കേന്ദ്രത്തിന്റെ ഡീപ്-ടെക് ഫണ്ട് വിതരണത്തിൽ സ്വജനപക്ഷപാതം; 2192 കോടിയിൽ 1377-ഉം സ്വന്തക്കാർക്ക്

ന്യൂഡൽഹി: സ്വകാര്യമേഖലയിലെ ഡീപ്-ടെക് ഗവേഷണത്തിനും നവീകരണത്തിനും കേന്ദ്രസർക്കാർ തുടങ്ങിയ റിസർച്ച്, ഡിവലപ്മെന്റ് ആൻഡ് ഇനവേഷൻ (ആർ.ഡി.ഐ.) ഫണ്ട് വിതരണത്തിൽ സ്വജനപക്ഷപാതമെന്ന് ആരോപണം.
ആദ്യഘട്ടത്തിൽ അനുവദിച്ച 2,192 കോടി രൂപയിൽ 1,377 കോടിയും പദ്ധതിക്കായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ടെക്‌നോളജി ഡിവലപ്മെന്റ് ബോർഡിന്റെ (ടി.ഡി.ബി.) 12 അംഗ നിക്ഷേപസമിതിയിലുൾപ്പെട്ട ഏഴുപേർക്കാണെന്നാണ് പരാതി.
വായ്പ കൈപ്പറ്റിയ സമിതി അംഗങ്ങൾ തങ്ങളുടെ താത്പര്യം മുൻകൂട്ടി വെളിപ്പെടുത്തുകയും അപേക്ഷ പരിഗണിക്കുമ്പോൾ ചർച്ചകളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തുവെന്നാണ് സർക്കാർ വിശദീകരണം.
സമിതിയിലെ ഒരംഗംതന്നെ ഇതിനെ വിമർശിച്ചതായി 'ഇന്ത്യൻ എക്‌സ്പ്രസ്' പത്രം റിപ്പോർട്ടുചെയ്തു. ശാസ്ത്രഗവേഷണം, നൂതന എൻജിനിയറിങ്, ഹൈ-ടെക് മുന്നേറ്റങ്ങൾ എന്നിവയിലൂന്നി പ്രവർത്തിക്കുന്ന കമ്പനികളാണ് ഡീപ്-ടെക് കമ്പനികൾ.
ഈടില്ലാതെ ദീർഘകാലയളവിൽ ലഘുപലിശയ്ക്ക് ഡീപ്-ടെക് വിപുലീകരണത്തിന് ഒരു ലക്ഷം കോടിയാണ് കഴിഞ്ഞവർഷം കേന്ദ്രം നീക്കിവെച്ചത്. ആദ്യഘട്ടമായാണ് ബഹിരാകാശ സാങ്കേതികവിദ്യ, ഊർജ സാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങി വിവിധ മേഖലകളിലെ 22 കമ്പനികൾക്ക് സഹായം നൽകിയത്. ഫണ്ട് ലഭിച്ച 15 കമ്പനികൾക്ക്, അവരെ തിരഞ്ഞെടുത്ത 12 അംഗ സമിതിയിലെ ഏഴംഗങ്ങളുമായി നിക്ഷേപരൂപത്തിലും ബിസിനസ് രൂപത്തിലും ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. 62 ശതമാനം തുക ഇവരുമായി ബന്ധപ്പെട്ടവരിലേക്ക് കൈമാറി.
സമിതിയുടെ ചെയർമാനായ സൗരഭ് ശ്രീവാസ്തവയുമായി ബന്ധമുള്ള ഒൻപതു കമ്പനികൾക്ക് ഫണ്ട് ലഭിച്ചു. ഇതിൽ നോക്കാക് റോബോട്ടിക്‌സ് എന്ന കമ്പനിയിൽ ശ്രീവാസ്തവയ്ക്ക് വ്യക്തിപരമായ ഓഹരി പങ്കാളിത്തവുമുണ്ട്. കെ.ആർ.എസ്. ജംവാൾ, ദേബാശിഷ് ഭട്ടാചാര്യ, സഞ്ജയ് നായക്, ആനന്ദ് ദേശ് പാണ്ഡെ, ഗോപാൽ ശ്രീനിവാസൻ, സുധീർ മേത്ത് എന്നിവർക്കു ബന്ധമുള്ള ഓരോ കമ്പനിക്കു വീതവും സഹായം ലഭിച്ചു.
Content Highlights: Allegations of conflict of interest in the distribution of India's Deep-Tech RDI funds., 1,377 crore out of 2,192 crore allocated to companies linked to TDB committee members., Government claims transparency through disclosure, yet internal dissent exists., 9 companies linked to TDB Chairman Saurabh Srivastava received funding.