ആലപ്പുഴ ഇരട്ടപ്പാത: ലക്ഷ്യം 160 കി.മീ. വേഗം, പുതിയ ഡി.പി.ആറിൽ പ്ലാറ്റ്ഫോം നീളം 600 മീറ്റർ

#ജിനോ സി. മൈക്കിൾ
പ്രതീകാത്മകചിത്രം (ഫയൽചിത്രം)
പ്രതീകാത്മകചിത്രം (ഫയൽചിത്രം)

ആലപ്പുഴ: അമ്പലപ്പുഴ- തുറവൂർ ഇരട്ടപ്പാതയിൽ ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററായി ഉയർത്താനുള്ള ലക്ഷ്യത്തിൽ റെയിൽവേ. നിലവിലെ വേഗപരിധി 130 കിലോമീറ്ററായി ഉയർത്തുന്നതിനുള്ള ജോലി നടക്കുകയാണ്. ഇതിനായി റെയിലും സ്ലീപ്പറുകളും മാറ്റുന്നത് പുരോഗമിക്കുകയാണ്.

പുതിയ ഇരട്ടപ്പാത പൂർത്തിയാകുമ്പോൾ 160 കിലോമീറ്റർ വേഗം കൈവരിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.

എറണാകുളം മുതൽ തുറവൂർ വരെയുള്ള ഇരട്ടപ്പാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. അരൂർ റെയിൽവേ പാലത്തിൽ രണ്ടാമത്തെ ഗർഡറും കഴിഞ്ഞദിവസം സ്ഥാപിച്ചു.

പ്ലാറ്റ്ഫോം നീളം കൂടും

പുതിയ വിശദ പദ്ധതിരേഖ (ഡി.പി.ആർ.) പ്രകാരം ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മൂന്നു പ്ലാറ്റ്ഫോമുകളും മൂന്നു സ്റ്റേബ്ലിങ് ലൈനുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഭാവിയിൽ പ്ലാറ്റ്ഫോമുകളുടെ എണ്ണം അഞ്ചായി ഉയർത്താനുള്ള സാധ്യത നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ പിറ്റ് ലൈൻ പൊളിച്ചുമാറ്റി പുതിയ പിറ്റ് ലൈൻ സ്ഥാപിക്കുന്നതിനുള്ള നിർദേശം മെക്കാനിക്കൽ വിഭാഗം നൽകിയിട്ടുണ്ട്. ചേർത്തലയിൽ നാലു പ്ലാറ്റ്ഫോമുകളും തുറവൂർ, മാരാരിക്കുളം, അമ്പലപ്പുഴ എന്നിവിടങ്ങളിൽ മൂന്നു പ്ലാറ്റ്ഫോമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്ലാറ്റ്ഫോമുകളുടെ നീളം 560 മീറ്ററിൽനിന്ന് 600 മീറ്ററായി ഉയർത്താനും നിർദേശമുണ്ട്. ഇതോടെ 24 എൽ.എച്ച്.ബി. കോച്ചുകളുള്ള ദീർഘദൂര ട്രെയിനുകൾക്ക് ഈ സ്റ്റേഷനുകളിൽ കൂടുതൽ സൗകര്യത്തോടെ സർവീസ് നടത്താനാകും.

ഭാവിയിൽ കേരളത്തിലൂടെയുള്ള ദീർഘദൂര ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും കൂടുതൽ കോച്ചുകളുള്ള ട്രെയിനുകൾ ഓടിക്കുന്നതിനും ദീർഘമായ പ്ലാറ്റ്ഫോമുകൾ സഹായകരമാകും.

കൂടുതൽ ഭൂമിവേണം

തീരദേശ റെയിൽപ്പാതയുടെ ഭാവിവികസന സാധ്യതകൾകൂടി കണക്കിലെടുത്ത് ആവശ്യമായ അധിക ഭൂമി ഇപ്പോൾത്തന്നെ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഭാവിയിൽ വീണ്ടും ഭൂമിയേറ്റെടുക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ദീർഘകാല റെയിൽവേ വികസനാവശ്യങ്ങൾകൂടി നിലവിലെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

റവന്യൂവകുപ്പ് പുതിയ തസ്തികകൾ സൃഷ്ടിച്ചതോടെ അമ്പലപ്പുഴ–തുറവൂർ ഇരട്ടപ്പാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് വേഗംകൈവരിക്കുമെന്നാണ് പ്രതീക്ഷ. വടക്കൻജില്ലകളിൽനിന്നു തെക്കൻജില്ലകളിലേക്കുള്ള ദീർഘദൂര ട്രെയിൻ സർവീസുകൾക്കും പ്രധാന റെയിൽ ഇടനാഴിയായ തീരദേശപാതയ്ക്കും ഇരട്ടപ്പാത പൂർത്തിയാകുന്നത് നിർണായകമാകും.

