‘പിണറായിയെ താഴെ ഇറക്കാൻ ജനം തയ്യാറായിക്കഴിഞ്ഞു; വിജയിച്ചാൽ 48 മണിക്കൂറിനുള്ളിൽ യുഡിഎഫ് മുഖ്യമന്ത്രി’

#ന്യൂസ് ഡെസ്ക്
എ.കെ. ആന്റണി | ഫയല്‍ചിത്രം | ഫോട്ടോ: എസ്. ശ്രീകേഷ്/ മാതൃഭൂമി
എ.കെ. ആന്റണി | ഫയല്‍ചിത്രം | ഫോട്ടോ: എസ്. ശ്രീകേഷ്/ മാതൃഭൂമി

തിരുവനന്തപുരം: പിണറായി സർക്കാരിനെ താഴെ ഇറക്കാൻ ജനം തയ്യാറായിക്കഴിഞ്ഞെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി. തുടർഭരണം ഉണ്ടായാൽ കേരളം ബംഗാൾ ആകുമെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം ഉണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു

ജനങ്ങളുമായി സമ്പർക്കമില്ലാത്ത പിആർ വർക്കിലൂടെ മാത്രം മുഖം മിനുക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി. സെക്രട്ടേറിയേറ്റിനെ അദ്ദേഹം രാവണൻ കോട്ടയാക്കി മാറ്റി. പത്രക്കാരുടെ ചോദ്യങ്ങളെ പോലും നേരിടാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഈ അസഹിഷ്ണുതയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. കേരളത്തിൽ സിപിഎമ്മിന് ബിജെപിയുമായി അന്തർധാരയുണ്ടെന്ന് വ്യക്തമാണെന്നും എ.കെ. ആന്റണി ആരോപിച്ചു.

പത്തുവർഷംകൊണ്ട് കേരളം ഏറെ പിന്നോട്ട് പോയിരിക്കുന്നു. കർണാടകയും തമിഴ്നാടും തെലങ്കാനയും വികസനത്തിൽ കേരളത്തേക്കാൾ മുന്നോട്ട് കുതിക്കുകയാണ്. ആറ് ലക്ഷം കോടിയുടെ കടമാണ് കേരളത്തിനുള്ളത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ പഠനാവശ്യമായും ജോലി തേടിയും കേരളത്തിൽനിന്നും പാലായനം ചെയ്യുന്നു. 40 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കും എന്നായിരുന്നു വ്യവസായ മന്ത്രി പറഞ്ഞിരുന്നത്. പക്ഷേ, കേരളത്തിലെ യുവജനങ്ങളുടെ ഒഴുക്ക് തടയാൻ സർക്കാരിന് സാധിക്കുന്നില്ല. ഇത്തരത്തിൽ പോയാൽ കേരളം മലയാളികളുടെ നാട് അല്ലാതായി മാറും. ഇടതുഭരണം കേരളത്തെ നാശത്തിലേക്ക് നയിക്കും.

മുൻപ് യുഡിഎഫിൽ ആയിരുന്നു റിബലുകൾ ഉണ്ടായിരുന്നത്. പക്ഷേ, ഇത്തവണ ഇടതുപക്ഷത്തു നിന്നാണ് ഏറ്റവും കൂടുതൽ റിബലുകൾ മത്സരിക്കുന്നത്. എസ്എഫ്‌ഐയുടെ സ്ഥാപക പ്രസിഡന്റ് ജി.സുധാകരൻ പോലും പുന്നപ്രയുടെ നാട്ടിൽ യുഡിഎഫ് പിന്തുണയോടെ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നു. പയ്യന്നൂരും പാലക്കാടും സ്ഥിതി വ്യത്യസ്തമല്ല. ഇടത് സഹയാത്രികരും സാംസ്‌കാരിക നായകരും പാർട്ടിയോട് വിട പറയുകയാണ്. കേരളത്തിൽ ഇന്ന് യഥാർഥ കമ്മ്യൂണിസ്റ്റുകാർ ഇല്ലാതായിക്കഴിഞ്ഞു. പ്രത്യേക അധികാര വർഗം രൂപപ്പെട്ടിരിക്കുന്നു. കേരളത്തിലെ നിഷ്പക്ഷരായ ജനങ്ങൾ പിണറായിയുടെ തുടർഭരണത്തെ ഭയത്തോടെയാണ് കാണുന്നത്. മോദി പിന്തുണ കൊടുത്താൽ പോലും ഇടതുപക്ഷത്തിന് തിരിച്ചു വരാൻ സാധ്യമല്ലാത്ത വിധം ജനങ്ങൾ വെറുത്തു കഴിഞ്ഞു. കേരളത്തിന്റെ മണ്ണിൽ ബിജെപിക്ക് വളരാനുള്ള സാഹചര്യമില്ല. ഇവിടെ മതങ്ങൾ സൗഹാർദത്തോടുകൂടി ജീവിക്കുന്ന നാടാണ്. ഇവിടെ ബിജെപിക്ക് യാതൊരു സാധ്യതയുമില്ല.

യുഡിഎഫ് ഒറ്റക്കെട്ടാണ്. വിജയിച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ യുഡിഎഫ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. കോൺഗ്രസ് മുക്ത ഭാരതത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും സിപിഎമ്മിനെ പിന്തുണയ്ക്കുന്നത് ഏവർക്കും ബോധ്യമുള്ളതാണ്. പ്രധാനമന്ത്രിയെ എപ്പോൾ വേണമെങ്കിലും കാണാൻ പറ്റുന്ന രീതിയിൽ പിണറായി വിജയന് സൗകര്യങ്ങൾ നൽകുന്നത് ഇതിന് തെളിവാണ്. എന്നാൽ പ്രബുദ്ധരായ മലയാളികൾ ഇതെല്ലാം മനസ്സിലാക്കുന്നുണ്ട്. അവർ യുഡിഎഫിനെ പിന്തുണയ്ക്കും. ഇത്തവണ കേരളം യുഡിഎഫ് തൂത്തുവാരുമെന്നും എ.കെ. ആന്റണി പറഞ്ഞു.

Content Highlights: AK Antony claims the public is ready to oust the LDF government in 2026., Criticism of Kerala's 6 lakh crore debt and mass youth migration., Allegations of a secret pact between CPM and BJP., UDF promises a swift CM announcement within 48 hours of winning the 2026 mandate.