ആര്‍. നാസര്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തുടരും; യു. പ്രതിഭ ജില്ലാ കമ്മിറ്റിയില്‍

ആലപ്പുഴ: ആര്‍. നാസര്‍ സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് നാസര്‍ സമ്മേളനത്തിലൂടെ ജില്ലാ സെക്രട്ടറിയാവുന്നത്. ഇതിന് പുറമേ നേരത്തെ, സജി ചെറിയാന്‍ മന്ത്രിയായതിനെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം നാസര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. സാമുദായിക സന്തുലനം അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് നാസറിന് സെക്രട്ടറി സ്ഥാനത്ത് ഒരു ഊഴംകൂടി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
ജില്ലാ കമ്മിറ്റിയില്‍നിന്ന് അഞ്ചുപേരെ ഒഴിവാക്കി. കെ. സുരേന്ദ്രന്‍, ജി. വേണുഗോപാല്‍, പി. അരവിന്ദാക്ഷന്‍, ജലജ ചന്ദ്രന്‍, എന്‍. ശിവദാസന്‍ എന്നിവരെയാണ് പുറത്തായത്. കായംകുളം എം.എല്‍.എ. യു. പ്രതിഭയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മാവേലിക്കര എം.എല്‍.എ. എം.എസ്. അരുണ്‍ കുമാറും ജില്ലാ കമ്മിറ്റി അംഗമാവും.
46 അംഗ ജില്ലാ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രന്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങള്‍.
Content Highlights: R. Nazar retains his post as Alappuzha CPM district secretary for a second consecutive term