പ്രകൃതി കലിതുള്ളി; പുലർച്ചെ പതിവില്ലാതെ വീട്ടിലെ പൂച്ച കരഞ്ഞു, നാലുപേരുടെ രക്ഷകനായി സുന്ദരിപ്പൂച്ച

#സോമി മുണ്ടയ്ക്കൽ
• ഉരുൾവന്ന വഴി ചൂണ്ടിക്കാണിക്കുന്ന നിത്യ. മുകളിൽ കാണുന്നതാണ് ഇവരുടെ വീട്
• ഉരുൾവന്ന വഴി ചൂണ്ടിക്കാണിക്കുന്ന നിത്യ. മുകളിൽ കാണുന്നതാണ് ഇവരുടെ വീട്

ആലക്കോട്: ചവർണയിൽ ശനിയാഴ്ച പുലർച്ചെ 2.45-നുണ്ടായ ഉരുൾപൊട്ടലിൽനിന്ന് കൊച്ചുപറമ്പിൽ നിത്യയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയിടയ്ക്കാണ്. പതിവില്ലാതെ കരഞ്ഞ വീട്ടിലെ സുന്ദരിപ്പൂച്ചയാണ് ഇവരെ രക്ഷിച്ചത്. രാത്രി മൂന്നുമണിയോടെ പതിവില്ലാതെ പൂച്ച കരഞ്ഞതുകേട്ട് ഇവർ ഉറക്കത്തിൽനിന്ന് ഉണർന്നു. വീണ്ടും കിടക്കാനൊരുങ്ങിയെങ്കിലും അതിന് മുൻപ് വലിയശബ്ദത്തോടെ വീടിന്റെ മുറ്റവും ഒരുഭാഗവും ഇടിഞ്ഞുവീണു. ഭയന്ന് പുറത്തേയ്ക്ക് ഓടി പറമ്പിലൂടെ വഴിയിലെത്തിയതോടെയാണ് കുടുംബത്തിലെ നാലുപേരും രക്ഷപ്പെട്ടത്.

നിത്യയുടെ ഭർത്താവ് ജിഷ്ണു, ജിഷ്ണുവിന്റെ അമ്മ ഷീലമ്മ, മകൻ അഞ്ചുവയസ്സുകാരൻ ആദിദേവ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വീട് താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇടിഞ്ഞമണ്ണ് താഴേക്ക് നിരങ്ങി പതിച്ചത് കുടക്കച്ചിറ മാർട്ടിന്റ വീടിന് മുകളിലാണ്. ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട മാർട്ടിൻ അയൽവാസിയായ ബിനുവിനെ ഉച്ചത്തിൽ വിളിച്ചു. ഇതുകേട്ടുണർന്ന ബിനു അപകടം മനസ്സിലാക്കി രക്ഷപ്പെടുന്നതിനിടയിൽ കല്ലുംമണ്ണും പതിച്ച് ദേഹത്ത് മുറിവുണ്ടായി.

മാർട്ടിൻ വിളിച്ചില്ലായിരുന്നെങ്കിൽ ബിനുവിന്റെ ജീവൻതന്നെ നഷ്ടമായേനേ. മാർട്ടിന്റെയും ബിനുവിന്റെയും വീട് പൂർണമായും തകർന്നു. ഭാഗ്യംകൊണ്ടാണ് മൂന്നു കുടുംബങ്ങളും രക്ഷപ്പെത്. അപകടസ്ഥലത്ത് എത്തിയ ചീഫ് വിപ്പ് അപു ജോൺ ജോസഫ് അപകടത്തിന്റെ ദൃശ്യം മുഖ്യമന്ത്രി വി.ഡി. സതീശനെ ലൈവായി വീഡിയോ കോളിൽ കാണിച്ചു. വേണ്ട നടപടി എടുക്കാമെന്ന് മുഖ്യമന്ത്രി അപ്പോൾതന്നെ എം.എൽ.എയ്ക്ക് ഉറപ്പുംനൽകി.

Content Highlights: A family in Alakkode escaped a landslide due to their cat's timely alarm., The landslide caused severe damage to three houses in the region., Neighbors Martin and Binu played crucial roles in alerting others, saving lives., Chief Whip Apu John Joseph briefed CM V.D. Satheesan on the situation for urgent relief.