ഇ.ഡി വന്നപ്പോള്‍ ഭാസുരാംഗതിരെ നടപടി; നാണക്കേടായി, വൈകിവന്ന വിവേകമെന്ന് സിപിഐയില്‍ വിമര്‍ശനം

തിരുവനന്തപുരം: നടപടിയെടുത്തിട്ടും പാര്‍ട്ടിക്ക് ചീത്തപ്പേര് ബാക്കിയാക്കി വൈകിവന്ന വിവേകമായി ഭാസുരാംഗനെതിരേയുള്ള നടപടിയെന്ന് സി.പി.ഐ. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. കണ്ടല സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വന്നപ്പോള്‍ ഭാസുരാംഗനെതിരേ നടപടിയെടുത്ത് പാര്‍ട്ടി ഓടിരക്ഷപ്പെടുന്ന അവസ്ഥയിലായി. പരാതിയും പരിശോധനയും നേരത്തെ നടന്നിട്ടും അക്കാര്യത്തില്‍ പാര്‍ട്ടി നടപടി വൈകിയതാണ് ഈ ആക്ഷേപത്തിന് ഇടയാക്കിയതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇ.ഡി. അന്വേഷണവും ഭാസുരാംഗനെതിരേയുള്ള നടപടിയും തമ്മില്‍ ബന്ധമില്ലെന്ന് സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ കൗണ്‍സില്‍ വിശദീകരിച്ചിരുന്നു. ഈ അന്വേഷണം വരുന്നതിനു മുന്‍പുതന്നെ ഭാസുരാംഗനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണം കൂടി പരിശോധിച്ചാണ് പുറത്താക്കാനുള്ള നടപടിയെടുത്തത്. ഇതിനിടയില്‍ ഇ.ഡി. അന്വേഷണവും ഉണ്ടായെന്നു മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ സമയം തെറ്റിയ നടപടിയെന്നായിരുന്നു ഇത് സംബന്ധിച്ച് നേതാക്കള്‍ യോഗത്തില്‍ പ്രതികരിച്ചത്. കണ്ടല ബാങ്കിലെ പ്രശ്നം കുറേനാളായി ഉയര്‍ന്നുതുടങ്ങിയതാണ്. പ്രാദേശിക നേതൃത്വവും ഭാസുരാംഗനെതിരേ നടപടി വേണമെന്ന നിലപാടുള്ളവരാണ്. എന്നിട്ടും എന്തുകൊണ്ടാണ് നടപടി വൈകിയതെന്നായിരുന്നു നേതാക്കളുടെ ചോദ്യം. ഇത്രയും ആരോപണങ്ങളുണ്ടായപ്പോഴും മില്‍മയില്‍ അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനറാക്കിയതും ചിലര്‍ ചൂണ്ടിക്കാട്ടി.
മില്‍മ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസുകളാണ് ഭാസുരാംഗനെതിരേയുള്ള നടപടി വൈകാന്‍ കാരണമെന്ന് ഇതിന് മാങ്കോട് മറുപടി നല്‍കി.
മില്‍മയുടെ ഭരണം തിരിച്ചുപിടിക്കാനായി യു.ഡി.എഫ്. കേസ് നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അവര്‍ക്ക് അനുകൂലമായാണ് വിധിയുണ്ടായത്. ഇതിനെതിരേ അപ്പീല്‍ നല്‍കിയിരുന്നു. ഇതെല്ലാം ഭാസുരാംഗന്റെ നേതൃത്വത്തിലാണ് നടന്നത്. അത്തരമൊരു ഘട്ടത്തില്‍ അദ്ദേഹത്തിനെതിരേ പാര്‍ട്ടി നടപടിയുണ്ടാകുന്നത് പ്രശ്നമാകുമെന്നതിനാലാണ് വൈകിയത്. നടപടിയെടുക്കാന്‍ നേരത്തെ പാര്‍ട്ടി തീരുമാനിച്ചതാണ്. സംസ്ഥാന നേതൃത്വം ഇക്കാര്യം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടി നോട്ടീസ് നല്‍കിയതെന്നും മാങ്കോട് വിശദീകരിച്ചു.
