'ആ യാത്ര ആദ്യം ആൽവിൻ നിരസിച്ചിരുന്നു; കൂട്ടുകാർ നിര്‍ബന്ധിച്ചപ്പോൾ അമ്മയോട് അനുവാദം വാങ്ങിയിറങ്ങി'

എടത്വാ (ആലപ്പുഴ): കളര്‍കോട്ട് അപകടത്തെത്തുടര്‍ന്ന് വ്യാഴാഴ്ച അന്തരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി ആല്‍വിന്‍ പഠനത്തോടൊപ്പം ഫുട്‌ബോളിനെയും ചിത്രരചനയെയും ഇഷ്ടപ്പെട്ടിരുന്നുവെന്നു കൂട്ടുകാര്‍. സെയ്ന്റ് അലോഷ്യസ് സ്‌കൂളിലായിരുന്നു പഠനം. നാട്ടിലെ ഫോര്‍ എവര്‍ നൈറ്റ് എന്ന ക്ലബ്ബിലെ അംഗമായിരുന്നു.
കൂട്ടുകാരെയും വീട്ടുകാരെയും ക്ലബ്ബുംവിട്ട് ദൂരെ പഠിക്കാന്‍പോകുന്നത് ആല്‍വിനു ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു. ആഗ്രഹംപോലെതന്നെ വീടിനു സമീപമുള്ള വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കുകയുംചെയ്തു.
കോളേജ് കോമ്പൗണ്ടിലെ ഫുട്‌ബോള്‍ ഗ്രൗണ്ട് അടിപൊളിയാണെന്നു കൂട്ടുകാരോടു പറഞ്ഞിട്ടുണ്ട്. അച്ഛന്‍ വിദേശത്തുനിന്നു വരുമ്പോള്‍ കൂട്ടുകാരെയുംകൂട്ടി ഹോട്ടലില്‍ പോയി അവര്‍ക്ക് പ്രിയപ്പെട്ട ആഹാരം വാങ്ങിനല്‍കുന്നതും കൂട്ടുകാരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതും ആല്‍വിന് ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ആല്‍വിന്റെ കൂട്ടുകാരെല്ലാം വീട്ടിലെ അംഗങ്ങളെപ്പോലെയായിരുന്നുവെന്ന് പിതാവ് കൊച്ചുമോനും മാതാവ് ബീനയും പറയുന്നു.
നീറ്റ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയംനേടിയ ആല്‍വിനെ എടത്വാ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തില്‍ ആദരിക്കാനായി ക്ഷണിച്ചിരുന്നു. എന്നാല്‍, എത്താന്‍ കഴിഞ്ഞിരുന്നില്ല. മുത്തശ്ശിയാണ് മെമെന്റോ വാങ്ങിയത്. ചെറുമകന്റെ അവസാനവിജയ ഫലകം കൈയിലേന്തിയ മുത്തശ്ശിക്ക് ആല്‍വിന്റെ മരണം താങ്ങാവുന്നതിലുമധികമാണ്.
ആല്‍വിന്റെ ഇടത്തരം കുടുംബത്തിന് മെഡിക്കല്‍ പഠനം വലിയൊരു ബാധ്യതയാകുമായിരുന്നു. അതിനാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്നതിനായി ഒരുവര്‍ഷത്തോളം കഠിനപരിശീലനം നടത്തിയാണ് നീറ്റ് എന്‍ട്രന്‍സ് എഴുതിയത്.
തിങ്കളാഴ്ച വൈകുന്നേരം ആല്‍വിനെ സുഹൃത്തുക്കള്‍ സിനിമയ്ക്കു പോകാന്‍ ക്ഷണിച്ചെങ്കിലും ആദ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍ നിര്‍ബന്ധിച്ചതോടെ ഇറങ്ങാന്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് അമ്മ ബീനയെ ഫോണില്‍ വിളിച്ച് അനുവാദം വാങ്ങിയത്.
ആല്‍വിന്റെ സംസ്‌കാരം തിങ്കളാഴ്ച
ആല്‍വിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വെള്ളിയാഴ്ച രാവിലെ നടക്കും. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനം. തുടര്‍ന്ന് മൃതദേഹം ജന്മനാടായ എടത്വയില്‍ എത്തിച്ച് പൊതുദര്‍ശനത്തിനുശേഷം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ഞായറാഴ്ച വൈകിട്ട് തലവടിയിലെ മാതാവിന്റെ കുടുംബവീടായ കറുകപ്പറമ്പ് വീട്ടിലെത്തിച്ചതിനുശേഷം, തിങ്കളാഴ്ച എടത്വയിലെ പള്ളിക്കല്‍ച്ചിറ വീട്ടിലേക്ക് കൊണ്ടുപോകും തുടര്‍ന്ന് ഉച്ചയ്ക്കുശേഷം സെയിന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
Content Highlights: alappuzha kalarcode accident student alwin death