മരണത്തിലും തണലായി ദേവപ്രയാഗ്; ഒൻപത് വയസുകാരന്റെ അവയവങ്ങൾ ദാനംചെയ്തു

#ന്യൂസ് ഡെസ്ക്
ദേവപ്രയാഗ്
ദേവപ്രയാഗ്

തിരുവനന്തപുരം: നിലമേലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച ഒൻപതു വയസുകാരൻ ദേവപ്രയാഗിന്റെ അവയവങ്ങൾ ദാനംചെയ്തു. തിരുവനന്തപുരം തിരുമല ആറാമടയിൽ നെടുമ്പറത്ത് വീട്ടിൽ ബിച്ചുചന്ദ്രന്റെയും സി.എം. അഖിലയുടെയും മകനാണ് ദേവപ്രയാഗ്.

ദേവപ്രയാഗിന്റെ ഒരു വൃക്ക, കരൾ, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനംചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ രോഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരത്തെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ രോഗിയ്ക്കുമാണ് നൽകിയത്.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ദേവപ്രയാഗിന് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ഇക്കഴിഞ്ഞ ഡിസംബർ 15-ന് കൊല്ലം നിലമേലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ദേവപ്രയാഗിന്റെ അച്ഛൻ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷ് വേണുഗോപാലും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. കാറിലുണ്ടായിരുന്ന ദേവപ്രയാഗിന്റെ നില അതീവഗുരുതരവാസ്ഥയിലായിരുന്നു. മൂന്നുപേരേയും ഉടൻതന്നെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഗുരുതരാവസ്ഥ തുടർന്ന ദേവപ്രയാഗിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 18-ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയും കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയുമായിരുന്നു.

ഡിസംബർ15-ന് ആറരയ്ക്കാണ് അപകടം സംഭവിച്ചത്. കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായാണ് കാർ കൂട്ടിയിടിച്ചത്. ശാന്തിനികേതൻ സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർത്ഥിയാണ് ദേവപ്രയാഗ്. ദേവപ്രയാഗിന്റെ അമ്മ സി.എം അഖില കലക്ടറേറ്റിൽ ആർടിഒ ഓഫീസിൽ ജോലി ചെയ്യുകയാണ്. ബിജു ചന്ദ്രൻ, ബീന എന്നിവർ ബിച്ചു ചന്ദ്രന്റെ സഹോദരങ്ങളാണ്.

Content Highlights: A 9-year-old boy, Devaprayag, donated his vital organs after being declared brain dead following a tragic road accident. His family`s selfless act brings hope to many.