‘ഞാനും പട്ടിണി കിടന്നിട്ടുണ്ട്’;അട്ടപ്പാടി മധു വധക്കേസ്: വിജയത്തിന് പിന്നിൽ അഡ്വ. രാധാകൃഷ്ണൻ

തൃശ്ശൂർ: ''ഞാനും പട്ടിണി കിടന്നിട്ടുണ്ട്. വിശപ്പ് മൂത്ത് ഭക്ഷണം മോഷ്ടിച്ചാലോ എന്നുവരെ തോന്നിയിട്ടുണ്ട്.''- ചാലക്കുടി കോടതിയിൽ അഭിഭാഷകനായ സി.കെ. രാധാകൃഷ്ണൻ ഇത് പറയുന്നത് അട്ടപ്പാടി മധു കേസിൽ ഹൈക്കോടതി വിധി വന്നതിന്റെ പശ്ചാത്തലത്തിലാണ്. മധുവിന്റെ കുടുംബത്തിനുവേണ്ടി സൗജന്യമായി േകസ് നടത്തിയത് രാധാകൃഷ്ണനാണ്. മധുവിന്റെ അമ്മ മല്ലിയുടെ വക്കാലത്തെടുത്ത് ഹൈക്കോടതിയെ സമീപിച്ചത് രാധാകൃഷ്ണനും പാലക്കാട്ടെ അഡ്വ. രാേജഷ്മേനോനും ചേർന്നാണ്.
2026 ജനുവരി എട്ടുമുതൽ ഏപ്രിൽ ആറുവരെ നടന്ന 42 സിറ്റിങ്ങിലും രാധാകൃഷ്ണൻ ഹാജരായി. കീഴ്ക്കോടതിയുടെ കുറഞ്ഞ ശിക്ഷയ്‌ക്കെതിരേയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ ഇളവുചെയ്യണമെന്ന പ്രതികളുടെ ഹർജിയും ഹൈക്കോടതിയിലെത്തിയിരുന്നു. എന്നാൽ, വിക്ടിം അപ്പീൽ നൽകി മധുവിനുവേണ്ടി വാദിക്കാൻ ആരുമില്ലാതായതോടെയാണ് രാധാകൃഷ്ണൻ രംഗത്തെത്തിയത്.
കാട്ടിനുള്ളിലായിരുന്ന മധുവിനെ 12 പേർ ചേർന്നു പുറത്ത് റോഡിലെത്തിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാട് ആദിവാസിയുടെ വീടാണ്. അതിനാൽ വീട്ടിൽ അതിക്രമിച്ചുകയറി ബലമായി പുറത്തിറക്കി കൊന്നതാണെന്ന് രാധാകൃഷ്ണൻ വാദിച്ചു.
വിശന്നിട്ട് ഭക്ഷണം മോഷ്ടിച്ച കുറ്റത്തിന് പ്രതികരണശേഷിയില്ലാത്ത ആദിവാസി യുവാവിനോട് കാണിച്ച ക്രൂരത പരിഷ്‌കൃതസമൂഹത്തിൽ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായി ശിക്ഷിക്കണമെന്നായിരുന്നു ആവശ്യം. രാധാകൃഷ്ണന്റെ വാദത്തിൽ ഉയർത്തിയ കാര്യങ്ങൾ കോടതി വിധിവേളയിൽ എടുത്തുപറഞ്ഞിരുന്നു. വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ കേസും ഹൈക്കോടതിയിൽ സൗജന്യമായി വാദിക്കുന്നത് രാധാകൃഷ്ണനാണ്. ആർ.എൽ.വി. രാമകൃഷ്ണനെ വർണത്തിന്റെ പേരിൽ അധിക്ഷേപിച്ച കേസ് നെടുമങ്ങാട് കോടതിയിൽ വാദിക്കുന്നുണ്ട്.
മാള െകാന്പത്തുകടവ് കുറുക്കൻചിറ ചാലിൽ വീട്ടിൽ സി.കെ. രാധാകൃഷ്ണൻ പട്ടിണിയോട് പടവെട്ടി ഏറെ കടമ്പകടന്നാണ് അഭിഭാഷകനായത്. പാരലൽ കോളേജ് അധ്യാപകൻ, ചുമർപരസ്യ എഴുത്തുകാരൻ, വീട് പെയിന്റർ, ഓട്ടുകമ്പനി തൊഴിലാളി, കെ.എസ്.ആർ.ടി.സി. താത്കാലിക കണ്ടക്ടർ തുടങ്ങിയ ജോലികൾ ചെയ്തിട്ടുണ്ട്. മനുഷ്യാവകാശപ്രവർത്തകനുമാണ്.
Read more…..അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ശിക്ഷ മൂന്ന് ജീവപര്യന്തമാക്കി ഉയർത്തി ഹൈക്കോടതി
Content Highlights: CK Radhakrishnan provided free legal representation for Madhu's family in the Kerala High Court., He successfully argued that Madhu's murder in the forest constituted trespassing into an Adivasi home