ഇരുപക്ഷത്തും എത്രപേര്? കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിലെ ഭൂരിപക്ഷത്തെച്ചൊല്ലി തർക്കം

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പും അതിൽ രണ്ടുപക്ഷത്തും നിലയുറപ്പിച്ച നേതാക്കളുടെ എണ്ണവും തർക്കവിഷയമാക്കി സിപിഎമ്മും സിപിഐയും. 1964-ൽ ഇ.എം.എസും എ.കെ.ജി.യും വി.എസും അടങ്ങുന്ന 32 പേർ സിപിഐയുടെ നാഷണൽ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്നപ്പോൾ, 33 പേർമാത്രമാണ് അവിടെ ബാക്കിയുണ്ടായിരുന്നതെന്നാണ് സിപിഎം മുഖമാസികയായ ‘ചിന്ത’യിലെ ലേഖനത്തിലെ വാദം. പുതിയ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ തെറ്റായ ചരിത്രം തീർക്കുന്നുവെന്നാണ് ഇതിന് സിപിഐ മുഖമാസികയായ ‘നവയുഗ’ത്തിലെ മറുപടി. ‘നവയുഗ’ത്തിൽ സത്യൻ മൊകേരിയാണ് ചിന്തയ്ക്കുള്ള മറുപടി തയ്യാറാക്കിയത്.
1964 ഏപ്രിൽ 11-ന് ചേർന്ന സിപിഐയുടെ നാഷണൽ കൗൺസിലിൽനിന്ന് 32 പേർ ഇറങ്ങിപ്പോയി. ആകെ പങ്കെടുത്തത് 65 പേരായിരുന്നു. അതിൽനിന്നാണ് 32 പേർ ഇറങ്ങിപ്പോയത്. അതായത് ഔദ്യോഗിക പക്ഷത്ത് അപ്പോൾ അവശേഷിച്ചത് 33 പേർ. ഒരാളിന്റെ ഭൂരിപക്ഷമേ ഔദ്യോഗികപക്ഷത്തിന് ഉണ്ടായിരുന്നുള്ളൂവെന്നർഥം -‘ആ 32 പേരിൽ അവശേഷിച്ചയാൾ’ എന്ന ലേഖനത്തിലാണ് ഇങ്ങനെ പറയുന്നത്. പിളർപ്പിന് കാരണമായ ആശയത്തർക്കത്തെക്കുറിച്ചും ചിന്ത ലേഖനം വിശദീകരിക്കുന്നു.
ഇതിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് സത്യൻ മൊകേരി രംഗത്തുവരുന്നത്. ‘1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ 95 പേർ പങ്കെടുത്തു. 32 പേർ ഇറങ്ങിപ്പോയി. 63 പേർ തുടർന്നു. ഇറങ്ങിപ്പോയ 32 പേർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാനും തീരുമാനിച്ചു. വസ്തുത ഇതായിരിക്കെയാണ് ഒരാളുടെ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂവെന്ന് ചിന്ത രേഖപ്പെടുത്തിയത്. കമ്യൂണിസ്റ്റ് സംഘടനാതത്ത്വങ്ങൾ അനുസരിച്ച് ന്യൂനപക്ഷം ഭൂരിപക്ഷതീരുമാനത്തിന് വഴങ്ങേണ്ടതാണ്. ഇത് ലംഘിച്ചുകൊണ്ട് 32 പേർ ഇറങ്ങിപ്പോക്ക് നടത്തിയതിനെ പുതിയ കണക്കിൽ അവതരിപ്പിച്ച് ന്യായീകരിക്കുന്നത് ചരിത്രത്തോടുള്ള വഞ്ചനയാണ് - സത്യൻ മൊകേരി പറയുന്നു.
Content Highlights: CPI-CPM Split of 1964: A Contested History