'ചെറ്റത്തരം' പരാമർശം; മുഖ്യമന്ത്രിയുടേത് ചാരുതയാർന്ന വാക്പ്രയോഗം- എ. വിജയരാഘവൻ

മലപ്പുറം: കണ്ണീരിന്റെ നനവും നിരാശയുടെ നിശ്വാസവുമാണ് കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. വർഗീയതയുമായി കീഴ്പ്പെട്ടല്ലാതെ കോൺഗ്രസ്സിന് മുന്നോട്ടുപോകാനാകില്ല. അതുമായി സഹകരിച്ചാണ് യു.ഡി.എഫിന്റെ വ്യക്തിത്വവും നയവുമെന്നും വിജയരാഘവൻ പറഞ്ഞു. സ്ഥാനാർഥിനിർണയം യു.ഡി.എഫിന് വർഗീയവിപുലീകരണത്തിന്റെ ആയുധമാണ്. 'മതമാണ് പ്രശ്‌നം' എന്ന് പ്രസംഗിക്കുന്ന നേതാക്കൾക്ക് സുരക്ഷിതമണ്ഡലം നൽകുന്നു. എൽ.ഡി.എഫ്. സർക്കാർ ഒരുലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ 'മീറ്റ് ദി ലീഡർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.
മുൻപില്ലാത്തവിധം സി.പി.എമ്മിൽനിന്ന് നേതാക്കൾ പുറത്തുപോകുന്നു.
ബൂർഷ്വാ സമൂഹത്തിലാണ് കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. ആഗോളവത്കരണത്തിന്റെ മൂല്യബോധമാണിന്നുള്ളത്. അതിന്റെ ഫലമാണിത്. അത്തരം മൂല്യബോധങ്ങളുമായി പാർട്ടി സന്ധിചെയ്യില്ല. കമ്യുണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അച്ചടക്കംവേണം. വ്യക്തിപരമല്ല, സമൂഹനന്മയാണ് പ്രധാനം. ജീവിതശൈലിയിൽ പരിശോധന വേണമെന്ന ഓർമപ്പെടുത്തൽ കൂടിയായി ഇക്കാര്യത്തെ കാണുന്നു.
പാലക്കാടടക്കം 10 സീറ്റിൽ സി.പി.എം-ബി.ജെ.പി. ഡീലുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം
സതീശന്റെ വാക്കിനുവിലയില്ല എന്നതിന്റെ തെളിവാണത്. കേരളത്തിലെ എല്ലാ മണ്ഡലത്തിലും ബി.ജെ.പി.യെയും യു.ഡി.എഫിനെയും തോല്പിക്കാനാണ് എൽ.ഡി.എഫ്. സ്ഥാനാർഥികളെ നിർത്തുന്നത്. പാലക്കാട്ടെ എൽ.ഡി.എഫ്. സ്ഥാനാർഥിയെക്കുറിച്ച് ജനങ്ങൾക്ക് നല്ല അഭിപ്രായമാണ്. ബി.ജെ.പി.യുമായി ഡീൽ നടത്താത്ത ഒരു കെ.പി.സി.സി. നേതാവും കേരളത്തിലില്ല.
പാണക്കാട് സാദിഖലി തങ്ങൾക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട് ശ്രദ്ധയിൽപ്പെട്ടിരുന്നോ
സാമൂഹിക മാധ്യമങ്ങളിൽ ആർക്കെതിരേയാണ് പോസ്റ്റിടാൻ പറ്റാത്തത്. ഞാനൊക്കെ ഒരു പോസ്റ്റിട്ടാൽ അധിക്ഷേപക്കാരായ 1,500-പേരെങ്കിലും ആദ്യമെത്തും. അതിനായി ഒരുവിഭാഗംതന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഏത് മാന്യനെയും അപകീർത്തിപ്പെടുത്താമെന്നാണ് അവരുടെരീതി. സാദിഖലി തങ്ങൾ മാന്യമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളല്ലേ; അദ്ദേഹത്തോട് രാഷ്ട്രീയവിയോജിപ്പുകളുണ്ടാകാം. എന്നുകരുതി വ്യക്തിപരമായല്ല നേരിടേണ്ടത്.
മുഖ്യമന്ത്രിയുടേത് ചാരുതയാർന്ന വാക്പ്രയോഗം
സിപിഎം വിട്ട ജി. സുധാകരനെതിരേ മുഖ്യമന്ത്രി നടത്തിയ 'ചെറ്റത്തരം' പരാമർശത്തിലും എ. വിജയരാഘവൻ വിശദീകരണം നൽകി.
''ഏത് വാക്കിനും അതിന്റെ പ്രയോഗപരതയുണ്ട്. ചിലതിന് ചില സന്ദർഭത്തിലാണ് പ്രയോഗപരത. ഉദാഹരണമായി അശ്ലീലം എന്ന വാക്കിന്റെ അർഥമെടുക്കാം. ഉപയോഗക്ഷമതയിലാണ് ശ്ലീലവും അശ്ലീലവുമെന്ന് അതിർവരമ്പുള്ളത്. ഒരു സംഗതിയെ എങ്ങനെ പ്രയോഗിക്കുന്നുവെന്നാണ് നോക്കുക. അശ്ലീലത്തെ എങ്ങനെ വീക്ഷിക്കുന്നു എന്നതിലാണ് കാര്യം. മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. വാക്കിന്റെ പ്രയോഗത്തിന്റെ ചാരുത ആ സന്ദർഭവുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ട് ആ സന്ദർഭവുമായി ബന്ധപ്പെടുത്തിയാൽ ചാരുതയുള്ള ഒരു വാക്പ്രയോഗമാണ് മുഖ്യമന്ത്രി നടത്തിയത്. ദോഷൈകദൃക്കുകൾക്ക് അവരുടെ ദൃഷ്ടിക്കനുസരിച്ചാണ് അതിനെ വ്യാഖ്യാനിക്കാനാകുക. ആ വ്യാഖ്യാനമാണ് കേരളത്തിലെ ചില മാധ്യമങ്ങൾ നടത്തിയത്. തെളിമയുള്ള രാഷ്ട്രീയനിലപാടിന്റെ അഭാവം പരിഹരിക്കാൻ യു.ഡി.എഫ്. നേതാക്കൾ ആവർത്തിച്ച് വ്യാജപ്രചാരണം നടത്തുകയാണ്. വി.ഡി. സതീശൻ പറയുന്ന കളവ് രമേശ് ചെന്നിത്തലയും സണ്ണി ജോസഫും കെ.സി. വേണുഗോപാലും ഏറ്റുപിടിക്കുന്നു. വാക്കിനുവിലയില്ലാത്ത പ്രതിപക്ഷനേതാവാണ് വി.ഡി. സതീശൻ''- അദ്ദേഹം പറഞ്ഞു.
Content Highlights: A. Vijayaraghavan labels the Congress candidate list as communal., Claims UDF is compromising secular values for electoral gain., Defends LDF's infrastructure development worth 1 lakh crore., Dismisses allegations of CPM-BJP deals as baseless propaganda., Defends the Chief Minister's recent controversial remarks.