റിയാസ് പോപ്പുലർഫ്രണ്ട് നേതാവാണോ? പി.മോഹനൻ ആർഎസ്എസിന്റെ രഹസ്യ ഏജന്റ്;മെക് 7നെ പിന്തുണച്ച് അബിൻ വർക്കി

അബിൻ വർക്കി | Photo: https://www.facebook.com/KeralaPradeshYouthCongressOfficial
അബിൻ വർക്കി | Photo: https://www.facebook.com/KeralaPradeshYouthCongressOfficial

കോഴിക്കോട്: വിവാദങ്ങൾക്കിടെ മെക് സെവൻ കൂട്ടായ്മയെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി. കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ മെക് സെവന്റെ ഭാഗമാകുമെന്ന്, മലപ്പുറം ചോളാരിയിൽ മെക് സെവൻ കൂട്ടായ്മയിൽ പങ്കെടുത്തശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. മെക് സെവനെതിരേ രം​ഗത്തുവന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരേ കടുത്ത വിമർശനവും അബിൻ വർക്കി നടത്തി. 

മെക് സെവനെ അനുകൂലിക്കുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസ് പോപ്പുലർ ഫ്രണ്ട് നേതാവാണോ എന്ന് പി.മോഹനൻ വ്യക്തമാക്കണം. പാർട്ടി പിടിക്കാൻ പി.എ മുഹമ്മദ് റിയാസിനെ മുസ്ലിം എക്സ്ട്രീമിസ്റ്റായി പി.മോഹനൻ ചിത്രീകരിക്കുന്നതായി സിപിഎമ്മിൽ അഭിപ്രായമുണ്ട്. മലബാറിൽ ഹിന്ദു-മുസ്ലിം വർഗീയത ഉണ്ടാക്കാനാണ് മോഹനൻ ശ്രമിക്കുന്നത്. പാർട്ടിയിലെ പ്രശ്നങ്ങളുടെ പേരിൽ നാട്ടിൽ വർഗീയത ഉണ്ടാക്കരുത്. ആർ.എസ്.എസിൻ്റെ രഹസ്യ ഏജൻ്റാണ് പി.മോഹനനും കുടുംബവുമെന്നും മോഹനൻ കേരളത്തിലെ മോഹൻ ഭാഗവത് ആണെന്നും അബിൻ വർക്കി വിമർശിച്ചു.  

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ശരിയായ അന്വേഷണം നടന്നാൽ പ്രതിയെ പി.മോഹനൻ്റെ കട്ടിലിനടിയിൽ നിന്നാണ് കിട്ടുകയെന്നും അ​ദ്ദേഹം ആരോപിച്ചു. 

Content Highlights: abin varkey supporting Mac 7