‘സ്വാമീശരണം ശരണമെന്റയ്യപ്പാ’ കെെകൊട്ടിപ്പാടി ജി. സുധാകരൻ; ആലപ്പുഴ-പമ്പ ബസ് ഉദ്ഘാടനം ചെയ്തു

#ന്യൂസ് ഡെസ്ക്
പമ്പാ ബസിലിരുന്ന് കൈകൊട്ടിപ്പാടുന്ന ജി. സുധാകരൻ എം.എൽ.എ.
പമ്പാ ബസിലിരുന്ന് കൈകൊട്ടിപ്പാടുന്ന ജി. സുധാകരൻ എം.എൽ.എ.

അമ്പലപ്പുഴ: ‘സ്വാമീശരണം ശരണമെന്റയ്യപ്പാ, സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ...’ ഗായകൻ പി. ജയചന്ദ്രൻ പാടിയ പ്രസിദ്ധമായ അയ്യപ്പഭക്തിഗാനത്തിന്റെ ആദ്യവരികൾ ജി. സുധാകരൻ എം.എൽ.എ. കൈകൊട്ടി പാടിയപ്പോൾ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളുടെ നേതൃത്വത്തിൽ ഏറ്റുപാടി. അമ്പലപ്പുഴ-പമ്പ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ഉദ്ഘാടനംചെയ്തശേഷം യാത്രചെയ്യുകയായിരുന്നു സുധാകരൻ.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പതാകവീശി സർവീസ് ഉദ്ഘാടനത്തിനുശേഷം സുധാകരനും മറ്റുള്ളവരും കുറച്ചുദൂരം ബസിൽ യാത്രചെയ്തു.

ബസ് പുറപ്പെട്ടപ്പോൾ ഉപദേശകസമിതി ഭാരവാഹികൾ ശരണം വിളിച്ചു. ഇതിനിടെയാണ് മുൻസീറ്റിലിരുന്ന സുധാകരൻ അടുത്തുനിന്ന ഉപദേശകസമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണനോട് പാട്ടിന്റെ കാര്യം പറഞ്ഞശേഷം കൈകൊട്ടി പാടിയത്. രണ്ടുവരികൾ സുധാകരൻ പാടി. ബാക്കിയുള്ളവർ അതേറ്റുപാടി. 1975-ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലെ ഗാനത്തിന് വയലാറിന്റെ വരികളും ജി. ദേവരാജന്റെ സംഗീതവുമാണ്.

Content Highlights: G. Sudhakaran inaugurated and traveled on the Ambalappuzha-Pamba KSRTC bus service., He sang the famous Ayyappa devotional song originally sung by P. Jayachandran., Temple advisory committee members joined him in chanting and singing the song., The song is from the 1975 film 'Swami Ayyappan' with lyrics by Vayalar and music by G. Devarajan.