സീതയുടെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറിയില്ല, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടേക്കും

പീരുമേട്(ഇടുക്കി): വനത്തിനുള്ളില്‍ ആദിവാസിസ്ത്രീ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. പീരുമേട് താലൂക്ക് ആശുപത്രിയിലെ സര്‍ജന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറിയിട്ടില്ല. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിങ്കളാഴ്ച കൈമാറുമെന്നായിരുന്നു സൂചന. റിപ്പോര്‍ട്ട് പൂര്‍ണമാകാത്തതിനാലാണ് കൈമാറാത്തതെന്നാണ് അറിയുന്നത്. റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ പോലീസ് മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. സംഭവത്തിലെ ദുരൂഹത ഒഴിവാക്കാന്‍ വനംവകുപ്പ് ഉന്നതതല അന്വേഷണം ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടികളുമായി മുന്നോട്ടുപോകാനാണ് നീക്കം.
പീരുമേട് തോട്ടാപ്പുര സ്വദേശി സീത (42) ആണ് വനത്തിലെ മീന്‍മുട്ടി ഭാഗത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ തന്റെ ഭാര്യ കൊല്ലപ്പെട്ടതായാണ് സീതയുടെ ഭര്‍ത്താവ് ബിനു വെള്ളിയാഴ്ച അറിയിച്ചിരുന്നത്. പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സീതയുടെ കഴുത്തിലും ശരീരത്തിലും മല്‍പിടിത്തം നടന്നതിന് സമാനമായ പാടുകള്‍ കണ്ടെത്തിയതായും, വന്യജീവിയുടെ ആക്രമണത്തിലല്ല മരണം സംഭവിച്ചതെന്നുമായിരുന്നു പ്രാഥമിക കണ്ടെത്തല്‍. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹത ആരംഭിച്ചത്.
സീത കാട്ടാന ആക്രമണത്തിലാണ് മരിച്ചതെന്നാണ് സീതയുടെ ഭര്‍ത്താവ് ബിനു ആവര്‍ത്തിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും വന്യജീവി ആക്രമണങ്ങളില്‍ സംഭവിക്കുന്ന മരണത്തിന്റെ സാഹചര്യങ്ങള്‍ ഈ സംഭവത്തില്‍ ഇല്ലെന്നും വനപാലകര്‍ പറയുന്നു. എന്നാല്‍ കാട്ടാന ആക്രമണത്തിന്റെ സാധ്യത തള്ളാതെയാണ് പോലീസിന്റെ നിലവിലെ അന്വേഷണം മുന്നോട്ടുപോകുന്നത്. സംഭവത്തില്‍ ദ്രുതഗതിയിലുള്ള നടപടികളിലേക്ക് നീങ്ങാതെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം അത് വിലയിരുത്തി വിദഗ്ധാഭിപ്രായങ്ങള്‍കൂടി തേടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
Content Highlights: adivasi woman seetha death case