യെച്ചൂരി തുടരും, വിജയരാഘവന്‍ പി.ബിയില്‍; കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍നിന്ന് നാല് പുതുമുഖങ്ങള്‍

ഫോട്ടോ: മാതൃഭൂമി
ഫോട്ടോ: മാതൃഭൂമി

കണ്ണൂര്‍: സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും. മൂന്നാം തവണയാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് എ വിജയരാഘവനെ സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തു. സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് ഇത്തവണ കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങളാണ് എത്തുന്നത്. കെഎന്‍ ബാലഗോപാല്‍, പി സതീദേവി, പി രാജീവ്, സിഎസ് സുജാത എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍. 

പി.കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവരാണ് സി.സിയില്‍ സ്ഥാനമൊഴിയുന്ന മലയാളികള്‍. അവരുടെ പകരക്കാരാണ് ബാലഗോപാലും രാജീവും. എംസി ജോസഫൈനായിരുന്നു ഒഴിയുന്ന മറ്റൊരു അംഗം. ഇവര്‍ക്ക് പകരമായി കേന്ദ്രകമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം കൂട്ടുന്നതിന്റെ ഭാഗാമായാണ് പി സതീദേവിയേയും സിഎസ് സുജാതയേയും തിരഞ്ഞെടുത്തത്. 

കേരളത്തില്‍ നിന്നുള്ള നാല് പേരുള്‍പ്പെടെ 17 പുതുമുഖങ്ങളാണ് കേന്ദ്രകമ്മിറ്റിയിലെത്തിയിരിക്കുന്നത്. എ വിജയരാഘവനെ കൂടാതെ കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെ,രാമചന്ദ്ര ദോംഎന്നിവരാണ് പി.ബിയിലെ മറ്റ്  പുതുമുഖങ്ങള്‍.

ബാംഗാളില്‍ നിന്നുള്ള രാമചന്ദ്ര ദോം പോളിറ്റ് ബ്യൂറോയിലെ ആദ്യ ദളിത് അംഗമാണ്. 

Content Highlights: A Vijayaraghavan elected to CPIM Politburo, four new faces in Central committee from Kerala