ഭാസുരാംഗനെതിരേയുള്ള പരാതികളില്‍ പാര്‍ട്ടി പരിശോധന നടത്തി നടപടിക്കൊരുങ്ങുന്നുവെന്നത് മാധ്യമങ്ങളിലെങ്കിലും വാര്‍ത്തയായിരുന്നെങ്കില്‍ ഇപ്പോഴത്തെ നാണക്കേട് ഉണ്ടാകുമായിരുന്നില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് ഇ.ഡി. അന്വേഷണം വന്നപ്പോള്‍ നടപടിയെടുത്തുവെന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു.
നേമം മണ്ഡലം സെക്രട്ടറിയായിരുന്ന കാലടി ജയചന്ദ്രനെതിരേയുള്ള നടപടി ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. കൈവശഭൂമിക്ക് പട്ടയം തരപ്പെടുത്തിത്തരാമെന്നു പറഞ്ഞ് പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജയചന്ദ്രനെ മണ്ഡലം സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തിയിരുന്നു. അദ്ദേഹത്തോടു വിശദീകരണവും തേടിയിരുന്നു. ഈ വിശദീകരണം പരിശോധിച്ച് അടുത്ത കൗണ്‍സില്‍ യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.
കുഴപ്പമുണ്ടാക്കിയത് ഇടതുനേതാവ്- ഭാസുരാംഗൻ
കണ്ടല സഹകരണബാങ്കിൽ കുഴപ്പങ്ങൾ ഉണ്ടാക്കിയത് ഇടതുമുന്നണിയിലെ ഉന്നതനായ നേതാവാണെന്ന് തട്ടിപ്പുകേസിൽ ആരോപണവിധേയനായ എൻ.ഭാസുരാംഗൻ.
ബാങ്കിന് 101 കോടി മൂല്യശോഷണം ഉണ്ടെന്നു വരുത്തിയത് കാട്ടാക്കട മണ്ഡലത്തിൽനിന്നുള്ള ആ നേതാവാണെന്നും പെരുപ്പിച്ച കണക്കാണിതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
26 കോടിയുടെ പ്രശ്‌നമേയുള്ളൂ. കേരള ബാങ്ക് തടഞ്ഞുവെച്ച ഫണ്ട് കിട്ടിയാൽ അതു തീരും. തന്നെ വ്യക്തിപരമായി ഉപദ്രവിക്കാൻ ഒരു ഗൂഢസംഘം ശ്രമിച്ചു. അതിൽ എൽ.ഡി.എഫുകാരും യു.ഡി.എഫുകാരും ബി.ജെ.പി.ക്കാരും ഉണ്ട്. ഇടതുനേതാവിന്റെ വൈരാഗ്യത്തിനുള്ള കാരണം അറിയില്ല. നേതാവിന്റെ പേര് സഹിതം പാർട്ടിക്കു പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരേ പാർട്ടി നടപടിയെടുത്തെങ്കിലും സി.പി.ഐ.ക്കാരനായി തുടരുമെന്നും ഭാസുരാംഗൻ പറഞ്ഞു. ഇ.ഡി. ആവശ്യപ്പെട്ടാൽ ചോദ്യംചെയ്യലിനു ഹാജരാകും.
മൂന്നരപ്പതിറ്റാണ്ടു നീളുന്ന ഒറ്റയാൾഭരണം
മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട ഒറ്റയാൾ ഭരണമാണ് കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ ഇന്നത്തെ ദുർസ്ഥിതിക്കു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
1986-ലാണ് കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി എത്തുന്നത്. തുടർന്ന് ഇങ്ങോട്ട് ബാങ്കിന്റെ സർവാധികാരി ഭാസുരാംഗൻ തന്നെയായിരുന്നു. പാർട്ടികൾ മാറിയെങ്കിലും ബാങ്ക് പ്രസിഡന്റ് സ്ഥാനം മാത്രം മാറിയില്ല.
ധൂർത്തും സാങ്കൽപ്പിക നിക്ഷേപങ്ങളും സംഘത്തിന്റെ അടിത്തറ ഇളക്കിയിട്ടും ഭാസുരാംഗൻ കുലുങ്ങിയില്ല. ഉന്നത രാഷ്ട്രീയനേതാക്കളുമായുള്ള ബന്ധവും സ്വാധീനങ്ങളും തന്നെ സംരക്ഷിക്കുമായിരുന്നുവെന്നായിരുന്നു ധാരണ. എന്നാൽ അപ്രതീക്ഷിതമായുണ്ടായ ഇ.ഡി. ഇടപെടലിലൂടെ പാർട്ടിയും സർക്കാരും കൈവിടുകയായിരുന്നു.
2010 മുതലാണ് സംഘത്തിന്റെ അടിത്തറ ഇളകിത്തുടങ്ങിയത്. ക്ഷീര സഹകരണ സംഘത്തിന് കോടികൾ നൽകിയതിലൂടെ വരുത്തിയ നഷ്ടങ്ങൾക്കു പുറമേ സഹകരണ ആശുപത്രി തുടങ്ങിയതിലും തുടർച്ചയായി പുതിയ വാഹനങ്ങൾ മാറ്റിവാങ്ങുന്നതിലുമെല്ലാം കോടികൾ നഷ്ടമായിക്കൊണ്ടിരുന്നു. ഈ വാഹനങ്ങളെല്ലാം പ്രസിഡന്റിന്റെ സ്വന്തം ആവശ്യത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും ആരോപണമുണ്ട്.
അതുപോലെ എം.ഡി.എസിലെ പണം നിക്ഷേപമാക്കി മാറ്റി ജനങ്ങൾക്ക് പലിശ നൽകിയതിലൂടെ സാങ്കൽപ്പിക നിക്ഷേപങ്ങളും കൂടി. കിട്ടുന്ന പലിശയേക്കാൾ നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ കൂടിയതോടെ സംഘം പതുക്കെ നഷ്ടത്തിലേക്കു നീങ്ങാൻ തുടങ്ങി.
ഇതു ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരോടും ചില ഡയറക്ടർ ബോർഡ് അംഗങ്ങളോടും ശത്രുതയോടെയാണ് പെരുമാറുന്നത്. എതിർത്തു പറയുന്നവരെ ഒതുക്കാൻ പൊതുയോഗങ്ങളിൽ അനുകൂലികളുടെ വൻ സംഘവുമായാണ് എത്തുന്നത്. വാഹനങ്ങൾ മാറ്റി വാങ്ങുന്നതുപോലും പൊതുയോഗ തീരുമാനങ്ങളാക്കി എതിർക്കുന്നവരുടെ വായടപ്പിക്കും.
ഭാസുരാംഗൻ പറയുന്നവർക്ക് എത്ര രൂപയുടെ വായ്പയും ലഭിക്കും. ഈടും തിരിച്ചടവുമൊന്നും വേണ്ട. ഒരു മുൻ വൈസ് പ്രസിഡന്റിന്റെ ഇടപാടുകളിലും ദുരൂഹതയുണ്ടെന്നാണ് അന്വേഷണസംഘങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇദ്ദേഹം എവിടെയെങ്കിലും വലിയ വിലയില്ലാത്ത വസ്തുക്കൾ തന്റെയും സുഹൃത്തുക്കളുടെയും പേരിൽ വാങ്ങും. ഇതു പണയംവെച്ച് കോടികളാണ് വായ്പയെടുത്തിട്ടുള്ളത്. പണയവസ്തുവിന്റെ മൂല്യം വളരെക്കുറവായതിനാൽ ജപ്തിചെയ്താലും പണം തിരികെ കിട്ടില്ല. ഇത്തരത്തിൽ നിരവധി വായ്പകൾ നൽകിയതാണ് സംഘത്തെ തകർച്ചയിലെത്തിച്ചത്.
വാർഷികങ്ങളുടെ പേരിലും വൻ ധൂർത്താണ് ഇവിടെ നടന്നത്. ഹോട്ടൽ ബിസിനസിനായി മാറനല്ലൂർ ജങ്ഷനിൽ ഭാസുരാംഗൻ കെട്ടിടവും വസ്തുവും വാങ്ങിയിരുന്നു. റിയൽ എസ്റ്റേറ്റിലും പണം മുടക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ബന്ധുക്കളുടെ പേരിൽ നഗരങ്ങളിൽ ഫ്ളാറ്റും വീടുകളും വാങ്ങിയിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. മകന്റെ വിവാഹവും ആർഭാടമായിട്ടായിരുന്നു.
Content Highlights: action against bhasurangan-Criticism in cpi meet