അഖിൽ ശിവാനന്ദിനും മുഹമ്മദ് സാബിത്തിനും രാംനാഥ് ഗോയങ്ക പുരസ്കാരം

ന്യൂഡൽഹി: അഖിൽ ശിവാനന്ദിനും മുഹമ്മദ് സാബിത്ത് യുഎമ്മിനും രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേണലിസം പുരസ്‌കാരം. മാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്ററാണ് അഖിൽ ശിവാനന്ദ്. മുഹമ്മദ് സാബിത്ത് യു.എം മാതൃഭൂമി ഡോട്ട് കോം കണ്ടന്റ് റൈറ്ററാണ്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനിൽ നിന്ന് ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി.
മാതൃഭൂമി ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ച ' വേണം ഉരുളെടുത്ത മനസ്സുകൾക്കും താങ്ങ് ' എന്ന പരമ്പരക്കാണ് പുരസ്‌കാരം. ഉരുൾ പൊട്ടലുണ്ടായ വയനാട് ചൂരൽമല-മുണ്ടക്കൈ മേഖലകളിലെ ജനങ്ങളുടെ പുനരധിവാസത്തിനൊപ്പം അവരുടെ മാനസികാഘാതം ലഘുകരിക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നതായിരുന്നു പരമ്പര. ഇതേ പരമ്പരയ്ക്ക് ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം (ACJ) സോഷ്യൽ ഇമ്പാക്ട് വിഷയത്തിൽ ജൂറി സ്‌പെഷ്യൽ മെൻഷൻ ലഭിച്ചിരുന്നു.
കോട്ടയം സ്വദേശിയാണ് അഖിൽ ശിവാനന്ദ്. കുമരകം, കണിച്ചുകാട് വീട്ടിൽ കെ. എസ്. ശിവാനന്ദൻ, സുശീല ദമ്പതിമാരുടെ മകൻ ആണ്. ഭാര്യ ജയലക്ഷ്മി കെ. ആർ. തൊടുപുഴ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ ക്ലാർക്ക്. മകൻ അയാൻ അഖിൽ.
മുഹമ്മദ് സാബിത്ത് യുഎം. കാസർകോട്, മുഗു സ്വദേശിയാണ്. പിതാവ് : അബ്ദുൽ റഹ്‌മാൻ, മാതാവ് : ബീഫാത്തിമ. കെ.എ. ഫ്രാൻസിസ് പുരസ്‌കാരം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
Content Highlights: Recognition of Mathrubhumi.com journalists for excellence in reporting., The award-winning series focused on mental health support for Wayanad landslide survivors., Previous recognition includes the Asian College of Journalism (ACJ) special mention.