ഈന്തപ്പഴ വിതരണം; സര്‍ക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടി

#ആര്‍.ശ്രീജിത്ത് / മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം, ഫോട്ടോ:രാമനാഥ് പൈ, മാതൃഭൂമി
പ്രതീകാത്മക ചിത്രം, ഫോട്ടോ:രാമനാഥ് പൈ, മാതൃഭൂമി

തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് വഴി കൊണ്ടുവന്ന ഈന്തപ്പഴം എവിടെയെല്ലാം വിതരണം ചെയ്തുവെന്ന കാര്യത്തില്‍ കസ്റ്റംസ് സര്‍ക്കാരിനോട് വിശദീകരണം തേടി. സാമൂഹ്യനീതി വകുപ്പിനാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്. 

17,000 കിലോ ഈന്തപ്പഴം സംസ്ഥാനത്തേക്ക് നയതന്ത്രചാനല്‍ വഴി കൊണ്ടുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ ഈന്തപ്പഴം സെ്‌പെഷ്യല്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തതായുളള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ സ്‌കൂളുകളുടെ ചുമതലയുളള സാമൂഹ്യനീതി വകുപ്പിന് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്. 

ഏതൊക്കെ സ്‌കൂളില്‍ കൊടുത്തു, ഏതൊക്കെ സ്ഥലങ്ങളിലെ സ്‌കൂളുകളിലാണ് ഈന്തപ്പഴം വിതരണം നടത്തിയത്, എങ്ങനെയാണ് വിതരണം ചെയതത് എന്നീ കാര്യങ്ങളാണ് കസ്റ്റംസ് ആരാഞ്ഞിരിക്കുന്നത്. നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈന്തപ്പഴം വിതരണം നടത്തിയതിന്റെ വിവരശേഖരണം സാമൂഹ്യനീതിവകുപ്പ് ആരംഭിച്ചിട്ടുണ്ട്. 

ഇതുവരെ യു.എ.ഇ.കോണ്‍സുലേറ്റില്‍ നിന്ന് നികുതിയിളവിന് വേണ്ടി ആവശ്യപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് നല്‍കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 2017-വരെ യു.എ.ഇ. കോണ്‍സുലേറ്റ് ആവശ്യപ്പെട്ട നികുതിയിളവ് സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ കസ്റ്റംസിന് കൈമാറിയിരുന്നു. ഈ രേഖകളുടെ കൂട്ടത്തില്‍ 17,000 കിലോ ഈന്തപ്പഴത്തിന്റെ വിവരങ്ങളുമുണ്ട്.

നികുതിയിളവിനായി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച യു.എ.ഇ. കോണ്‍സുലേറ്റ് ഈന്തപ്പഴം കൊണ്ടുവരുന്നത് കോണ്‍സുലേറ്റ് ആവശ്യങ്ങള്‍ക്കാണെന്നാണ് അറിയിച്ചത്. ഇപ്രകാരം നികുതിയിളവ് ലഭിച്ച വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. പുറത്ത് വിതരണം ചെയ്യണമെങ്കില്‍ നികുതി നല്‍കേണ്ടതുണ്ട്. 

എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാന്‍ സാധിക്കില്ല. കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിനാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാനുളള അധികാരം. 

Content Highlights:17,000 kg dates in 3.5 years; Customs send notice to social justice department

Content Highlights: