എയര്‍ഇന്ത്യ എക്‌സ്പ്രസ് ക്യാബിന്‍ ക്രൂ ജീവനക്കാരുടെ സമരം: സംസ്ഥാനത്ത് 86 സര്‍വീസുകളെ ബാധിച്ചേക്കും

#സ്വന്തം ലേഖകന്‍
പ്രതീകാത്മക ചിത്രം | Mathrubhumi archives
പ്രതീകാത്മക ചിത്രം | Mathrubhumi archives

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബിന്‍ ക്രൂവിനോട് വിവേചനപരമായ സമീപനം കൈക്കൊള്ളുന്നുവെന്ന് ആരോപിച്ച് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയന്‍. സമരം ജനുവരി 15 മുതല്‍ ആരംഭിക്കും. ഡ്യൂട്ടിക്കിടയില്‍ അംഗവൈകല്യം ഉണ്ടായ ക്യാബിന്‍ ക്രൂവിനോട് നീതി പാലിക്കുക, ക്യാബിന്‍ ക്രൂവിന്റെ അഞ്ചുവര്‍ഷത്തെ നിയമന കരാര്‍ ഒരുവര്‍ഷമായി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുക, നിയമന അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഓപ്പറേഷന്‍ ഫിനാന്‍സ്, എയര്‍പോര്‍ട്ട് സര്‍വീസ് എന്നീ വിഭാഗങ്ങളില്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ നിയമന കരാര്‍ കാലാവധി നിലനിര്‍ത്തുകയും ക്യാബിന്‍ ക്രൂവിന്റെ അഞ്ചുവര്‍ഷത്തെ നിയമന കരാര്‍ മാത്രം ഒരു വര്‍ഷമായി വെട്ടിക്കുറക്കുകയും ചെയ്തത് വിവേചനമാണ്. ഇതിന് പുറമെ ഡ്യൂട്ടിക്കിടയില്‍ അംഗവൈകല്യം സംഭവിച്ച ക്യാബിന്‍ ക്രൂ ജീവനക്കാരനെഗ്രൗണ്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് നിലനില്‍ക്കുമ്പോള്‍ അദ്ദേഹത്തെ പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാകില്ലെന്നും എംപ്ലോയീസ് യൂണിയന്‍ വ്യക്തമാക്കി. 

പുതിയ നിയമനത്തില്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള സമീപനം ഏകപക്ഷീയമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയന്‍ ആരോപിക്കുന്നു. മാനേജ്മെന്റ് ഇഷ്ടക്കാരെ യോഗ്യത മാനദണ്ഡവും പ്രായപരിധിയും മറികടന്ന് നിയമിക്കുന്നു.  കോവിഡ് മഹാമാരിയുടെ കാലത്ത് വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുവാന്‍ മാനേജ്മെന്റ് ഇനിയും തയ്യാറായിട്ടില്ല. ഇതേതുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 

300 ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുക. ഏകദേശം 86 വിമാന സര്‍വ്വീസുകളാണ് ഓരോ ആഴ്ച്ചയും കേരളത്തില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നത്. അനിശ്ചിതകാല സമരപരിപാടികളുമായി യൂണിയന്‍ മുന്നോട്ടു പോയാല്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസിനെ കാര്യമായി ബാധിക്കും. അതേസമയം സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജീവനക്കാരുമായി മാനേജ്മെന്റ് തിങ്കളാഴ്ച ചര്‍ച്ച നടത്തും. 

Content Highlights: Air India Express cabin crew call for indefinite strike from January 15 

Content Highlights: