനായി എത്തിയ തനിക്ക് ഒരു വ്യക്തി എന്ന നിലയിലും രാഷ്ട്രീയക്കാരൻ എന്ന നിലയിലും ഐഡന്റിറ്റി നൽകിയത് ഈ കലാലയമാണ്. 2012 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും എംഫിലും പൂർത്തിയാക്കിയത് ഇതേ ക്യാമ്പസിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തേവര കോളേജിലെ പൂർവ്വ വിദ്യാർഥികളായ മുഖ്യമന്ത്രി വി.ഡി. സതീശൻ, ചീഫ് വിപ്പ് അപു ജോൺ ജോസഫ് തുടങ്ങിയവർക്ക് നൽകിയ സ്വീകരണത്തിൽ കോളേജ് മാനേജ്‌മെന്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഈ പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: KSU State President Aloysius Xavier clarifies his interaction with the CM and addresses the government pleader appointment controversy.