അഭിമന്യു കൊല്ലപ്പെട്ടിട്ട് 7 വർഷം; വിചാരണ നീളും, നടിയെ ആക്രമിച്ച കേസ് പൂർത്തിയാകാതെ തുടങ്ങില്ല

അഭിമന്യു | ചിത്രം: അജിത് ശങ്കരന്‍, മാതൃഭൂമി
അഭിമന്യു | ചിത്രം: അജിത് ശങ്കരന്‍, മാതൃഭൂമി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നീണ്ടുപോകുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഒൻപതിന് കേസ് പരിഗണിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നടക്കുന്നത്. ഇത് പൂർത്തിയാകാതെ അഭിമന്യു കേസിന്റെ വിചാരണ തുടങ്ങാനാകില്ല. അതിനാൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെടും.

കേസിന്റെ വിചാരണ വൈകുന്നതിനെതിരേ അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി വിചാരണക്കോടതിയുടെ റിപ്പോർട്ടു തേടി. വിചാരണ ഈ നവംബറിനകം പൂർത്തിയാക്കുമെന്ന് വിചാരണക്കോടതി അറിയിച്ചത് രേഖപ്പെടുത്തി അഭിമന്യുവിന്റെ അമ്മ നൽകിയ ഹർജി തീർപ്പാക്കുകയും ചെയ്തിരുന്നു.

ഈ സമയക്രമം പാലിക്കാൻ വിചാരണക്കോടതിക്ക്‌ കഴിയില്ല. 30 പ്രതികളാണുള്ളത്. ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 16 പേർക്കെതിരേ 1500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. 16 പ്രതികളുടെ വിചാരണയാണ് ആദ്യം നടക്കുക. ശേഷിക്കുന്നവയ്ക്ക് കുറ്റപത്രം നൽകിയിട്ടില്ല. ഗൂഢാലോചനയിൽ പങ്കാളിത്തം, ഒളിവിൽ പാർപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിലുള്ളത്. കേസിലെ 30 സാക്ഷികൾ വിദേശത്താണുള്ളത്. വിചാരണയ്ക്ക് ഓൺലൈനായി ഇവരെ ഹാജരാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കും.

കേസിൽ നാലു കുറ്റപത്രങ്ങളാണുള്ളത്. ഇതെല്ലാം ഒരുമിച്ചാകും പരിഗണിക്കുക. 2018 ജൂലായ് രണ്ടിന് രാത്രി പന്ത്രണ്ടരയോടെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. ചുവരെഴുത്തിനെച്ചൊല്ലി എസ്എഫ്‌ഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണം കേസിന്റെ ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. സംഭവത്തിലുൾപ്പെട്ടവരെ പിടികൂടുന്നതിലും താമസമുണ്ടായി. പിന്നീട് അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചു.

കേസിൽ കോടതിയുടെ കസ്റ്റഡിയിൽനിന്ന് 11 രേഖകൾ നഷ്ടമായിരുന്നു. കുറ്റപത്രവും പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റും ഉൾപ്പെടെയാണ് നഷ്ടമായത്. 2023-ലാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് രേഖകളുടെ പകർപ്പ് വീണ്ടും ഹാജരാക്കാൻ നിർദേശിച്ചു. ഇവ പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജാണ് കേസിൽ പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്.

അന്വേഷണത്തിൽ പൂർണതൃപ്തിയെന്ന് കുടുംബം

മൂന്നാർ: അഭിമന്യു കൊലപാതക കേസിലെ അന്വേഷണത്തിൽ പൂർണതൃപ്തിയെന്ന് കുടുംബം. പോലീസ് കൃത്യമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കേസ് ഇപ്പോൾ കോടതിയിലാണ്. നടപടികളിലെ കാലതാമസം സ്വാഭാവികമാണ്. കേസ് നടത്തുന്നതിൽ സിപിഎം ഉത്തരവാദിത്വപൂർണമായ സമീപനമാണ് കൈക്കൊണ്ടത്. അഭിമന്യുവിന്റെ മരണശേഷം കുടുംബത്തിന് പാർട്ടി വലിയപിന്തുണ നൽകി. പാർട്ടിയിലും പോലീസിലും പൂർണവിശ്വാസമുണ്ടെന്ന് സഹോദരൻ പരിജിത് മനോഹരൻ പറഞ്ഞു.

അഭിമന്യുവിന്റെ മരണത്തെ തുടർന്ന് കുടുംബത്തിന് സിപിഎം കൊട്ടാക്കമ്പൂരിൽ വീടുെവച്ച് നൽകിയിരുന്നു. കൂടാതെ സഹോദരൻ പരിജിത്തിന് സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാർ സഹകരണ ബാങ്കിൽ ജോലി നൽകി. മൂന്നരവർഷത്തോളം ജോലിചെയ്തെങ്കിലും പിന്നീട് അദ്ദേഹം ജോലി ഉപേക്ഷിച്ചു.

Content Highlights: Abhimanyu Murder Case: Trial Delays Spark Family's High Court Plea in Kochi