വല്യ കാറില്‍ പോകണോ, കുഞ്ഞിക്കാറ് പോരെ? വഴിയടച്ച് സമ്മേളനം നടത്തിയതിന് വിജയരാഘവന്റെ വിചിത്ര ന്യായം

കൊച്ചി: വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി പാര്‍ട്ടി സമ്മേളനം നടത്തിയ വിഷയത്തില്‍ വിചിത്ര ന്യായവുമായി സിപിഎം നേതാവ് വിജയരാഘവന്‍. വിഷയത്തില്‍ കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതമായിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് എ. വിജയരാഘവന്റെ പരാമര്‍ശം. കുന്നംകുളം ഏരിയ സമ്മേളനത്തിലാണ് വിജയരാഘവന്റെ വിചിത്രന്യായം.
കേച്ചേരിയില്‍ സമ്മേളനം നടക്കുന്ന സ്ഥലത്തെ റോഡില്‍ ട്രാഫിക് ബ്ലോക്കുണ്ട്. അതിന് കാരണം പാര്‍ട്ടി സമ്മേളനം കാരണമാണോ എന്ന് ചോദിച്ചാണ് വിജയരാഘവന്‍ വിഷയം എടുത്തിട്ടത്. റോഡിലൂടെ കാറോടിക്കാനുള്ള അവകാശം പോലെ തന്നെയാണ് സാധാരണക്കാര്‍ക്ക് റോഡില്‍ ജാഥ നടത്താനുള്ള അവകാശവും അനുവദിച്ച് തരണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു.
വിജയരാഘവന്റെ പ്രസംഗത്തില്‍ നിന്ന്: ഇങ്ങനെ ഒരു മൈതാനം കിട്ടിയില്ലേ, അപ്പോ റോഡ് വക്കില്‍ ഒരു പൊതുയോഗം വെച്ച് സഹിച്ചൂടെ? റോഡ് വക്കില്‍ മാര്‍ക്കിസ്റ്റുകാര്‍ ഒരു പൊതുയോഗം വെച്ചു. കാറ് പോകാത്ത റോഡില്‍ സ്റ്റേജ് കെട്ടി പൊതുയോഗം വെച്ചു. കുടുങ്ങിയില്ലേ മനുഷ്യന്‍, എന്തൊരു ട്രാഫിക് ജാം. അല്ലെങ്കില്‍ ഇവിടെ ട്രാഫിക് ജാമുണ്ടാകില്ലേ? ഇന്നുംകൂടി ഇവിടെ ഒരു ട്രാഫിക് ജാം ഉണ്ടായി നമ്മുടെ പൊതുയോഗത്തിന് മുന്നെ, അല്ലെങ്കില്‍ ഈ കേച്ചേരിയില്‍ ട്രാഫിക് ജാമുണ്ടാകാറില്ലേ? ഉണ്ട് ഞാന്‍ ഇതിലെപോകുമ്പോള്‍ ഇടയ്ക്ക് കാണാറുണ്ട്. പത്ത് മനുഷ്യന്‍ പോകാന്‍ ഇത്ര സ്ഥലം പോരെ?
പത്ത് കാറ് പോകാന്‍ എത്രസ്ഥലം വേണം ഇങ്ങളൊന്നാലോചിച്ച് നോക്കിയേ, അതാരും പറയണില്ല. ഇവരെല്ലാരും കൂടി ഈ കാറില്‍ പോകേണ്ട കാര്യമുണ്ടോ? നടന്നുപോയാല്‍പോരെ. പണ്ടൊക്കെ നമ്മള്‍ നടന്നുപോകാറില്ലേ. ഇത്ര കാറുപോകണുണ്ടല്ലോ എന്നാരെങ്കിലും ചോയ്ക്കലുണ്ടോ ഇല്ലല്ലോ. എന്നാ ഇത്ര വല്യ കാറില്‍ പോകണോ? ഒരു കുഞ്ഞിക്കാറില്‍ പോയാല്‍ പോരെ. വലിയ കാറില്‍ പോകുമ്പോള്‍ അത്രയും സ്ഥലം പോകുകയല്ലെ. 25 കാര്‍ പോകുമ്പോള്‍ 25 ആളെ പോകുന്നുള്ളൂ എന്നതാണ് സത്യം.'
മെല്ലെ ഇങ്ങനെ ഉരുട്ടി പോണുണ്ടാകും. ഞായറാഴ്ച തിരക്ക് കുറവാണ്. അമ്മായിയമ്മയുടെ വീട്ടിലും മറ്റും പോവുകയാണ്. കാര്യം പറഞ്ഞും സല്ലപിച്ചും പതിയെ പോകും. അത്യാവശ്യത്തിന് പോകുന്നവര്‍ വളരെ കുറവാണ്. ഞാനതിന് എതിരൊന്നുമല്ല. കാറുള്ളവന്‍ കാറില്‍ പോകും. കാറുള്ളവന്‍ കാറില്‍ പോകുന്നതുപോലെ തന്നെ പാവങ്ങള്‍ക്ക് ഒരു ജാഥ നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ചുതരണമെന്ന് വളരെ വിനയപൂര്‍വം ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.
Content Highlights: A Vijayaraghavan Controversial Justification for Vanchiyoor road blockade