കുട്ടികളെ വ്യാജമായി ചേർത്തു; സർക്കാർ സ്‌കൂളിലെ പ്രഥമാധ്യാപികയടക്കം അഞ്ചുപേർക്ക് സസ്പെൻഷൻ

അടൂർ: തസ്തിക നിലനിർത്താൻ വ്യാജമായി കുട്ടികളെ ഉൾപ്പെടുത്തി തസ്തികനിർണയം നടത്തിയതിന് പ്രഥമാധ്യാപികയടക്കം അഞ്ച് അധ്യാപകർക്ക് സസ്പെൻഷൻ. അടൂർ ചൂരക്കോട് ഗവ. എൽ.പി.എസിലെ പ്രഥമാധ്യാപിക എം.ഡി. ശ്രീകല, എൽ.പി.എസ്.ടി.മാരായ എ. രാധിക, ബി.എൻ. സൂഫിയ, എസ്. അജിതകുമാരി, വിഷ്ണു രാജ് എന്നിവരെയാണ് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ സസ്പെൻഡുചെയ്തത്.
സ്കൂളിലെ തസ്തിക നഷ്ടപ്പെടാതിരിക്കാനായി മറ്റ് ക്ലാസുകളിൽനിന്ന് ഒന്നാം ക്ലാസിലടക്കം കുട്ടികളെ വ്യാജമായി ചേർത്തെന്നാണ് കണ്ടെത്തൽ. സ്കൂളിൽ ക്രമക്കേടുകൾ നടക്കുന്നെന്നുപറഞ്ഞ് അവിടത്തെതന്നെ ഒരു അധ്യാപിക എന്ന പേരിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2026 മാർച്ച് 27, 31 തീയതികളിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
യു.കെ.ജി.യിൽ പഠിക്കുന്ന 11 കുട്ടികളെ ഒന്നാം ക്ലാസിൽ ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണമായി ചേർത്തു. എന്നാൽ, ഇവർ യു.കെ.ജി.യിലാണ് പഠിക്കുന്നത്. രേഖകളിൽ ഒന്നാംക്ലാസിൽ 63 കുട്ടികളെ കാണിക്കാനാണ് ഇത് ചെയ്തത്. ഇതിന്റെയടിസ്ഥാനത്തിൽ ഒന്നാംക്ലാസിൽ മൂന്ന് ഡിവിഷനുകളും മൂന്ന് എൽ.പി.എസ്.ടി. തസ്തികയും സ്കൂളിന് ലഭിച്ചു.
ഒന്നിലേക്ക് ചേർത്ത 11 കുട്ടികളെ ഒഴിവാക്കുമ്പോൾ 52 കുട്ടികൾക്ക് രണ്ട് ഡിവിഷനും രണ്ട് എൽ.പി.എസ്.ടി. തസ്തികയും മാത്രമേ അനുവദിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ, ഹാജർബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള നാല് കുട്ടികൾ 2025-26 സ്കൂൾവർഷം ഒരുദിവസംപോലും സ്കൂളിൽ ഹാജരാകുകയോ, ഹാജർപുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ഈ കുട്ടികളെ ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തിൽ ഉൾപ്പെടുത്തി തസ്തികനിർണയത്തിന് പരിഗണിച്ചിരിക്കുന്നുവെന്നത് വ്യക്തമാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, സ്കൂളിലെതന്നെ സിബി മാത്യു എന്ന അധ്യാപികയുടെ മകൾക്ക് ഈ സ്കൂളിലെ ഒന്നാംക്ലാസിൽ പ്രവേശനം എടുത്തിരുന്നു. എന്നാൽ, കുട്ടി അന്വേഷണം നടക്കുന്ന കാലയളവുവരെ സ്കൂളിൽ ഹാജരായിട്ടില്ല.
ഈ പ്രവേശനം തസ്തിക നിലനിർത്തുന്നതിന് ബോധപൂർവം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുകൾമാത്രം സ്കൂളിൽ നൽകി റോളിൽ ചേത്തിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. ഈ അധ്യാപികയ്ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരണം നൽകാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
ഒന്നാംക്ലാസിൽ പഠിക്കാത്ത കുട്ടികളെ ഉൾപ്പെടുത്തി തസ്തികനിർണയം നടത്തിയതുകാരണം അർഹതയില്ലാത്ത ഒരു ഡിവിഷൻ ഒന്നാംക്ലാസിൽ അനുവദിക്കുകയും ഒരു അധ്യാപിക അധികമായി ജൂലായ് 16 മുതൽ ഈ സ്കൂളിൽ തുടരുന്ന സാഹചര്യവുമുണ്ടായി.
അർഹതയില്ലാത്ത തസ്തികയിൽ ഒരു അധ്യാപിക അനധികൃതമായി ശമ്പളം കൈപ്പറ്റിയതുകാരണം സർക്കാരിന് സാമ്പത്തികബാധ്യത ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ക്രമക്കേടുനടത്തിയ കാലയളവിൽ ഉച്ചഭക്ഷണ പദ്ധതികളിൽ പങ്കെടുത്ത കുട്ടികളുടെ വിവരങ്ങൾ പരിശോധിച്ച് അനധികൃതമായി തുക കൈപ്പറ്റിയിട്ടുണ്ടെങ്കിൽ തിരിച്ചടപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. 2024-25 വർഷം ഒന്നാംക്ലാസിൽ 71 കുട്ടികൾ ഉണ്ടായിരുന്നു. 2025-26 വർഷം രണ്ടാം ക്ലാസിൽ 49 കുട്ടികൾമാത്രമേ ആറാം പ്രവൃത്തിദിനത്തിലെ കണക്കുപ്രകാരമുള്ളൂ.
Content Highlights: Five teachers suspended at Choorakode Govt LPS for inflating student numbers. Investigation confirmed 11 UKG students were falsely enrolled in 1st grade. Four students listed in records had zero attendance for the 2025-26 academic year. Fraudulent enrollment led to the unauthorized creation of an extra teaching post. Government incurred financial loss due to illegal salary payments.