എംഎസ്‌സി എൽസ-3; നഷ്ടപരിഹാരക്കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് എതിരല്ലെന്ന് സർക്കാരിന്റെ വിലയിരുത്തൽ

കൊച്ചി: കേരളതീരത്ത് അറബിക്കടലിൽ എംഎസ്‌സി എൽസ-3 കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് എതിരല്ലെന്ന് സർക്കാരിന്റെ വിലയിരുത്തൽ.

കേരളതീരത്തുനിന്ന് 14.5 നോട്ടിക്കൽ മൈൽ അപ്പുറത്ത് കപ്പൽ മുങ്ങിയതിനാൽ സംസ്ഥാനസർക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് ഫയൽചെയ്യാനാകില്ല എന്നതടക്കമുള്ള കപ്പൽക്കമ്പനിയുടെ വാദം കോടതി തള്ളിയിരുന്നു. സമുദ്രാതിർത്തിക്കു പുറത്താണ് അപകടമെങ്കിലും പ്രത്യാഘാതം സംസ്ഥാനസർക്കാർ നേരിടുന്നതിനാൽ ഹർജി നൽകാമെന്ന് കോടതി വിലയിരുത്തി. ഇതുകാരണമുള്ള നഷ്ടം, പുനരുദ്ധാരണച്ചെലവ് എന്നിവ തിട്ടപ്പെടുത്തേണ്ടത് വിചാരണയിലാണെന്നും കോടതി പറഞ്ഞു.

കപ്പലിലെ എണ്ണ ചോർന്ന് കടലിലുണ്ടായ മലിനീകരണത്തിന്റെ പേരിലാണ് സർക്കാർ ക്ലെയിം. എന്നാൽ, ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഇത്ര ഉയർന്ന തുക കണക്കാക്കാനാകില്ലെന്ന് കോടതി വിലയിരുത്തി. എണ്ണച്ചോർച്ചയുടെപേരിൽ തത്കാലം 500 കോടി രൂപ സെക്യൂരിറ്റിയായി നൽകിയാൽ മതിയെന്നും നിർദേശിച്ചു.

ഇനംതിരിച്ച് സർക്കാർ ആവശ്യപ്പെട്ടതും കോടതി അംഗീകരിച്ചതുമായ തുക (കോടിയിൽ)

* എണ്ണച്ചോർച്ച 8554.39 500

* കാർഗോ മലിനീകരണം 1.38 1.38

* മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെലവ് 1.38 1.38

* മലിനീകരണ നിയന്ത്രണ ബോർഡിന് ഭാവിയിലുണ്ടാകുന്ന ചെലവ് 18 3

* ഫിഷറീസ് വകുപ്പിന് പഠനത്തിനുള്ള ചെലവ് 0.45 0.45

* രാസവസ്തുമലിനീകരണം തടയാനുള്ള പ്രവർത്തനം 152.10 00

* പ്ലാസ്റ്റിക് മലിനീകരണം 56.10 56.10

* മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടം 349 349

* മത്സ്യബന്ധന മേഖലയ്ക്കുണ്ടായ നഷ്ടം 71 71

* മീൻപിടിത്തനിരോധനംമൂലം മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടം 106.51 54.93

ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാം

: എംഎസ്‌സി കമ്പനിക്ക്‌ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാം. ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനും മാരിടൈം നിയമം അനുവദിക്കുന്നുണ്ട്. ഇന്ത്യൻ കോടതിയുടെ ഉത്തരവ് വിദേശ കപ്പൽക്കമ്പനികൾക്കും ബാധകമാണ്.

മലിനീകരണത്തിന് വൻനഷ്ടപരിഹാരം

കപ്പലപകടംമൂലമുണ്ടാകുന്ന മലിനീകരണത്തിന് ഉയർന്ന നഷ്ടപരിഹാരമാണ് അന്താരാഷ്ട്രതലത്തിൽ കോടതികൾ വിധിക്കുന്നത്. മലിനീകരണം മാരിടൈം നിയമപ്രകാരമുള്ള ബാധ്യതയിലുള്ള നിയന്ത്രണം (ലിമിറ്റേഷൻ ഓഫ് ലയബലിറ്റി) ബാധകമല്ല എന്നതിനാണിത്. 2021-ൽ സിംഗപ്പൂർ കപ്പൽ ശ്രീലങ്കൻ തീരത്ത് കത്തി മുങ്ങിയ സംഭവത്തിൽ ശ്രീലങ്കൻ സുപ്രീംകോടതി നഷ്ടപരിഹാരമായി കഴിഞ്ഞ ജൂലായിൽ ചുമത്തിയത് ഒരു ബില്യൻ യുഎസ് ഡോളർ (ഏകദേശം 8800 കോടി രൂപ) ആയിരുന്നെന്ന് മാരിടൈം നിയമവിദഗ്ധനായ അഡ്വ. വി.ജെ. മാത്യു പറഞ്ഞു.

Content Highlights: Government assesses that the High Court's interim ruling is not against on msc elsa3 case