വിഎസ്, VBC വാരിയർ, ആഞ്ചലോസ്, സുധാകരൻ..; വെട്ടിവീഴ്ത്തലും ചവിട്ടിയൊതുക്കലും ആലപ്പുഴയ്ക്ക് പുത്തരിയല്ല

തിരുവനന്തപുരം: ആലപ്പുഴയിലെ കമ്യൂണിസ്റ്റ് ചരിത്രത്തിൽ ഒളിഞ്ഞും തെളിഞ്ഞും നടന്ന ജനാധിപത്യവിപ്ലവങ്ങൾ ഏറെയാണ്. നേതാക്കളെ വെട്ടിയൊതുക്കാൻ തോൽവിയും വോട്ടുചോർച്ചയുമെല്ലാം കാരണമായി. മാരാരിക്കുളത്ത് സാക്ഷാൽ വി.എസ്. അച്യുതാനന്ദനെ നിലംതൊടാതെ പറപ്പിച്ചതിന് ഒറ്റക്കാരണമേയുണ്ടായിരുന്നുള്ളൂ, പാർട്ടിയിലെ വിഭാഗീയപ്പോര്.
രണ്ടു ടേം വ്യവസ്ഥ നടപ്പാക്കി അമ്പലപ്പുഴയിൽനിന്ന് ജി. സുധാകരനെ മാറ്റിയത് 2021-ലെ തിരഞ്ഞെടുപ്പിലാണ്. എച്ച്. സലാം പിന്മുറയ്ക്കാരനായി വന്നു. സലാം ജയിച്ചെങ്കിലും വോട്ടുകുറഞ്ഞു. സലാമിനുവേണ്ടി മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചില്ലെന്നാണ് സുധാകരനെതിരേയുള്ള ആരോപണം.
അമ്പലപ്പുഴയിലെ വോട്ടുചോർച്ചയെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ വെച്ചു. എളമരം കരീം, കെ.ജെ. തോമസ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ. 2021-ലെ തിരഞ്ഞെടുപ്പിൽ 38 മണ്ഡലങ്ങളിൽ മുൻതവണത്തെക്കാൾ എൽ.ഡി.എഫിന് വോട്ടുകുറഞ്ഞിരുന്നു. ആലപ്പുഴ ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിലാണ് കുറഞ്ഞത്. ആരൂർ (9103) ചേർത്തല (6624), ആലപ്പുഴ (9799), അമ്പലപ്പുഴ (2659), മാവേലിക്കര (2812) എന്നിവയാണത്. എന്നാൽ, താരതമ്യേന കുറഞ്ഞ നഷ്ടമുണ്ടായ അമ്പലപ്പുഴയിലാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുധാകരനെ പരസ്യമായി താക്കീത് ചെയ്തു. അന്നു മുറിവേറ്റിറങ്ങിയതാണ് സുധാകരൻ. ആ മുറിവിലേക്ക് മുളകുതേക്കുന്ന വാക്കുകൾ പിന്നീട് പലതവണ ജില്ലാനേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. ഒടുവിലാണ് അദ്ദേഹം പാർട്ടിയിൽനിന്ന് പടിയിറങ്ങിയതും പാർട്ടിയോട് പൊരിനിറങ്ങുന്നതും.
വോട്ടും വെട്ടും പാർട്ടിയും
മാരാരിക്കുളത്ത് തോറ്റതിനുശേഷം വി.എസ്. ഒരിക്കൽപ്പോലും ആലപ്പുഴ ജില്ലയിൽ മത്സരത്തിനിറങ്ങിയിട്ടില്ല. കാലുവാരലും വെട്ടിയൊതുക്കലും അറിയാവുന്നതുകൊണ്ടും മാരാരിക്കുളത്തെ അനുഭവത്തിൽനിന്നുള്ള പ്രതിഷേധവുമായിരുന്നു കാരണം. സി.കെ. ചന്ദ്രാനന്ദനും സി.ബി.സി. വാരിയരും പാർട്ടിയുടെ വാക്കും വീര്യവുമായിരുന്ന കാലമുണ്ടായിരുന്നു. 12 വർഷം നിയമസഭാംഗമായിരുന്ന സി.ബി.സി. വാരിയരെ വെട്ടിയൊതുക്കിയതും ആലപ്പുഴയിലെ ഉൾപ്പാർട്ടിപ്പോരിന്റെ ഭാഗമാണ്. പാർട്ടിയിൽനിന്ന് പുറത്തായെങ്കിലും പിന്നീട് ഏരിയാകമ്മിറ്റിയിൽ തിരിച്ചെത്തി. പക്ഷേ, സി.ബി.സി. വാരിയർ പിന്നീട് പഴയനേതാവിലേക്ക് ഒരിക്കലും തിരിച്ചെത്തിയില്ല.
ലോക്സഭാതിരഞ്ഞെടുപ്പിൽ വക്കം പുരുഷോത്തമനെ തോൽപ്പിച്ച യുവതുർക്കിയായിരുന്നു ടി.ജെ. ആഞ്ചലോസ്. പിന്നീട് സി.എസ്. സുജാത മത്സരിച്ചപ്പോൾ വോട്ടുകുറഞ്ഞെന്ന കുറ്റം ആഞ്ചലോസിന്റെ മേലായി. പാർട്ടിയിൽ കലഹംമൂത്താണ് ആഞ്ചലോസ് പുറത്തുപോയത്. സി.കെ. ചന്ദ്രപ്പൻ അദ്ദേഹത്തെ സി.പി.ഐ.യിൽ ചേർത്തു. പ്രത്യാഘാതം നേരിടേണ്ടിവരുമെന്നായിരുന്നു അന്ന് പാർട്ടിസെക്രട്ടറിയായ പിണറായി വിജയന്റെ മുന്നറിയിപ്പ്. പിന്നീട് ആലപ്പുഴയിൽ മത്സരിക്കാനിറങ്ങിയപ്പോൾ ആഞ്ചലോസിന് പരാജയം അറിയേണ്ടിവന്നു. സി.പി.എം. വോട്ടുമറിച്ചെന്നായിരുന്നു അന്ന് ഉയർന്ന ആരോപണം.
Content Highlights: Analysis of internal factionalism in Alappuzha CPM., Impact of vote share decline on party leadership decisions., Historical context of leaders like VS Achuthanandan and G Sudhakaran., The role of investigation commissions in party disciplinary actions.