സപ്ലൈകോയിൽ അത്തംകിറ്റ് മുതൽ തിരുവോണക്കിറ്റു വരെ; 1280 രൂപയുടെ സാധനങ്ങൾ 1000 രൂപയ്ക്ക്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

ആലപ്പുഴ: ഓണത്തെ വരവേൽക്കാൻ സപ്ലൈകോ വിൽപ്പനകേന്ദ്രങ്ങൾ വിവിധതരം കിറ്റുകൾ തയ്യാറാക്കും. 1,280 രൂപയുടെ സാധനങ്ങൾ 1,000 രൂപയ്ക്ക് നൽകുന്നതാണ് അത്തംകിറ്റ്. അരി, വെളിച്ചെണ്ണ, പഞ്ചസാര എന്നിവയുൾപ്പെടെ 21 ഇനങ്ങൾ കിറ്റിലുണ്ടാകും. 1,880 രൂപ വിലയുള്ള 25 ഇനം സാധനങ്ങളടങ്ങിയ ഉത്രാടം കിറ്റ് 1,500 രൂപയ്ക്ക് നൽകും. തിരുവോണം കിറ്റിൽ 2,540 രൂപ വിലയുള്ള 30 ഇനം സാധനങ്ങളുണ്ടാകും. ഇത് 2,000 രൂപയ്ക്ക് കിട്ടും. കൂടാതെ, 374.50 രൂപവിലയുള്ള സിഗ്നേച്ചർ കിറ്റ് 299 രൂപയ്ക്ക് ലഭിക്കും. സമ്മാനപദ്ധതികളും സപ്ലൈകോ നടപ്പാക്കിയിട്ടുണ്ട്.

38,734 മഞ്ഞക്കാർഡുകാർക്ക് ജില്ലയിൽ സൗജന്യ ഓണക്കിറ്റ്

ഓണത്തിന് മഞ്ഞ റേഷൻകാർഡ് (അന്ത്യോദയ അന്നയോജന) കൈവശമുള്ള ജില്ലയിലെ 38,734 കുടുംബങ്ങൾക്ക് സൗജന്യമായി ഓണക്കിറ്റ് നൽകും. ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം. കൂടാതെ, ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നാലുപേർക്ക് ഒരുകിറ്റ് എന്ന നിലയിലും വിതരണം ചെയ്യും. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം ഉത്പന്നങ്ങളുണ്ടാകും.

സപ്ലൈകോ കിറ്റ് തയ്യാറാക്കി റേഷൻകടകളിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. 837 രൂപയുടെ സാധനങ്ങളാണ് കിറ്റിലുള്ളത്. തിങ്കളാഴ്ച കിറ്റിൽ സാധനങ്ങൾ നിറച്ചുതുടങ്ങും. ഓഗസ്റ്റ് അഞ്ചുമുതൽ 10 വരെ റേഷൻകടകളിലേക്ക് എത്തിക്കും. 10 മുതൽ റേഷൻ 25 വരെ (ഉത്രാടദിവസം) വരെ കിറ്റു വാങ്ങാം.

കിറ്റിലുള്ളത്

പഞ്ചസാര-ഒരുകിലോ, വെളിച്ചെണ്ണ-ഒരു ലിറ്റർ, തുവരപ്പരിപ്പ്-250 ഗ്രാം, ചെറുപയർ പരിപ്പ്- 250 ഗ്രാം, വൻപയർ- 250 ഗ്രാം, കടല-500 ഗ്രാം, മിൽമ നെയ്യ്-100 മില്ലി ലിറ്റർ, പായസക്കൂട്ട്-40 ഗ്രാം, തേയില-250 ഗ്രാം, പായസം മിക്‌സ്-200 ഗ്രാം, സാമ്പാർ പൊടി-100 ഗ്രാം, മുളകുപൊടി-100 ഗ്രാം, മഞ്ഞൾപ്പൊടി-100 ഗ്രാം, മല്ലിപ്പൊടി-100 ഗ്രാം, ഉപ്പുപൊടി-ഒരു കിലോ.

Content Highlights: Free Onam kits for 38,734 yellow ration card families in Alappuzha., Kit distribution scheduled from August 10 to August 25, 2026., Includes 16 essential items worth 837 INR., Additional discounted kits (Atham, Uthradam, Thiruvonam) available via Supplyco., Distribution to welfare institutions also included.