വ്യാജരേഖ കള്ളനോട്ടടി പോലെ വ്യാപകം; KSU വിനെ തകര്‍ത്ത് തന്നെ ചെയര്‍മാനാക്കിയത് സുധാകരന്‍-ബാലന്‍

എ.കെ. ബാലന്‍ | Photo: Mathrubhumi
എ.കെ. ബാലന്‍ | Photo: Mathrubhumi

തിരുവനന്തപുരം: വ്യാജരേഖ ചമയ്ക്കല്‍ എന്നത് കേരളത്തില്‍ കള്ളനോട്ടടി പോലെ വ്യാപകമാണെന്ന് മുതിര്‍ന്ന സി.പി.എം. നേതാവ് എ.കെ. ബാലന്‍. ഇത് നിഖില്‍ തോമസിലും വിദ്യയിലുമൊന്നും നില്‍ക്കില്ല. ഇപ്പോഴെങ്കിലും ഇത് പുറത്തുവന്നത് അനുഗ്രഹമായെന്നും അദ്ദേഹം വ്യക്തമാക്കി. പഠന കാലത്ത് കെ.എസ്.യു.വിനെ തകര്‍ത്ത് തന്നെ കോളേജ് ചെയര്‍മാന്‍ ആക്കാന്‍വേണ്ടി പരോക്ഷമായി സഹായിച്ച വ്യക്തിയാണ് ഇപ്പോഴത്തെ കെ.പി.സി.സി. പ്രസിഡന്റെന്നും ബാലന്‍ പറഞ്ഞു.

വ്യാജരേഖാ വിവാദത്തില്‍ ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും. കെ.എസ്.യു.വിന്റെ സംസ്ഥാന കണ്‍വീനറും വ്യാജരേഖാ വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. അദ്ദേഹം മുതല്‍ വിദ്യ തുടങ്ങി നിഖില്‍ വരെയുള്ള നിരകളില്‍മാത്രം ഈ പ്രശ്‌നം ഒതുങ്ങിനില്‍ക്കില്ല. ഇതൊരു കള്ളനോട്ടടി പോലെയാണ്. കുറെ വ്യാജന്‍മാര്‍ ഇതിന്റെ പിന്നിലുണ്ട്. ഇപ്പോഴെങ്കിലും ഇത് പുറത്തുകൊണ്ടുവരുന്നതിനും സര്‍ക്കാര്‍ ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും പുതിയ കേസുകള്‍ നിമിത്തമായി.  അതിനാല്‍ത്തന്നെ ഈ കേസുകള്‍ പുറത്തുവന്നതിനെ ഒരു അനുഗ്രഹമായാണ് കാണുന്നത്. ഇതില്‍ ഉള്‍പ്പെട്ട ഒരു പ്രതിക്കും സംരക്ഷണം ലഭിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

പഠന കാലത്ത് കെ.എസ്.യു.വിനെ തകര്‍ത്ത് തന്നെ കോളേജ് ചെയര്‍മാന്‍ ആക്കാന്‍വേണ്ടി പരോക്ഷമായി സഹായിച്ച വ്യക്തിയാണ് ഇപ്പോഴത്തെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. അതിന്റെ നന്ദിയോടെത്തന്നെ പറയുന്നു. ആണി പൊളിഞ്ഞ മരണക്കിണറിലെ മോട്ടോര്‍ സൈക്കിളുകാരനാണ് സുധാകരന്‍. അദ്ദേഹത്തിന് ഈ ജന്മത്തില്‍ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനാവില്ലെന്നും ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രി, പാര്‍ട്ടി സെക്രട്ടറി എന്നിവരെ വേട്ടയാടുന്നതിനെതിരെയും ബാലന്‍ രംഗത്തെത്തി. ഒരു പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് എം.വി. ഗോവിന്ദന്‍ സുധാകരനെതിരെ അഭിപ്രായം പറഞ്ഞത്. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അതു പറയാന്‍ പാടില്ലെന്ന് എങ്ങനെ പറയാനാവുമെന്നും ബാലന്‍ ചോദിച്ചു.  

Content Highlights: ak balan on document forgery, k vidhya, k sudhakaran