സൂപ്പർഫാസ്റ്റിൽ ആരോ ചങ്ങല വലിച്ചു: ട്രെയിൻ ഗതാഗതം താറുമാറായി, ആലപ്പുഴ മെമു വൈകിയത് 2 മണിക്കൂർ

ആലപ്പുഴ: യാത്രക്കാരിലാരോ അപായച്ചങ്ങല വലിച്ചതിനാൽ ചൊവ്വാഴ്ച രാവിലെ തീരദേശപാതയിൽ ട്രെയിൻ ഗതാഗതം താറുമാറായി. മുംബൈയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കുമ്പളം സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് ആരോ ചങ്ങല വലിച്ചത്. ഇതോടെ ട്രെയിൻ നിന്നു. തുടർന്നുണ്ടായ സാങ്കേതികപ്രശ്നം പരിഹരിക്കാൻ വൈകിയതോടെ പാതയിലെ ട്രെയിൻ ഗതാഗതം അവതാളത്തിലായി. എറണാകുളം-ആലപ്പുഴ മെമു രണ്ടുമണിക്കൂറോളം വൈകിയാണ് ഓടിയത്.
രാവിലെ 7.50-ന് പുറപ്പെട്ട് 9.10-ന് ആലപ്പുഴയിലെത്തേണ്ട മെമു എത്തിയത് 11 മണിക്ക്. ഇതോടെ വിദ്യാർഥികളും ജോലിക്കാരുമടക്കമുള്ള സ്ഥിരംയാത്രക്കാർ ബുദ്ധിമുട്ടിലായി. മെമു കുമ്പളത്ത് ഏറെനേരം പിടിച്ചിടേണ്ടിവന്നു. ആലപ്പുഴയിൽനിന്ന് എറണാകുളത്തേക്കുള്ള മെമുവും തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസും പോയതിനു ശേഷമാണ് എറണാകുളം-ആലപ്പുഴ െമമുവിനെ കടത്തിവിട്ടത്.
സമയം വൈകിയതിനാൽ മറ്റിടങ്ങളിൽ പിടിച്ചിടാതെ പെട്ടെന്ന് ആലപ്പുഴയിൽ എത്തിക്കുമെന്നാണ് യാത്രക്കാർ കരുതിയത്. എന്നാൽ, മാരാരിക്കുളം സ്റ്റേഷനിൽ വീണ്ടും പിടിച്ചിട്ടു. ചെന്നൈ-ആലപ്പി എക്സ്പ്രസിനു പോകാനായിരുന്നു അത്. ചെന്നൈ ആലപ്പുഴയിൽ എത്തിയതിനുശേഷമാണ് മെമുവിന് യാത്രാനുമതി കിട്ടിയത്.
കളക്ടറേറ്റിലും വിവിധ സർക്കാർ ആശുപത്രികളിലും സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവർക്ക് പകുതിദിവസം അവധിയാക്കേണ്ടിവന്നു. വിദ്യാർഥികൾക്കും അത്രയും സമയം നഷ്ടമായി.