എന്നും പ്രതിഭാഗം, വിവാദങ്ങളുടെ വക്കാലത്ത് വക്കീൽ

കുപ്രസിദ്ധ കൊലപാതകക്കേസുകളില്ലെല്ലാം സ്ഥിരസാന്നിധ്യമായിരുന്നു ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂർ. കേരളം ചര്‍ച്ച ചെയ്ത പ്രമാദമായ കേസുകളിലെല്ലാം പ്രതിഭാഗത്ത് ആളൂരുണ്ടായിരുന്നു. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സൗമ്യവധക്കേസിലും പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തിലും പ്രതികള്‍ക്കായി നിയമം പറഞ്ഞ് ആളൂരെത്തി. പ്രോസിക്യൂഷന്റെ പിഴവുകളും പഴുതുകളും കണ്ടെത്തി പ്രതികള്‍ക്ക് ശിക്ഷയില്‍ നിന്ന് പരമാവധി ഇളവുനല്‍കാന്‍ ഏതറ്റം വരെയും പോകുന്ന അഭിഭാഷകനായി ആളൂര്‍ മാറി. അതോടെയാണ് ആളൂര്‍ ശ്രദ്ധിക്കപ്പെടുന്നത്.
പുണെയില്‍ നിന്നാണ് ആളൂര്‍ നിയമത്തില്‍ ബിരുദം നേടുന്നത്. പുണെ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങളും. എന്നാല്‍ കേരളത്തിലും പ്രാക്ടീസ് നടത്തിയ ആളൂര്‍ പിന്നാലെ വിവാദമായ ഒട്ടുമിക്ക കേസുകളിലും പ്രതികള്‍ക്കായി കോടതിയില്‍ വാദമുയര്‍ത്തി. കോടതിയില്‍ മാത്രമല്ല മാധ്യമങ്ങള്‍ക്ക് മുന്നിലും പ്രതികള്‍ക്കായി പലകുറി പ്രതികരണം നടത്തിയിട്ടുണ്ട് ആളൂര്‍. അതും പ്രമാദമായ കേസുകളിൽ. ആ ഘട്ടത്തിൽ പൊതുസമൂഹത്തിൽ നിന്ന് നിരവധി തവണ വിമർശനം നേരിട്ടിട്ടുമുണ്ട്.
സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടിയും പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമിറുള്‍ ഇസ്ലാമിന് വേണ്ടിയും ആളൂര്‍ ഹാജരായിരുന്നു. കൂടത്തായി കേസിലും ഇലന്തൂര്‍ നരബലിക്കേസിലും പ്രതിഭാഗം അഭിഭാകനായിരുന്നു ആളൂര്‍. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകനുമായിരുന്നു. അങ്ങനെ പ്രമാദമായ കേസുകളിൽ പ്രതിഭാഗത്തിന് വേണ്ടി ആളൂർ എത്തുന്നത് സ്ഥിരം കാഴ്ചയായിരുന്നു.
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുൾ ഇസ്ലാമിന്‍റെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ ആളൂർ നടത്തിയ പ്രതികരണം വൻതോതിൽ വിമർശിക്കപ്പെട്ടു. ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളതെന്നുമാണ് ആളൂർ നടത്തിയ പ്രതികരണം. വിവാദമായ കേസുകളിലെ ആളൂരിന്റെ സാന്നിധ്യം ഒട്ടേറെ വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്. കോടതിയിൽ നിന്നടക്കം ആളൂർ വിമർശനം നേരിടേണ്ടിവന്നു. ഇലന്തൂര്‍ നരബലിക്കേസിലാണ് ആളൂരിനെ കോടതി വിമര്‍ശിച്ചത്.
ക്രിമിനല്‍ അഭിഭാഷകനെന്ന നിലയിലാണ് ആളൂര്‍ ശ്രദ്ധിക്കപ്പെടുന്നത്. സിറ്റിങ്ങിന് ലക്ഷങ്ങളാണ് ആളൂര്‍ പ്രതിഫലമായി വാങ്ങാറുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഗോവിന്ദച്ചാമിക്കായി ആളൂര്‍ ഹാജരായത് എങ്ങനെയാണെന്ന ചോദ്യവും ആ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. അക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാനും അദ്ദേഹം തയ്യാറായിരുന്നില്ല. വിവാദങ്ങള്‍ക്കൊപ്പം നീങ്ങി ശ്രദ്ധപിടിച്ചുപറ്റുക മാത്രമായിരുന്നോ ആളൂരിന്റെ ലക്ഷ്യമെന്ന് ചോദ്യത്തിന് ഇനിയും ഉത്തരമില്ല.
അതേസമയം ക്രിമിനല്‍ കേസുകള്‍ മാത്രമല്ല, മറ്റു കേസുകളിലും ആളൂര്‍ ഹാജരായിട്ടുണ്ട്. സമീപകാലത്ത് ഒരു സ്വാതന്ത്ര്യസമരസേനാനിക്ക് സ്വാതന്ത്ര്യസമര പെന്‍ഷന്‍ നിഷേധിച്ചതുമായി ബന്ധപ്പെട്ടും ആളൂർ നിയമ പോരാട്ടം നടത്തിയിട്ടുണ്ട്.
Content Highlights: advocate ba aloor cases history