ഇതിനായി ഭൂമി ഇപ്പോൾത്തന്നെ ഉറപ്പാക്കണമെന്നാണാവശ്യം. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്നു തെക്കുമാറി ഭൂമി ലഭ്യമായ സാഹചര്യത്തിൽ പുതിയ ഡിപ്പോ, പിറ്റ്, സ്റ്റേബ്ലിങ് ലൈനുകൾ എന്നിവ അവിടെ സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നാണ് യാത്രക്കാരുടെ നിർദേശം.

ലൂപ്പ് ലൈൻ ഒഴിവാക്കി പ്രധാന പാതയിലേക്ക്

തീരദേശപാതയിലെ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോം ക്രമീകരണത്തിലും പുതിയ ഡി.പി.ആറിൽ പ്രധാന മാറ്റങ്ങളുണ്ട്. നിലവിൽ തുറവൂർ, മാരാരിക്കുളം, അമ്പലപ്പുഴ എന്നിവിടങ്ങളിൽ ചില പ്ലാറ്റ്ഫോമുകൾ ലൂപ്പ് ലൈനിലാണ്. ഇതുമൂലം ട്രെയിനുകൾക്ക് അധികസമയം വേണ്ടിവരുന്ന സാഹചര്യമുണ്ട്.

പുതിയ ക്രമീകരണം നടപ്പാകുന്നതോടെ ഈ സമയനഷ്ടം ഗണ്യമായി കുറയ്ക്കാനാകും. ആലപ്പുഴയിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളും തുറവൂർ, ചേർത്തല, മാരാരിക്കുളം, അമ്പലപ്പുഴ എന്നിവിടങ്ങളിൽ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളും പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പദ്ധതി.

പ്രധാനപാതയിൽനിന്നു നേരിട്ട് പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കാനും സ്റ്റേഷനിൽനിന്നു വേഗത്തിൽ പുറപ്പെടാനും കഴിയുന്നതോടെ ട്രെയിനുകളുടെ യാത്രാസമയം കുറയ്ക്കാനും സമയനിഷ്ഠ മെച്ചപ്പെടുത്താനും സാധിക്കും.

യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കണം

പ്ലാറ്റ്ഫോം ക്രമീകരണത്തിൽ മാറ്റംവരുന്നതിനനുസരിച്ച് യാത്രക്കാരുടെ അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കണമെന്ന ആവശ്യവുമുയരുന്നു. തുറവൂർ, ചേർത്തല, മാരാരിക്കുളം, അമ്പലപ്പുഴ തുടങ്ങിയ സ്റ്റേഷനുകളിൽ ലിഫ്റ്റ്, നടപ്പാലം, പ്ലാറ്റ്ഫോം മേൽക്കൂര തുടങ്ങിയ സൗകര്യങ്ങൾ വിപുലീകരിക്കണമെന്നാണാവശ്യം.

നേരേകടവ്–മാക്കേക്കടവ് പാലം തുറക്കുന്നതോടെ വൈക്കം, തലയോലപ്പറമ്പ്, തലയാഴം, ഇടയാഴം, വെച്ചൂർ, കുമരകം, കൈപ്പുഴമുട്ട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് തുറവൂർ, ചേർത്തല സ്റ്റേഷനുകളിലേക്ക് എത്തിച്ചേരാൻ സാധിക്കും.

Content Highlights: The railway aims to increase train speeds to 160 km/h on the Ambalappuzha-Thuravoor double track, with current work focused on raising the speed limit to 130 km/h by upgrading rails and sleepers. Platform extensions and infrastructure improvements are planned, including increasing platform lengths to accommodate longer trains and enhancing passenger facilities at key stations like Alappuzha, Thuravoor, and Cherthala.