വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ; എതിർപ്പ് എൽഡിഎഫിൽ അറിയിച്ചിരുന്നു- ദേവർകോവിൽ

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ പല വിവാദ പ്രസ്താവനകളോടും മുന്നണിയിലെ എല്ലാ പാർട്ടികൾക്കും ഒരേ കാഴ്ചപ്പാടല്ല ഉണ്ടായിരുന്നതെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സൗത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന അഹമ്മദ് ദേവർകോവിൽ. ഇക്കാര്യത്തിലുള്ള എതിർപ്പ് എൽഡിഎഫിൽ അറിയിച്ചിരുന്നു. മുന്നണിയിൽ തിരുത്തൽ ഉണ്ടാകുമെന്നാണ് മനസ്സാലാക്കുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ശരിയായ രീതിയിൽ ഉള്ളതായിരുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നതെന്നും അദ്ദേഹം മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചു.
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പത്തായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ വോട്ടുകൾ ഇടതുപക്ഷത്തുനിന്ന് പോയതാണ് എന്നതിൽ സംശയമില്ല. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള ചില സ്ഥലങ്ങളിൽ വോട്ടുചോർച്ചയുണ്ടായി. ഈ വോട്ടുകൾ പ്രധാനമായും പോയത് ബിജെപിയുടെ പെട്ടിയിലേക്കാണ്. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ എൻഡിഎയ്ക്ക് നേരത്തേതന്നെ മികച്ച വോട്ടിങ് ശതമാനമുണ്ട്. അത്രമാത്രം സൗത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ സൗത്തിലാണ് എൻഡിഎയ്ക്ക് വോട്ടുകൾ വർധിച്ചത്. ഇങ്ങനെയുണ്ടാകാനുള്ള കാരണം പരിശോധിക്കും, അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷ വോട്ടുകളിൽ സൗത്ത് മണ്ഡലത്തിൽ ഇടതുപക്ഷത്തിന് കുറവുണ്ടായിട്ടില്ലെന്നും ദേവർകോവിൽ പറഞ്ഞു. എന്നാൽ മറുഭാഗത്ത് ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടായി. നേരത്തെ ഇല്ലാതിരുന്ന മുസ്ലീം രാഷ്ട്രീയ പാർട്ടികൾ യുഡിഎഫിനൊപ്പം ചേർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Ahamed Devarkovil addresses LDF's vote loss in Kozhikode South., Claims vote leakage occurred from LDF to NDA in the 2026 election., Highlights concerns regarding Vellappally Natesan's controversial statements., Discusses the consolidation of minority votes and shifting alliances in the constituency.