കാലിനു മുറിവുമായെത്തിയ സ്ത്രീയുടെ വിരലുകൾ മുറിച്ചുമാറ്റിയതായി പരാതി; സംഭവം ആലപ്പുഴ മെഡിക്കൽ കോളേജിൽ

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാലിനു മുറിവുമായി എത്തിയ സ്ത്രീയുടെ വിരലുകൾ മുറിച്ചുമാറ്റിയതായി പരാതി. കുത്തിയതോട് മുഖപ്പിൽ സീനത്തിന്റെ (58) വലതുകാലിന്റെ തള്ളവിരലിനോടു ചേർന്നുള്ള രണ്ടുവിരലുകളാണ് മുറിച്ചുമാറ്റിയത്. സീനത്തിന്റെ മകൻ സിയാദ് ആശുപത്രി സൂപ്രണ്ടിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നംഗ വിദഗ്ധസംഘത്തെ അന്വേഷണത്തിനു ചുമതലപ്പെടുത്തി.
വലതുകാലിന്റെ വിരലുകൾക്ക് മുറിവുണ്ടായതിനെത്തുടർന്ന് കഴിഞ്ഞമാസം 27-നാണ് സീനത്തിനെ മെഡിക്കൽ കോളേജ് ആശുപത്രി ശസ്ത്രക്രിയാ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 29-ന് ഇവരെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടാതെ വിരലുകൾ മുറിച്ചുമാറ്റിയതായാണ് പരാതി.
കാലിനു വേദന കുറയാതെ വന്നതോടെ 30-ന് പ്രധാന ഡോക്ടർമാരെത്തി പരിശോധിച്ചപ്പോഴാണ് വിരലുകൾ മുറിച്ച കാര്യം ബന്ധുക്കൾ അറിയുന്നത്. തുടർന്നാണ് സിയാദ് ആശുപത്രി സൂപ്രണ്ടിനു പരാതി നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസർക്കും ഇദ്ദേഹം പരാതി നൽകി. ഗുരുതര പ്രമേഹബാധിതയായ ഇവരുടെ വിരലുകൾ മുറിച്ചുമാറ്റേണ്ടതു തന്നെയായിരുന്നുവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി. പദ്മകുമാർ വിശദീകരിച്ചു. മുറിച്ചുമാറ്റുന്നതിനുമുൻപ് രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടണം. ഇക്കാര്യത്തിൽ വീഴ്ച വന്നിട്ടുണ്ടോയെന്നു പരിശോധിക്കും. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
Content Highlights: Alappuzha Medical College Faces Allegations of Unauthorised Amputation