ടേക്ക് ഓഫിന് തൊട്ടുമുൻപ് മദ്യപിച്ചതായി കണ്ടെത്തി, എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ടേക്ക് ഓഫിന് തൊട്ടുമുൻപ് മദ്യപിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യ പൈലറ്റിനെ സസ്പെൻഡ് ചെയ്തു. സെപ്റ്റംബർ ആറിന് സൂറത്തിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലെ പൈലറ്റിനെയാണ് മദ്യപിച്ചനിലയിൽ കണ്ടെത്തിയത്. വിമാനം പറത്തുന്നതിന് തൊട്ടുമുൻപ് സൂറത്ത് വിമാനത്താവളത്തിൽവെച്ചാണ് ഇയാൾ പിടിയിലായത്.

എയർ ഇന്ത്യയുടെതന്നെ ഗ്രൗണ്ട് ഹാൻഡ്ലിങ് സ്റ്റാഫാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇയാളെ വിമാനച്ചുമതലകളിൽനിന്ന് മാറ്റിനിർത്തുകയും വിമാന സർവീസ് റീഷെഡ്യൂൾ ചെയ്യുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി.ജി.സി.എ.) വിവരമറിയിക്കുകയും പൈലറ്റിനെതിരേ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ഇപ്പോൾ സസ്പെൻഷൻ നടപടിയുണ്ടായത്.

Content Highlights: Air India pilot suspended for consuming alcohol before take-off, Incident occurred on September 6 at Surat airport for a Surat-Delhi flight.