വർഗീയശക്തികളുമായി ഡീൽ, വോട്ടുകച്ചവടം; സതീശൻ ഹോൾസെയിൽ ഡീലർ -എ. വിജയരാഘവൻ

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിൽ വർഗീയശക്തികളുമായി ഡീലുണ്ടാക്കി വോട്ടുകച്ചവടം നടത്തുന്നത് യു.ഡി.എഫാണെന്നും വി.ഡി. സതീശൻ ഹോൾസെയിൽ ഡീലറാണെന്നും സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. ജനകീയ സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരൻ പിന്നീട് യു.ഡി.എഫ്. സ്ഥാനാർഥിയായി. ഇപ്പോൾ പറയുന്നു, ബി.ജെ.പി. വോട്ടുകൂടി തനിക്ക് കിട്ടണമെന്ന്. യു.ഡി.എഫ്. സ്ഥാനാർഥിക്ക് ബി.ജെ.പി. വോട്ടെങ്ങനെ കിട്ടും. ഡീൽ ഉള്ളതുകൊണ്ടാണിതെന്ന് വ്യക്തമാണ്-വിജയരാഘവൻ ആരോപിച്ചു.
വർഗീയത പറഞ്ഞ് സംഘപരിവാറാണ് സാധാരണ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കാറുള്ളത്. എന്നാൽ, പാലക്കാട്ട് വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നത് യു.ഡി.എഫാണ്. എൽ.ഡി.എഫ്. വോട്ടിനൊപ്പം മികച്ച ഒരു സ്വതന്ത്രസ്ഥാനാർഥി വന്നാൽ പാലക്കാട് പിടിച്ചെടുക്കാനാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.എം.ആർ. റസാഖിനെ സ്ഥാനാർഥിയാക്കിയത്. തോൽവി ഭയന്ന് വർഗീയവത്കരിക്കാനാണ് യു.ഡി.എഫ്. ശ്രമം. പ്രതിപക്ഷത്തിന് മുഖം നഷ്ടമായെന്നും മൂർച്ചയില്ലാതായെന്നും എ. വിജയരാഘവൻ ആരോപിച്ചു.
Content Highlights: A. Vijayaraghavan labels VD Satheesan a wholesale dealer of communal vote trading., Allegations of secret deals between UDF and BJP in assembly elections., Accusation that UDF is communalizing the Palakkad election due to fear of defeat., LDF strategy focuses on fielding a strong independent candidate to secure a win.