NHM-ൽ പിരിച്ചുവിടൽ: ആലപ്പുഴയിൽ 90 പേർക്ക് ജോലിപോയി; ഇടത് യൂണിയൻ പ്രസിഡന്റിനെ നിലനിർത്തി, സെക്രട്ടറി പുറത്തായി

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആലപ്പുഴ: ദേശീയ ആരോഗ്യ ദൗത്യത്തിൽ (എൻ.എച്ച്.എം.) ജീവനക്കാരെ പിരിച്ചുവിട്ടുതുടങ്ങി. ജില്ലയിൽ 90 പേർക്ക് ജോലി നഷ്ടമായി. മെഡിക്കൽ ഓഫീസർമാർ, പി.ആർ.ഒ.മാർ, നഴ്സുമാർ, ക്ലറിക്കൽ ജീവനക്കാർ തുടങ്ങിയവർക്കാണ് ജോലിയില്ലാതായത്. ഇവരെല്ലാം വർഷങ്ങളായി ജോലിചെയ്യുന്നവരാണ്.

ഇടത്‌ അനുഭാവികൾ, ജോലിയിൽ മികവില്ലാത്തവർ, സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ടവർ തുടങ്ങിയവരാണ് പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നത്. എൻ.എച്ച്.എമ്മിലെ സി.ഐ.ടി.യു. യൂണിയനിൽപ്പെട്ട ജില്ല പ്രസിഡന്റിനെ നിലനിർത്തിയപ്പോൾ സെക്രട്ടറിക്കു ജോലിപോയി. രാഷ്ട്രീയപ്രേരിതമായല്ല പിരിച്ചുവിടലെന്നു വരുത്തിത്തീർക്കാനാണിതെന്നാണ് സൂചന.

ഇടതുഭരണകാലത്ത് നിയമിച്ചവരെ കൂട്ടത്തോടെ പിരിച്ചുവിടാൻ യു.ഡി.എഫ്. സർക്കാർ അധികാരമേറ്റയുടനെ നീക്കം തുടങ്ങിയിരുന്നു. ഇതേത്തുടർന്ന്, സി.ഐ.ടി.യു. യൂണിയനിൽപ്പെട്ട ഒട്ടേറെപ്പേർ പുതുതായി രൂപവത്കരിച്ച വലതുപക്ഷ യൂണിയനിൽ ചേർന്നു. ജോലി സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാൽ, ഇടത്തുനിന്ന് വലത്തേക്ക് എത്തിയവരും ജോലിപോയവരുടെ കൂട്ടത്തിലുണ്ട്.

പിരിച്ചുവിടലിനു മുന്നോടിയായി ഓരോ ജില്ലയിൽനിന്നും ജീവനക്കാരുടെ മികവു വിലയിരുത്തിയുള്ള റിപ്പോർട്ട് വാങ്ങിയിരുന്നു. എന്നാൽ, മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ രാഷ്ട്രീയത്തിന്റെ പേരിൽ ഒഴിവാക്കിയെന്ന ആരോപണമുയർന്നിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ 1,495 പേർക്കാണ് ജോലി പോയത്. ഇവർക്ക് അപ്പീൽ നൽകാൻ അവസരം നൽകിയിട്ടുണ്ട്.

നിലവിലുള്ളവർക്ക് 2027 മാർച്ചുവരെ തുടരാനാണ് അനുമതിയുള്ളത്. അതിനുശേഷം വീണ്ടും മികവു വിലയിരുത്തി രണ്ടാംഘട്ട പരിച്ചുവിടലുണ്ടാകുമെന്നാണ് സൂചന.

ആരോഗ്യമേഖലയെ ബാധിച്ചേക്കും

എൻ.എച്ച്.എം. ജീവനക്കാരുടെ പിരിച്ചുവിടൽ ആരോഗ്യമേഖലയെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. നിലവിൽ പിരിച്ചുവിട്ടവർക്കു പകരം നിയമനം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ തിങ്കളാഴ്ച മുതൽ പ്രതിസന്ധിയുണ്ടാകും. പ്രതിരോധ കുത്തിവെപ്പ്, മാതൃ-ശിശു പരിചരണം, ജീവിതശൈലീരോഗ നിയന്ത്രണം, പാലിയേറ്റീവ് പരിചരണം, ലാബ് സേവനം തുടങ്ങിയ മേഖലകളിലാണ് എൻ.എച്ച്.എം. ജീവനക്കാർ കൂടുതലും ജോലിചെയ്യുന്നത്. പിരിച്ചുവിടപ്പെട്ടവരിൽ 40-50 വയസ്സു കഴിഞ്ഞവരുണ്ട്. ഇവർക്ക് ഇനി ജോലികിട്ടുക എളുപ്പമല്ല. സി.ഐ.ടി.യു. യൂണിയൻ സർക്കാർ നടപടിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്.

Content Highlights: 90 NHM employees in Alappuzha have lost their jobs in the mass retrenchment., A total of 1,495 employees have lost jobs across Kerala with potential second phase in March 2027., Critical healthcare services like vaccination, maternal care, and palliative care face severe disruptions., Dismissed employees have been provided an option to file an appeal.