RSS ബന്ധം, ഫോൺചോർത്തൽ, പൂരംകലക്കൽ, രക്ഷാപ്രവർത്തനം; വിവാദപരമ്പരയ്ക്കൊടുവിൽ അജിത് കുമാറിനെതിരേ നടപടി

തിരുവനന്തപുരം: കഴിഞ്ഞ ഇടതുസർക്കാരിനേയും നിലവിലെ സർക്കാരിനേയും ഒരുപോലെ പ്രതിസന്ധിയിലാഴ്ത്തിയ എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു. ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അട്ടിമറിച്ചതിലാണ് നടപടി.
തുടക്കത്തിൽ അജിത് കുമാറിനെ സംരക്ഷിക്കാനും അജിത് കുമാറിന്റെ നിർദേശ പ്രകാരം നടപടി സ്വീകരിച്ച മറ്റു ഉദ്യോഗസ്ഥരെ ബലിയാടാക്കാനുമുള്ള ശ്രമം നടന്നിരുന്നു. എന്നാൽ, ഇത് വലിയ തോതിൽ വാർത്തയാകുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തതോടെയാണ് പിന്നീട് നടപടിയിലേക്ക് കാര്യങ്ങൾ എത്തിയത്.
അനധികൃത സ്വത്ത് സമ്പാദനം, ഫോൺ ചോർത്തൽ, തൃശ്ശൂർ പൂരം അട്ടിമറി തുടങ്ങി നീണ്ട ആരോപണ നിരതന്നെ എം.ആർ. അജിത് കുമാറിനെതിരേ നേരത്തെതന്നെ ഉയർന്നിരുന്നു. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടപടി വൈകുന്നതിൽ യുഡിഎഫിനകത്ത് വിമർശനങ്ങളുയർന്നിരുന്നു.
പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ
അജിത് കുമാറുമായുള്ള സർക്കാരിന്റെ ബന്ധം ചൂണ്ടിക്കാട്ടിയാണ് പി.വി. അൻവർ ഇടതുപക്ഷത്തുനിന്ന് തെറ്റിപ്പിരിഞ്ഞത്. സ്വർണക്കടത്തും സാമ്പത്തിക ആരോപണങ്ങളും അജിത് കുമാറിനെതിരേ പി.വി. അൻവർ ഉന്നയിച്ചു. ഉന്നത രാഷ്ട്രീയ നേതാക്കളുടേതടക്കം ഫോൺ ചോർത്തിയെന്ന് ആരോപണംവും അനധിത സ്വത്ത് സമ്പാദനവും എം.ആർ. അജിത് കുമാറിന് നേരെ ഉയർന്നിരുന്നു.
ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച
ഇടതുപക്ഷത്തെ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ വെട്ടിലാക്കിയ ഡീൽ ആരോപണങ്ങളിൽ ഒന്നായിരുന്നു ആർഎസ്എസ് നേതാക്കളുമായുള്ള എം.ആർ. അജിത് കുമാറിന്റെ കൂടിക്കാഴ്ച. ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെ, ബിജെപി നേതാവ് രാം മാധവ് അടക്കമുള്ളവരുമായി എം.ആർ. അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സർക്കാരിനേയോ വകുപ്പിനേയോ അറിയിക്കാതെ ഇത്തരം കൂടിക്കാഴ്ചകൾ നടത്തിയത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് അന്നത്തെ പ്രതിപക്ഷമായിരുന്ന യുഡിഎഫ് ആരോപിച്ചിരുന്നു. എന്നാൽ, ഇത് സ്വകാര്യ സന്ദർശനമെന്നായിരുന്നു അന്ന് എം.ആർ. അജിത് കുമാർ പറഞ്ഞത്. എന്നാൽ, സിപിഐ അടക്കം വിഷയത്തിൽ വൻ പ്രതിഷേധം ഉയർത്തിയിരുന്നു.
പൂരം കലക്കൽ ആരോപണം
തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ തടസ്സങ്ങൾക്ക് പിന്നിൽ എം.ആർ. അജിത് കുമാറാണെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബോധപൂർവ്വം ഇടപെടൽ നടത്തിയെന്ന് പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു. സിപിഐയും എൽഡിഎഫിൽ ശക്തമായി വിഷയം ഉന്നയിച്ചു. തുടക്കത്തിൽ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു അന്നത്തെ ഇടതുസർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ, പിന്നീട് വിഷയം വൻതോതിൽ ചർച്ചയായതോടെ അന്വേഷണം പ്രഖ്യപിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
രക്ഷാപ്രവർത്തനത്തിലെ അന്വേഷണാട്ടിമറി
നവകേരള യാത്രയ്ക്കിടെ പ്രതിഷേധിക്കാനെത്തിയ കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. നിലവിലെ ആലപ്പുഴ എം.എൽ.എ. എ.ഡി. തോമസ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും കോൺഗ്രസ് പ്രവർത്തകർക്കുമാണ് അന്ന് മർദനമേറ്റത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, ഈ കേസ് അട്ടിമറിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയായ അജിത്കുമാർ ഇടെപട്ടുവെന്നായിരുന്നു പരാതി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ പരാതിയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാൽ, വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കേസിൽ പുനരന്വേഷണം പ്രഖ്യാപിക്കുകയും എസ്പി എ.പി. ഷൗക്കത്തലിയെ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന്, ഷൗക്കത്തലി മേധാവിയായ എസ്‌ഐടി അന്വേഷണംനടത്തി റിപ്പോർട്ട് സമർപ്പിച്ചു. കേസ് അട്ടിമറിക്കാൻ ചില കീഴുദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് അജിത്കുമാർ ഇടപെടൽ നടത്തിയെന്ന് റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടിന്മേൽ നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയത്. തുടർന്നാണ് നടപടി ഉണ്ടായത്.
Content Highlights: ADGP MR Ajith Kumar suspended for sabotaging investigation into Alappuzha rescue operations., Internal SIT report confirms Ajith Kumar manipulated evidence using subordinate officers., The suspension follows long-standing allegations including illegal wealth, phone tapping, and Thrissur Pooram disruption., Political pressure mounted following the probe led by SP AP Shoukathali., The action was finalized after the report was submitted to Home Minister Ramesh Chennithala.