തിരുവനന്തപുരം വിമാനത്താവളത്തിൽ ആഡംബര ഹോട്ടൽ, അദാനി ഗ്രൂപ്പും ഐ.എച്ച്.ജി. ഗ്രൂപ്പും കൈകോർക്കും

പ്രതീകാത്മകചിത്രം | തിരുവനന്തപുരം വിമാനത്താവളം (ഫയല്‍ചിത്രം)
പ്രതീകാത്മകചിത്രം | തിരുവനന്തപുരം വിമാനത്താവളം (ഫയല്‍ചിത്രം)

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ആഡംബര ഹോട്ടൽ നിർമാണത്തിന് അദാനി ഗ്രൂപ്പും ഹോട്ടൽ രംഗത്തെ ആഗോള വമ്പന്മാരായ ഐ.എച്ച്.ജി. ഗ്രൂപ്പും (ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പ്) കൈകോർക്കും. തിരുവനന്തപുരമുൾപ്പെടെ രാജ്യത്ത് അഞ്ചിടത്താണ് വിമാനത്താവളങ്ങളിൽ ഐ.എച്ച്.ജി.യുമായി അദാനി ഗ്രൂപ്പ് പുതിയ ഹോട്ടൽ സമുച്ചയങ്ങൾ നിർമിക്കുന്നത്. അദാനി എയർപോർട്ട് ഹോൾഡിങ്‌സ് ലിമിറ്റഡും ഐ.എച്ച്.ജി. ഹോട്ടൽസ് ആൻഡ് റിസോർട്‌സും ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചു. ഐ.എച്ച്.ജി.യുടെ ആഡംബര ലൈഫ്സ്റ്റൈൽ ബൂട്ടിക്ക് ബ്രാൻഡായ കിംപ്ടൺ ഹോട്ടൽസ് ആൻഡ് റസ്റ്ററന്റ്‌സും ഇതോടെ ഇന്ത്യയിൽ എത്തും.

വിമാനത്താവളനടത്തിപ്പ് ഏറ്റെടുത്തപ്പോൾത്തന്നെ തിരുവനന്തപുരത്ത് ഹോട്ടൽ സമുച്ചയനിർമാണത്തിനായി അദാനി ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. 136.31 കോടി മുടക്കി ചാക്കയിൽ അന്താരാഷ്ട്ര ടെർമിനലിന് മുൻവശമാണ് വമ്പൻ ഹോട്ടൽ സമുച്ചയം നിലവിൽ വരുന്നത്. 33902 ചതുരശ്രമീറ്ററിൽ 240 മുറികളുള്ള പഞ്ചനക്ഷത്രഹോട്ടലായിരിക്കും നിർമിക്കുക. ഉയരമുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിന് നിയന്ത്രണങ്ങളുള്ളതിനാൽ പരമാവധി 23 മീറ്റർ പൊക്കം മാത്രമാണ് ഹോട്ടലിനുണ്ടാവുക. 660 സീറ്റുള്ള കൺവെൻഷൻ സെന്ററും റസ്റ്ററന്റ് അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും.

മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളോട് അനുബന്ധമായി മികച്ച സൗകര്യങ്ങളുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളും കൺവെൻഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഷോപ്പിങ്ങിന് ഉൾപ്പെടെ മികച്ച സൗകര്യങ്ങൾ ഒരുക്കിയായിരിക്കും ഹോട്ടൽ നിർമിക്കുകയെന്നാണ് അദാനി ഗ്രൂപ്പ് നൽകുന്ന സൂചന.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സിറ്റി സൈഡ് ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഹോട്ടൽ നിർമാണം. ഈ പദ്ധതിക്ക് കേന്ദ്രം കഴിഞ്ഞവർഷം പാരിസ്ഥിതികാനുമതി നൽകിയിരുന്നു. തിരുവനന്തപുരത്തിന് പുറമേ ജയ്പുർ, മംഗളൂരു, മുംബൈ മെട്രോപൊളിറ്റൻ മേഖല എന്നിവിടങ്ങളിലായാണ് ഹോട്ടലുകൾ നിർമിക്കുന്നത്. രാജ്യത്ത് വ്യോമയാന-വിനോദസഞ്ചാര മേഖലകളിൽ വൻ വളർച്ച രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരം സഹകരണത്തിന് അദാനി ഗ്രൂപ്പ് തുടക്കമിട്ടിരിക്കുന്നതെന്ന് അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടർ പ്രണവ് അദാനി പറഞ്ഞു. ഐ.എച്ച്.ജി. ഹോട്ടൽസ് ആൻഡ് റിസോർട്‌സിന്‌ നിലവിൽ ഇന്ത്യയിൽ ആറു ബ്രാൻഡുകളിലായി 52 ഹോട്ടലുകളുണ്ട്.

Content Highlights: Strategic partnership between Adani Group and IHG Hotels & Resorts., Development of a 240-room 5-star hotel near the International Terminal in Chacka., Project includes a 660-seat convention center and premium retail facilities., Part of a larger 5-city airport development initiative across India., Budgeted at 136.31 crore with a height restriction of 23 meters.